അഭിഷേക് | കൊലചെയ്യാനായി ഉപയോഗിച്ച പേപ്പർ കട്ടർ| നിഥിന| ഫോട്ടോ: മാതൃഭൂമി
പാലാ: പാലാ സെന്റ് തോമസ് കോളേജ് കാമ്പസില്‍ വിദ്യാര്‍ഥിനിയെ കഴുത്തറത്തുകൊന്ന കേസില്‍ പോലീസ് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന നിഥിനാമോള്‍ (22) പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സഹപാഠിയും സുഹൃത്തുമായിരുന്ന അഭിഷേക് ബൈജു (20) കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
നിഥിനാമോള്‍ മറ്റൊരാളുമായി അടുക്കുന്നുവെന്ന സംശയമാണ് കൃത്യംചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതി അഭിഷേക് സംശയിക്കുന്ന ആളുള്‍പ്പെടെ 80 സാക്ഷികളാണ് ഈ കേസിലുള്ളത്.ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 48 രേഖകളും അനുബന്ധമായി കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ക്രൂരകൃത്യത്തിന് ഒരാഴ്ചമുമ്പുതന്നെ പെട്ടെന്ന് ഒരാളെ കൊലപ്പെടുത്തുന്നവിധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുട്യൂബിലും ഗൂഗിളിലുമൊക്കെ സേര്‍ച്ചുചെയ്ത് അഭിഷേക് ബൈജു മനസ്സിലാക്കിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. ഏത് ഞരമ്പ് മുറിച്ചാല്‍ പെട്ടെന്ന് മരണം സംഭവിക്കുമെന്നും പ്രതി മനസ്സിലാക്കിയിരുന്നു. കൃത്യം നിര്‍വഹിക്കുന്നതിന് മുന്നോടിയായി ഇത്തരത്തിലുള്ള 50-ല്‍പരം വീഡിയോകള്‍ പ്രതി കണ്ടിരുന്നു. ചെന്നൈയില്‍നടന്ന ഒരു പ്രണയക്കൊലയുടെ വിശദാംശങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്നത് പലതവണ അഭിഷേക് ബൈജു കണ്ടു. കൃത്യം നിര്‍വഹിക്കാന്‍ പുതിയ ബ്ലേഡും മറ്റും വാങ്ങിയതായി കുറ്റപത്രം വ്യക്തമാക്കുന്നു.
പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ മേല്‍നോട്ടത്തില്‍ പാലാ സി.ഐ. കെ.പി.ടോംസണ്‍ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. സംഭവംനടന്ന് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ കൊലപാതകത്തിലേക്ക് നയിച്ച മുഴുവന്‍ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി.
തെളിവെടുപ്പിനുശേഷം ആദ്യം റിമാന്‍ഡുചെയ്ത പ്രതിയെ വീണ്ടും കസ്റ്റഡിയില്‍വാങ്ങി നിര്‍ണായക തെളിവുകള്‍കൂടി പോലീസ് ശേഖരിച്ചു. എസ്.ഐ. എം.ഡി.അഭിലാഷ്, എ.എസ്.ഐ. ഷാജിമോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അനുവദിച്ചിരിക്കുന്നതിന് ആറുദിവസം മുമ്പേയാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. തലയോലപ്പറമ്പ് കളപ്പുരയ്ക്കല്‍ കെ.ബിന്ദുവിന്റെ മകളാണ് നിഥിനാമോള്‍.
സംഭവത്തില്‍ സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയ്ക്കല്‍ അഭിഷേക് ബൈജുവിനെ കോളേജിലെ ജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു. മൂന്നാംവര്‍ഷ ബി.വോക് ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..