കവർച്ചക്കേസിലെ പ്രതി മഹാരാഷ്ട്ര നാസിക് സ്വദേശി നിഖിൽ അശോക് ജോഷിയെ കസബ പോലീസ് സ്റ്റേഷനിൽനിന്ന് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നു | ഫോട്ടോ: മാതൃഭൂമി
പാലക്കാട്: പാലക്കാട് ചന്ദ്രനഗര്‍ ബൈപ്പാസ് റോഡിലുള്ള മരുതറോഡ് സഹകരണ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ കവര്‍ച്ച നടത്തി സ്വര്‍ണവും പണവും കവര്‍ന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര നാസിക് സ്വദേശി നിഖില്‍ അശോക് ജോഷിയാണ് (പരേഷ് അശോക് അംബുര്‍ലി-51) കസബ പോലീസിന്റെ പിടിയിലായത്. സഹകരണസൊസൈറ്റിയുടെ സ്‌ട്രോങ് റൂം തകര്‍ത്ത് ഏഴര കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് പ്രതി കവര്‍ന്നത്. കവര്‍ച്ച നടന്ന് മൂന്നാഴ്ചയ്ക്കകം പ്രതിയെ പിടികൂടാനായത് പാലക്കാട് പോലീസിന് അഭിമാനമായി.
പാലക്കാട്ടുനിന്നുള്ള പോലീസ് പ്രത്യേകസംഘം മഹാരാഷ്ട്ര സത്താറയിലെ ആഡംബരഹോട്ടലിലെത്തിയാണ് നിഖില്‍ അശോക് ജോഷിയെ പിടികൂടിയത്. ഇയാള്‍ കവര്‍ച്ച നടത്താനായി കേരളത്തിലേക്ക് കൊണ്ടുവന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജൂലായ് 24-ന് രാത്രി എട്ടരയോടെ ബാങ്കിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയശേഷം സ്വര്‍ണാഭരണങ്ങളും പണവുമെടുത്ത് പുലര്‍ച്ചെ 5.30-നാണ് പുറത്തിറങ്ങി മഹാരാഷ്ട്രയിലേക്ക് കടന്നതെന്ന് പ്രതി മൊഴി നല്‍കിയതായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു.
26-നാണ് വിവരം പുറത്തറിയുന്നത്. രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്നുവെന്ന് മനസ്സിലാക്കിയത്. മൂന്നുദിവസത്തെ അവധിക്കുശേഷമുള്ള തിങ്കളാഴ്ചയാണ് ബാങ്ക് തുറന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബാങ്കിലെ അലാം സംവിധാനവും സി.സി.ടി.വി. ക്യാമറകളും നശിപ്പിച്ചിരുന്നു.
വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രില്ലറും ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ചാണ് ഇയാള്‍ അതിവിദഗ്ധമായി 'ഹൈടെക്' രീതിയില്‍ കവര്‍ച്ച നടത്തിയത്.
വെള്ളിയാഴ്ച പ്രതിയെ പാലക്കാട് കസബ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു. മോഷ്ടിച്ച സ്വര്‍ണം സത്താറയില്‍ വില്പന നടത്തിയതായി പോലീസിനോട് പറഞ്ഞു.
ശനിയാഴ്ച പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം, മോഷണമുതലുകള്‍ വീണ്ടെടുക്കുന്നതിനായി അന്വേഷണസംഘം മഹാരാഷ്ട്രയിലേക്ക് പുറപ്പെടുമെന്ന് പോലീസ് പറഞ്ഞു.
വഴിത്തിരിവായത് ആ നിഴല്‍രൂപം, പിന്തുടര്‍ന്ന് പോലീസ്
പാലക്കാട്: സംഭവ സ്ഥലത്തില്‍നിന്ന് ഏകദേശം അരക്കിലോമീറ്റര്‍ മാറിയുള്ള സി.സി.ടി.വി. ക്യാമറയില്‍ രാത്രി പതിഞ്ഞ ഒരു നിഴല്‍രൂപമാണ് കേസിന് വഴിത്തിരിവായത്. ആ നിഴലിനെ പിന്തുടര്‍ന്ന് പിന്നിലേക്കുനടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കയായിരുന്നു. സി.സി.ടി.വി. ക്യാമറ പരിശോധിച്ച സംഘത്തിന്റെ കഴിവാണ് കേസിലേക്ക് വെളിച്ചമേകിയത്.
