കൊലപാതകം നടന്ന സ്ഥലം | Photo: Screengrab
പാലക്കാട്: മമ്പറത്ത് ആര്.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണിനെയാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സഞ്ജിത് വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.
ഒളിവില്‍ കഴിഞ്ഞിരുന്ന ഹാറൂണിനായി ഒരുമാസം മുമ്പ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളാണ് സഞ്ജിത് വധക്കേസിലെ മുഖ്യസൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. അതേസമയം, എവിടെനിന്നാണ് പ്രതിയെ പിടികൂടിയതെന്ന വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ പോലീസ് മേധാവി ഇക്കാര്യം വിശദീകരിക്കുമെന്നാണ് സൂചന.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാലുപ്രതികളെയാണ് സഞ്ജിത് വധക്കേസില്‍ ഇനി പിടികൂടാനുള്ളത്. ഇതില്‍ മൂന്ന് പ്രതികള്‍ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണ്. പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും പ്രാദേശിക ഭാരവാഹികളുമാണെന്നാണ് പോലീസ് പറയുന്നത്.
2021 നവംബര്‍ 15-നാണ് ആര്.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന സഞ്ജിത്തിനെ ഒരുസംഘം കാറിലെത്തി വെട്ടിക്കൊന്നത്. പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്തായിരുന്നു സംഭവം. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ, ബൈക്ക് തടഞ്ഞുനിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
Content Highlights: palakkad rss worker sanjith murder case main accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..