കുഞ്ഞുങ്ങളുടെ മൃതദേഹം ആംബൂലൻസിൽ നിന്നുമിറക്കുന്നു. ഇൻസെറ്റിൽ അഭിനവ്, അനുരുദ്ധ്
ഷൊര്‍ണൂര്‍: കുഞ്ഞിളം പൈതലുകളുടെ മൃതദേഹം വെള്ളത്തുണിയില്‍ പൊതിഞ്ഞുകെട്ടി കൊണ്ടുവന്നപ്പോള്‍ കാണാനെത്തിയവരുടെ കണ്ണ് നനഞ്ഞു. കാത്തുനിന്ന അമ്മമാരെല്ലാവരും അലമുറയിട്ട് കരഞ്ഞു. അതോടൊപ്പം അതുവരെ മൂടിക്കെട്ടിനിന്ന മേഘവും ആര്‍ത്തലച്ച് പെയ്തു. ആംബുലന്‍സില്‍നിന്ന് സ്ട്രച്ചറില്‍ രണ്ടുപേരെയും ചേര്‍ത്തുകിടത്തി ഉമ്മറക്കോലായില്‍ വെച്ചു. അച്ഛനെയും അച്ഛന്റെ അമ്മയെയും മുത്തശ്ശിയെയും കാത്തുനിന്നവരെയും അവസാനമായി കാണിക്കാനായി 15 മിനിറ്റോളം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. എന്റെ കുട്ടികള്‍ തണുത്തല്ലോ എന്ന് പറഞ്ഞായിരുന്നു അച്ഛന്‍ വിനോദ് അലമുറയിട്ട് കരഞ്ഞത്. ഇത് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. ഒരുവയസ്സുകാരന്‍ അഭിനവിന്റെയും അനിരുദ്ധിന്റെയും കവിളില്‍ അച്ഛന്‍ അന്ത്യചുംബനം നല്‍കി.
ഉച്ചയ്ക്ക് ഒരുമണിയോടെ ഇരുവരുടെയും മൃതദേഹം വീട്ടിലെത്തിച്ചു. മഞ്ഞക്കാട് പരിയംതൊടി വെളുത്തേടത്ത് വിനോദിന്റെയും ദിവ്യയുടെയും മക്കളായ അനുരുദ്ധ് (4), അഭിനവ് (1) എന്നിവരാണ് മരിച്ചത്. അമ്മയായ ദിവ്യ രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയശേഷം ദിവ്യയും കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സംഭവമറിഞ്ഞ് വീട്ടിലുണ്ടായിരുന്ന വിനോദിന്റെ അമ്മമ്മ അമ്മിണി അമ്മയും (75) കൈ മുറിച്ചിരുന്നു. ഞായറാഴ്ചപുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. പൊതുദര്‍ശനത്തിന് ശേഷം ഷൊര്‍ണൂര്‍ നഗരസഭാ ശ്മശാനത്തില്‍ അടുത്തടുത്തായി കുഴിയെടുത്ത് സംസ്‌കരിച്ചു. പി. മമ്മിക്കുട്ടി എം.എല്‍.എ., നഗരസഭാധ്യക്ഷന്‍ എം.കെ. ജയപ്രകാശ് എന്നിവര്‍ വീട്ടിലെത്തിയിരുന്നു.
ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ അമ്മയെ അറസ്റ്റ് ചെയ്യും
ഷൊര്‍ണൂര്‍: കുഞ്ഞുങ്ങള്‍ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിണ മുഖത്ത് അമര്‍ത്തിയാണ് കൊലനടത്തിയതെന്ന് കുട്ടികളുടെ അമ്മയുടെ മൊഴി ശരിയാണെന്നതാണ് പ്രാഥമികമായുള്ള പോലീസ് നിഗമനം.
കുട്ടികള്‍ക്ക് വിഷം നല്‍കിയിട്ടുണ്ടെന്നുള്ള യുവതിയുടെ മൊഴികൂടി വ്യക്തമാകാന്‍ ആന്തരികാവയവങ്ങളുടെ പരിശോധന പൂര്‍ത്തിയാകണമെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
അമ്മ ദിവ്യ ആത്മഹത്യാശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലായതിനാല്‍ ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ അറസ്റ്റുണ്ടാകുമെന്ന് സി.ഐ. പി. ഗോപകുമാര്‍ പറഞ്ഞു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദിവ്യയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..