കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പഴയ ബ്ലേഡ് അഭിഷേക് പോലീസിന് നൽകുന്നു. ഇൻസെറ്റിൽ കൊല്ലപ്പെട്ട നിഥിനമോൾ
കൂത്താട്ടുകുളം: പാലാ സെയ്ന്റ് തോമസ് കോളേജിലെ സഹപാഠിയായ നിഥിന മോളെ (22) കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അഭിഷേകിനെ തെളിവെടുപ്പിനായി കോഴിപ്പിള്ളിയിലെ വീട്ടിലെത്തിച്ചു.
കൊലയ്ക്കുപയോഗിച്ചുവെന്ന് കരുതുന്ന പേപ്പര്‍ കട്ടറില്‍ നിന്ന് മാറ്റിയ പഴയ ബ്ലേഡ് പോലീസ് വീട്ടില്‍നിന്ന് കണ്ടെടുത്തു.
ബുധനാഴ്ച പതിനൊന്നരയോടെയാണ് പോലീസ് കുരിശു കവലയ്ക്ക് സമീപത്തെ വീട്ടിലെത്തിയത്. പോലീസെത്തിയപ്പോള്‍ അഭിഷേകിന്റെ വീട്ടില്‍ ആരുമില്ലായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അഭിഷേകിന്റെ അച്ഛന്‍ ബൈജുവെത്തി വീട് തുറന്ന ശേഷമാണ് തെളിവെടുപ്പു തുടങ്ങിയത്.
അഭിഷേകിന്റെ കിടപ്പുമുറിയിലെ അലമാരയില്‍ നിന്ന് കൊലയ്ക്കുപയോഗിച്ചുവെന്നു കരുതുന്ന പേപ്പര്‍ കട്ടറില്‍നിന്ന് മാറ്റിയ പഴയ ബ്ലേഡ് അഭിഷേക് തന്നെ പോലീസിന് എടുത്തു നല്‍കി. ഒരു മണിക്കൂര്‍ തെളിവെടുപ്പ് നീണ്ടു. സ്വന്തം വീട്ടില്‍ എത്തിച്ചപ്പോഴും അഭിഷേകിന് ഭാവ വ്യത്യാസങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു. അച്ഛന്‍ ബൈജുവിനോടും സംസാരിച്ചില്ല.
പാലാ ഡിവൈ.എസ്.പി. കെ.പി. തോംസണിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൊലയ്ക്കുപയോഗിച്ചുവെന്നു കരുതുന്ന കട്ടറിലിടുന്ന ബ്ലേഡ് വാങ്ങിയ കൂത്താട്ടുകുളത്തെ സ്റ്റേഷനറി കടയില്‍ തിങ്കളാഴ്ച വൈകീട്ട് അഭിഷേകിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..