അഭിഷേക് ബൈജു, നിഥിന | Screengrab: Mathrubhumi News
കൂത്താട്ടുകുളം: പാലാ സെയ്ന്റ് തോമസ് കോളേജ് കാമ്പസില്‍ സഹപാഠിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ പിടിയിലായ കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പാനായില്‍ പുത്തന്‍പുരയില്‍ അഭിഷേകിനെ (20) തെളിവെടുപ്പിനായി കൂത്താട്ടുകുളത്തെത്തിച്ചു. കൊലയ്ക്കുപയോഗിച്ച കട്ടര്‍ ബ്ലേഡ് വാങ്ങിയ കൂത്താട്ടുകുളത്തെ കടയില്‍ തിങ്കളാഴ്ച വൈകീട്ടാണ് തെളിവെടുപ്പ് നടത്തിയത്. കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്കും സ്വകാര്യ സ്റ്റാന്‍ഡിലേക്കും പോകുന്ന ബൈപ്പാസ് റോഡിലെ സ്റ്റേഷനറിക്കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. കടയുടമയ്ക്ക് അഭിഷേകിനെ തിരിച്ചറിയാന്‍ സാധിച്ചില്ല. കട്ടര്‍ വാങ്ങാന്‍ ഒരാളെത്തിയിരുന്നെന്ന് കടയുടമ സ്ഥിരീകരിച്ചു. പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ 28-ന് ഉച്ചയ്ക്ക് അഭിഷേക് കടയിലെത്തിയിരുന്നു. ബര്‍മുഡയും ഷര്‍ട്ടും ധരിച്ചിരുന്നു. തലമുടി വളര്‍ത്തിയിരുന്നു.
ബ്ലേഡ് വാങ്ങിയ രീതിയും അഭിഷേക് വിശദീകരിച്ചു. കട്ടര്‍ ചോദിച്ചാണ് അഭിഷേക് എത്തിയത്. പിന്നീടാണ് കട്ടറിലിടാനുള്ള ബ്ലേഡാണ് വേണ്ടതെന്ന് പറഞ്ഞത്. കനം കുറഞ്ഞ ആറു രൂപയുടെ ബ്ലേഡാണ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഒരു മണിക്കൂറിലധികം സമയമെടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പാലാ ഡിവൈ.എസ്.പി.യുടെ നേതൃത്തില്‍ ആയിരുന്നു തെളിവെടുപ്പ്. പാലാ സി.ഐ കെ.പി. തോംസണ്‍, എസ്.ഐ.മാരായ എം.ടി. അഭിലാഷ്, ഷാജി കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.
കേട്ടറിഞ്ഞെത്തിയവര്‍ പ്രതിയെ ചീത്തവിളിച്ചു
കൂത്താട്ടുകുളം: അഭിഷേകിനെ തെളിവെടുപ്പിനെത്തിച്ചത് രഹസ്യമായാണ്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങളെത്തിയതോടെ ആളുകള്‍ കൂട്ടമായെത്തി. അപ്പോഴേക്ക് തെളിവെടുപ്പ് പൂര്‍ത്തിയാക്കി അഭിഷേകിനെ പോലീസ്വാഹനത്തില്‍ കയറ്റുകയായിരുന്നു. പ്രതിയെ കണ്ടതോടെ നാട്ടുകാര്‍ ശകാരവും ചീത്തവിളിയും തുടങ്ങി. കോഴിപ്പിള്ളി കുരിശുകവലയ്ക്ക് സമീപമുള്ള അഭിഷേകിന്റെ വീട്ടിലും അന്വേഷണത്തിന് എത്തിക്കുമെന്ന വാര്‍ത്ത പരന്നതോടെ അവിടെയും ആളുകളെത്തി. എന്നാല്‍, കടയിലെ തെളിവെടുപ്പ് നടത്തി കടയിലെ തെളിവെടുപ്പ് നടത്തി പോലീസ് മടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..