പ്രാഥമികാന്വേഷണത്തില്‍ കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍. എന്നിവരുടെ സഹായത്തോടെ സംഭവദിവസവും സമയവും നിശ്ചയിക്കാന്‍ കഴിഞ്ഞതാണ് അന്വേഷണത്തിന് വേഗംകൂട്ടാന്‍ കഴിഞ്ഞത്. ബാങ്കിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചത് ജൂലായി 24-ന് രാത്രി 9.30നും 10നും ഇടയിലാണെന്ന് കണ്ടെത്തി. അതേസമയംതന്നെ ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചതായി കണ്ടെത്തി.
തുടര്‍ന്ന്, അന്വേഷണസംഘത്തെ വിവിധ ടീമുകളാക്കി പാലക്കാട് മുതല്‍ കോയമ്പത്തൂര്‍, തൃശ്ശൂര്‍, മലപ്പുറം വരെയുള്ള വിവിധ ലോഡ്ജുകള്‍, സി.സി.ടി.വി. ക്യാമറകള്‍, എം.വി.ഡി. ക്യാമറകള്‍ എന്നിവ പരിശോധിച്ചു. മുന്‍കാലങ്ങളില്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വിവരം ശേഖരിച്ചു. വിവിധ ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. കൂടാതെ സൈബര്‍സെല്ലിന്റെ സഹായത്തോടെ നിരവധി മൊബൈല്‍നമ്പരുകള്‍ പരിശോധിക്കയും ചെയ്തു.
ഒടുവില്‍ സി.സി.ടി.വി.യിലെ ഒരു നിഴല്‍രൂപം കേസിന് തുമ്പുണ്ടാവാന്‍ വഴിത്തിരിവാകുകയായിരുന്നു. ആ നിഴലിനെ പിന്തുടര്‍ന്ന് പിന്നിലേക്കുനടത്തിയ അന്വേഷണത്തില്‍ പ്രതിവന്ന വാഹനവും താമസിച്ച വിവിധ ലോഡ്ജുകളും പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സംഭവത്തിനുശേഷം കാറില്‍ കേരളത്തില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് പോയതായി കണ്ടെത്തുകയായിരുന്നു.
പഴുതടച്ച അന്വേഷണത്തിന് പ്രത്യേകസംഘം
പാലക്കാട് ഡിവൈ.എസ്.പി.പി. ശശികുമാര്‍, ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, മീനാക്ഷിപുരം ഇന്‍സ്‌പെക്ടര്‍ ജെ. മാത്യു, കസബ എസ്.ഐ. എസ്. അനീഷ്, കൊല്ലങ്കോട് എസ്.ഐ. കെ. ഷാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 ഓളം ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. എസ്. ജലീല്‍, ടി.ആര്‍. സുനില്‍കുമാര്‍, സുരേഷ് കുമാര്‍, ജോണ്‍സണ്‍ ലോബോ, റഹിം മുത്തു, കെ. ഉവൈസ് കമാല്‍, പി.എസ്. നൗഷാദ്, സി.എസ്. സാജിദ്, ആര്‍. കിഷോര്‍, ആര്‍.കെ. കൃഷ്ണദാസ്, യു. സൂരജ് ബാബു, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, കെ. ദിലീപ്, എസ്. ഷനോസ്, എസ്. ഷമീര്‍, സി. മണികണ്ഠദാസ്, എസ്. സമീര്‍, സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ വിനീത്കുമാര്‍, ഡ്രൈവര്‍ എസ്.സി.പി.ഒ. എ.ആര്‍. ബ്രീസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണത്തിലുണ്ടായിരുന്നത്.
Content Highlights: palakkad co operative society robbery police arrested the accused
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..