നവനീത് കൽറ | Photo: Instagram|Navaneetkalra16
ന്യൂഡൽഹി: അനധികൃതമായി സൂക്ഷിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്ത സംഭവത്തിൽ ഹോട്ടൽ വ്യവസായി നവനീത് കൽറക്കെതിരേ ഡൽഹി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാൾ ഒളിവിൽ പോയതോടെയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതിനിടെ, കേസിൽ മുൻകൂർ ജാമ്യം തേടി കൽറ കോടതിയെ സമീപിച്ചു.
കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന റെയ്‌ഡിലാണ് നവനീതിന്റെ മൂന്ന് ഹോട്ടലുകളിൽനിന്നായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഹോട്ടൽ മാനേജർ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, റെയ്‌ഡിന് പിന്നാലെ ഹോട്ടലുടമയായ നവനീത് കൽറ ഒളിവിൽപോയി.
നവനീത് കൽറ കുടുംബസമേതം ഡൽഹിയിൽനിന്ന് കടന്നുകളഞ്ഞതായാണ് പോലീസിന്റെ സംശയം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ഡൽഹിയിലെ പ്രശസ്തമായ ഖാൻ ചാച്ച ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് നവനീത് കൽറ. നേരത്തെ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇരട്ടിയിലധികം വിലയ്ക്കാണ് നവനീതും സംഘവും കരിഞ്ചന്തയിൽ വിറ്റിരുന്നത്.
Content Highlights:oxygen blackmarket delhi police issued lookout notice against navneet kalra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..