Photo: facebook.com|unni.lal.9
നെന്മാറ: പോത്തുഫാമിന്റെ മറവില്‍ അനധികൃതമദ്യമുണ്ടാക്കിയ കേസില്‍ ഒളിവിലായ ഒന്നാംപ്രതിയുടെ പിറന്നാളാഘോഷ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍. വിത്തനശ്ശേരി സ്വദേശിയും ഡി.വൈ.എഫ്.ഐ. നെന്മാറ (രണ്ട്) മുന്‍ മേഖലാ സെക്രട്ടറിയുമായ ഉണ്ണിലാലിന്റെ 32-ാം പിറന്നാളാഘോഷമാണ് കേക്ക് മുറിച്ച് സുഹൃത്തിന് നല്‍കുന്ന ചിത്രസഹിതം ഫേസ് ബുക്കില്‍ വ്യാഴാഴ്ച വൈകീട്ട് പോസ്റ്റ് ചെയ്തിട്ടുള്ളത്.
കുപ്രചരണങ്ങള്‍ക്കിടയിലും ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ചും സത്യം പുറത്തുവരുന്നതുവരെ പോരാട്ടം തുടരുമെന്ന് എഴുതിയുമാണ് കേക്കിന്റെയും കേക്ക് സുഹൃത്തിന് നല്‍കുന്നതിന്റെയും ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. എലവഞ്ചേരി പടിഞ്ഞാറേമുറി മലയംപൊറ്റ പോത്തുഫാമില്‍നിന്ന് നെന്മാറ എക്സൈസ് അധികൃതര്‍ ഞായറാഴ്ചരാത്രി നടത്തിയ പരിശോധനയിലാണ് 60 ലിറ്റര്‍ വാഷും അരലിറ്റര്‍ ചാരായവും പിടികൂടിയത്. സംഭവത്തില്‍ ഉണ്ണിലാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
വാഷ് സൂക്ഷിച്ച പാത്രങ്ങളും വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങളും എക്സൈസ് പിടികൂടിയിരുന്നു. എക്സൈസ് പരിശോധനയ്ക്കിടെ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനിടെ ഉണ്ണിലാലിനെ ഡി.വൈ.എഫ്.ഐ.യിലെ ഭാരവാഹിത്വത്തില്‍നിന്ന് ജനുവരിയില്‍ തന്നെ നീക്കിയതായി പറഞ്ഞ് ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.
കൊലപാതകശ്രമമുള്‍പ്പെടെയുള്ള കേസുകളില്‍ ജാമ്യമെടുത്തുകഴിയുന്നയാളാണ് ഉണ്ണിലാലെന്ന് നെന്മാറ പോലീസും പറയുന്നു. പ്രതികള്‍ക്കായി മൂന്നുദിവസമായി രാത്രിയുള്‍പ്പെടെ പരിശോധന ശക്തമായി തുടരുന്നുണ്ടെന്നും പ്രതികളുടെ വീടുകള്‍ പൂട്ടിക്കിടക്കുകയാണെന്നുമാണ് നെന്മാറ എക്സൈസ് റേഞ്ച് അധികൃതര്‍ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..