സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ. ഷംസീറിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നു. ഇൻസെറ്റിൽ മറ്റൊരു പ്രതിയായ ഇൻഷ് മുഹമ്മദ് ഹഖ്
പാലക്കാട്: കിണാശ്ശേരി മമ്പറത്ത് ആര്.എസ്.എസ്. തേനാരിമണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.
ഒറ്റപ്പാലം അമ്പലപ്പാറ കാഞ്ഞിരംചോല ഷംസീറിനെയാണ് (26) തിങ്കളാഴ്ച പട്ടാമ്പിപാലത്തിന് സമീപത്തുനിന്ന് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയതിന് കഴിഞ്ഞദിവസം അറസ്റ്റിലായ ഇന്‍ഷ് മുഹമ്മദ് ഹഖിന്റെ (25) തിരിച്ചറിയല്‍ പരേഡും നടന്നു. ഇതില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ ഷംസീറും നേരത്തേ പിടിയിലായ നിഷാദും ചേര്‍ന്നാണ് കൃത്യം നടത്തിയ യാസിര്‍, ഹാറൂണ്‍, ഹക്ക് എന്നിവരെ അത്തിക്കോട്ടുനിന്ന് ഓട്ടോയില്‍ പാലക്കാട്ടെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന്, കാറില്‍ ഒറ്റപ്പാലം അമ്പലപ്പാറ തിരണ്ടിക്കലിലെത്തിച്ച് താമസസൗകര്യമൊരുക്കി. ഒരുദിവസം തിരണ്ടിക്കലില് ഒരു ലോറിയിലും രണ്ടാമത്തെദിവസം നിഷാദിന്റെ വീട്ടിലും താമസിപ്പിച്ചു. പിന്നീട് മലപ്പുറം പാണ്ടിക്കാട്ട് ഇസയെന്ന വ്യക്തിയുടെ അടുത്തെത്തിച്ച് രക്ഷപ്പെടാന്‍ സഹായിക്കയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മുമ്പ് അറസ്റ്റിലായ പുളിവെട്ടി മുഹമ്മദിന്റെ (ഇബ്രാഹിം മൗലവി) നിര്‍ദേശപ്രകാരമാണ് കൃത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ഷംസീറുള്പ്പെടെ മൂന്നംഗസംഘം താമസസൗകര്യം ഏര്‍പ്പെടുത്തിയത്. മൂന്നാമത്തെയാളെ പിടികിട്ടാനുണ്ട്. പോലീസ് ഷംസീര്‍ ഉള്‍പ്പെടെയുള്ളവരുടെ ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കൃത്യം നടത്തിയവരെ സഹായിച്ചവരുള്‍പ്പെടെ 20-ലേറെപ്പേര്‍ കേസില്‍ പ്രതികളാകുമെന്നാണ് സൂചന. 2021 നവംബര്‍ 15-ന് രാവിലെ ഒമ്പതോടെയാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രാദേശിക ഭാരവാഹികളും എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..