കൊല്ലപ്പെട്ട ഗോപാലകൃഷ്ണനും തങ്കമണിയും, പ്രതി രാജേന്ദ്രൻ
കടമ്പഴിപ്പുറം(പാലക്കാട്): കണ്ണുകുറിശ്ശി വടക്കേക്കരയിലെ വൃദ്ധദമ്പതിമാരുടെ ഇരട്ടക്കൊലപാതകക്കേസില്‍ പിടിയിലായ രാജേന്ദ്രന് ജാമ്യം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷത്തിനുശേഷം പിടിയിലായ അയല്‍വാസി രാജേന്ദ്രനാണ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റുചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കഴിയാതായതോടെയാണ് ജാമ്യത്തിന് അവസരമൊരുങ്ങിയത്.
ചീരപ്പത്ത് ഗോപാലകൃഷ്ണന്‍, ഭാര്യ തങ്കമണി എന്നീ വൃദ്ധദമ്പതിമാരുടെ കൊലപാതകത്തിന് കടമ്പഴിപ്പുറം കണ്ണുകുറിശ്ശി ഉണ്ണീരികുണ്ടില്‍ രാജേന്ദ്രന്‍ പിടിയിലായിട്ടും കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തീരുന്നില്ല. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. 2016 നവംബര്‍ 15-നാണ് ഗോപാലകൃഷ്ണന്‍, ഭാര്യ തങ്കമണി എന്നിവരെ വീടിനുള്ളില്‍ കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അയല്‍വാസിയായ രാജേന്ദ്രനാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തി, 2021 ഒക്ടോബര്‍ 29-ന് അറസ്റ്റ് ചെയ്തു.
ഒറ്റപ്പെട്ട് താമസിക്കുന്ന വൃദ്ധദമ്പതിമാരുടെ വീട്ടില്‍ വൈദ്യുതി വിച്ഛേദിച്ചശേഷം വീടിന്റെ ഓടുമാറ്റി അകത്തുകയറിയായിരുന്നു രാജേന്ദ്രന്‍ കൃത്യം നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വീട്ടില്‍നിന്ന് തങ്കമണിയുടെ 6.5 പവന്‍ വരുന്ന സ്വര്‍ണവും 4,000 രൂപയും പ്രതി മോഷ്ടിച്ചിരുന്നുവെന്നും അന്വേഷണസംഘത്തിന് കണ്ടെത്താനായി.
സംയുക്ത സമരസമിതി ഹൈക്കോടതിയെ സമീപിച്ചു
പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകത്തിന്റെ കുറ്റപത്രം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി സംയുക്തസമരസമിതി. കേസിലെ പ്രതി രാജേന്ദ്രന് കോടതി ജാമ്യമനുവദിച്ചിരുന്നു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചതാണ് ഇതിനുള്ള പ്രധാന കാരണമെന്ന് സംയുക്ത സമരസമിതി ചൂണ്ടിക്കാണ്ടി.
2016 നവംബര്‍ 15-നാണ് ദമ്പതിമാരായ ഗോപാലകൃഷ്ണന്‍ (62), തങ്കമണി (52) എന്നിവരെ കവര്‍ച്ചക്കിടെ വെട്ടിക്കൊന്നത്. കൊലപാതകം നടത്തിയ രാജേന്ദ്രനെ പിന്നീട് പോലീസ് അറസ്റ്റുചെയ്‌തെങ്കിലും കൂട്ടുപ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ല. അതിനാല്‍, എത്രയും വേഗം കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി സംയുക്ത സമരസമിതി പ്രസിഡന്റ് നട്ടാത്ത് കേശവന്‍, വൈസ്പ്രസിഡന്റ് കുഞ്ചുണ്ണിഗുപ്തന്‍, ജനറല്‍സെക്രട്ടറി വലിയവീട്ടില്‍ സുബ്രഹ്മണ്യന്‍, കണ്‍വീനര്‍ യു. ഹരിദാസന്‍വൈദ്യര്‍ എന്നിവര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..