Screengrab: twitter.com|ShSarmad71
ലാഹോര്‍: 50,000 രൂപയ്ക്ക് കുട്ടികളെ വില്‍ക്കാനിറങ്ങി പാകിസ്താനിലെ പോലീസുകാരന്‍. അവധി അനുവദിക്കാന്‍ മേലുദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് നിസാര്‍ ലസ്ഹാരി എന്ന പോലീസുകാരന്‍ കുട്ടികളെ വില്‍ക്കാനായി റോഡിലിറങ്ങിയത്. രണ്ട് കുട്ടികളുമായി റോഡിലിറങ്ങി നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയായതോടെ നിസാര്‍ ലസ്ഹരി നേരിട്ട പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഗോട്ട്ഖി ജില്ലയിലെ പോലീസുകാരനാണ് നിസാര്‍ ലസ്ഹരി. ജയില്‍ വകുപ്പിലാണ് അദ്ദേഹം ജോലിചെയ്യുന്നത്. കഴിഞ്ഞദിവസം മകന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കായി നിസാര്‍ അവധിക്ക് അപേക്ഷനല്‍കി. എന്നാല്‍ അവധി അപേക്ഷ നിരസിച്ച മേലുദ്യോഗസ്ഥന്‍, അവധി അനുവദിക്കണമെങ്കില്‍ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് നിസാര്‍ രണ്ടുമക്കളുമായി റോഡിലിറങ്ങിയത്. 50,000 പാകിസ്താനി രൂപയ്ക്ക് മക്കളെ വില്‍ക്കുകയാണെന്ന് പറഞ്ഞാണ് നിസാര്‍ റോഡിലിറങ്ങിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പോലീസുകാരന്റെ വീഡിയോ പകര്‍ത്തി. മണിക്കൂറുകള്‍ക്കകം വീഡിയോ വൈറലാവുകയും മാധ്യമങ്ങളിലടക്കം വാര്‍ത്തയാവുകയുമായിരുന്നു.
അവധി നിരസിച്ച മേലുദ്യോഗസ്ഥന്‍ തന്നെ 120 കിലോമീറ്റര്‍ അകലെയുള്ള ലാര്‍ക്കാനയിലേക്ക് സ്ഥലംമാറ്റിയതായും നിസാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ' കൈക്കൂലി നല്‍കാത്തതിന് എന്തിനാണ് ഇങ്ങനെ ശിക്ഷിക്കുന്നത്? ഞാനൊരു പാവപ്പെട്ടവനാണ്. ഇക്കാര്യത്തില്‍ കറാച്ചി വരെ യാത്രചെയ്ത് ഐ.ജിക്ക് പരാതി നല്‍കാന്‍ എന്നെക്കൊണ്ട് കഴിയില്ല. ഈ ഉദ്യോഗസ്ഥരെല്ലാം ശക്തരാണ്. ഇവര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കില്ല. ഞാന്‍ എന്റെ കുഞ്ഞിന്റെ ഓപ്പറേഷന് പണം മുടക്കണോ അതോ ഇവര്‍ക്ക് കൈക്കൂലി നല്‍കണോ? -നിസാര്‍ ലസ്ഹരി ചോദിച്ചു. തന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതില്‍ അത്ഭതമില്ലെന്നും ഇക്കാലത്ത് വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസുകാരന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ വിഷയത്തില്‍ ഇടപെട്ടു. പോലീസുകാരനെ നേരത്തെ ജോലിചെയ്തിരുന്ന സ്ഥലത്തുതന്നെ വീണ്ടും നിയമിച്ചതായും മകന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കായി 14 ദിവസത്തെ അവധി അനുവദിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: pakistani policeman tries to sell his children for 50000 rupees viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..