കൊല്ലപ്പെട്ട ആമിൽ ഇഹ്‌സാൻ, അറസ്റ്റിലായ ഷഹീദ
പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ അമ്മ മകനെ കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ വിശദമായ അന്വേഷണം. സംഭവത്തില്‍ തീവ്ര മതവിശ്വാസികളുടെ പങ്കുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. മകനെ അമ്മ ബലിനല്‍കിയതാണെന്ന കണ്ടെത്തലിലാണ് ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.
പുതുപ്പള്ളിത്തെരുവ് പൂളക്കാട് സുലൈമാന്റെ ഭാര്യ ഷഹീദ(32)യാണ് മകന്‍ അമില്‍ ഇഹ്‌സാനെ(ആറ്) കഴിഞ്ഞദിവസം അതിക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഷഹീദ തന്നെ ജനമൈത്രി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയെ കഴിഞ്ഞദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രാര്‍ഥനയ്ക്കിടെ ഉള്‍വിളിയുണ്ടായതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ഷഹീദയുടെ മൊഴി. ദൈവപ്രീതിക്കായി ബലി നല്‍കിയതാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ തീവ്ര മതവിശ്വാസികള്‍ക്ക് പങ്കുണ്ടോ എന്നതാണ് പോലീസ് നിലവില്‍ പരിശോധിക്കുന്നത്. മദ്രസ അധ്യാപികയായിരുന്ന ഷഹീദ അംഗമായ ചില വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്.
മൂന്നുമാസം ഗര്‍ഭിണിയാണ് ഷഹീദ. ഇവരുടെ മൂന്നാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ട ആമില്‍. കള്ളിക്കാട് അല്‍ഫിത്തര്‍ സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. ജനമൈത്രി പോലീസിന്റെ അടിയന്തരാവശ്യങ്ങള്‍ക്കുള്ള 112 എന്ന നമ്പറിലാണ് മകനെ കൊലപ്പെടുത്തിയെന്നവിവരം ഷഹീദ വിളിച്ചറിയിക്കുന്നത്. ഈ നമ്പര്‍ രണ്ടുദിവസംമുമ്പ് സമീപവാസിയുടെ വീട്ടിലെത്തി ഇവര്‍ ശേഖരിച്ചിരുന്നതായും പോലീസ് പറയുന്നു. ഷഹീദ നല്‍കിയ വിവരമനുസരിച്ച് പോലീസ് കണ്‍ട്രോള്‍റൂം അധികൃതര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസില്‍ വിവരമറിയിച്ചു. ഷഹീദതന്നെയാണ് പോലീസെത്തിയപ്പോള്‍ കാത്തുനിന്ന് വീട് തുറന്നുകൊടുത്തത്. കഴുത്തറ്റ് രക്തത്തില്‍ക്കുളിച്ചനിലയില്‍ ശൗചാലയത്തില്‍ ക്ലോസറ്റിനോടുചേര്‍ന്ന ഭാഗത്ത് കാല്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. വീട്ടിലെ മറ്റൊരു മുറിയില്‍ മൂത്ത രണ്ട് മക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന ഷഹീദയുടെ ഭര്‍ത്താവ് സുലൈമാനെ പോലീസാണ് വിളിച്ചുണര്‍ത്തിയത്. തുടര്‍ന്നാണ് തൊട്ടടുത്തുള്ള വീട്ടുകാര്‍പോലും വിവരമറിയുന്നത്.
ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ശൗചാലയത്തിലേക്ക് കൊണ്ടുപോയി കാലുകള്‍ തുണികൊണ്ട് കെട്ടിയശേഷം വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്ന് ഷഹീദ പോലീസിനോട് പറഞ്ഞു. ശനിയാഴ്ചയാണ് വീട്ടിലെ കത്തിക്ക് മൂര്‍ച്ചയില്ലെന്നുപറഞ്ഞ് ഇവര്‍ പുതിയകത്തി വാങ്ങിപ്പിച്ചത്. കത്തി പോലീസ് കണ്ടെടുത്തു. കോവിഡ് അടച്ചിടലിനുമുമ്പ് ഷഹീദ സമീപത്തെ പൂളക്കാട് മദ്രസയില്‍ ഏറെക്കാലം അധ്യാപികയായി ജോലിചെയ്തിട്ടുണ്ട്. ഷഹീദയ്ക്ക് കുടുംബപ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് സുലൈമാന്‍ മുമ്പ് ഗള്‍ഫിലായിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് തിരിച്ചെത്തി പാര്‍സല്‍ വണ്ടിയുടെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.
Content Highlights: palakkad human sacrifice murder case police investigation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..