പ്രതികളായ അബ്ദുൾ മനാഫ്, അബ്ദുൾ റഹ്‌മാൻ, അൻസാർ അഹമ്മദ്, സനൂപ്
ഒറ്റപ്പാലം: പനമണ്ണയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. ഒന്നാംപ്രതി അമ്പലവട്ടം പനമണ്ണ തറയില്‍വീട്ടില്‍ മനാഫ് (38), രണ്ടാംപ്രതി പനമണ്ണ അരഞ്ഞിക്കല്‍വീട്ടില്‍ അബ്ദുള്‍റഹ്‌മാന്‍ (40), നാലാംപ്രതി തൃക്കടീരി കീഴൂര്‍റോഡ് കണക്കഞ്ചേരിവീട്ടില്‍ അന്‍സാര്‍ അഹമ്മദ് (36), ആറാംപ്രതി വരോട് നാലാംമൈല്‍ കൂരിത്തൊടിവീട്ടില്‍ സനൂപ് (32) എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. പനമണ്ണ ചക്കിയാവില്‍ വിനോദ് (32) കൊല്ലപ്പെട്ട കേസിലാണ് വിധി. ഇതിന് പുറമേ ഒരുലക്ഷം രൂപവീതം പിഴയും അടയ്ക്കണമെന്നാണ് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി. സൈതലവി ശിക്ഷവിധിച്ചത്. 2020 മേയ് 31-ന് രാത്രി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം.
വിനോദിന്റെ സഹോദരന്‍ രാമചന്ദ്രനെതിരേ പ്രതിയായ അബ്ദുള്‍റഹ്‌മാന്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നാണ് പോലീസ് കണ്ടത്തിയത്. ഈ പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ പനമണ്ണ പള്ളിക്കുന്നിലേക്ക് രാമചന്ദ്രനെ വിളിച്ചുവരുത്തുകയും വെട്ടിപ്പരിക്കേല്‍പ്പിക്കയും ചെയ്തിരുന്നു. തുടര്‍ന്ന്, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിനോദിനെയും ഇവര്‍ ആക്രമിച്ചു. തലയിലും കാലിലും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരിക്കേറ്റ വിനോദ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ 22-ന് മരിച്ചു. കേസിലെ 11 പ്രതികളില്‍ നാലുപേരെയാണ് പിടികൂടിയത്. ബാക്കിയുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്. ഹാജരാക്കിയ 39 സാക്ഷികളെയും 56 രേഖകളും പരിഗണിച്ചാണ് കോടതിവിധി. ഒപ്പം സ്ഥലത്തുനിന്ന് ശേഖരിച്ച രക്തസാമ്പിളുകളും നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ഹരി ഹാജരായി.
കുറ്റപത്രം സമര്‍പ്പിച്ചത് 77 ദിവസംകൊണ്ട്
77 ദിവസംകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ ഒറ്റപ്പാലം ഇന്‍സ്പെക്ടര്‍ എം. സുജിത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
പിടിയിലായവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാന്‍ കുറ്റപത്രം വിഭജിച്ചാണ് 90 ദിവസത്തിനുമുമ്പ് സമര്‍പ്പിച്ചത്. കേസിലുള്‍പ്പെട്ട മറ്റുള്ളവരെ പിടികൂടിയശേഷം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ മൂന്നാംപ്രതിയുള്‍പ്പെടെ ഏഴുപേരെയാണ് ഇനിയും പിടികൂടാനുള്ളത്.
സി.ഐ.യ്ക്ക് പുറമേ അന്നത്തെ എസ്.ഐ. എസ്. അനീഷ്, ജെ.പി. അജിത്ത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസന്വേഷിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..