ഒരു കുടുംബത്തിന്റെ അത്യാർത്തി; ലക്ഷക്കണക്കിന് ജീവനുകളെടുത്ത ഓപിയോയ്​ഡ് ദുരന്തം | Sins & Sorrows


sins and sorrow

by അനുശ്രീ മാധവന്‍ (anusreemadhavan@@mpp.co.in)

7 min read
Read later
Print
Share

സാക്ലർ കുടുംബത്തിലെ അംഗങ്ങളായ ഡോ റിച്ചാർഡ് സാക്​ലർ (ഇടത്തുനിന്ന് രണ്ടാമത്), ജോനാഥൻ സാക്​ലർ (വലതുനിന്ന് രണ്ടാമത്), റെയ്മണ്ട് സാക്​ലർ ബെവർലി സാക്​ലർ (ഇരിക്കുന്നവർ)

ജീവൻരക്ഷയ്ക്കുള്ളതാണ് മരുന്നുകൾ. എന്നാൽ, ഇതേ മരുന്ന് മരണകാരണവും മരുന്ന് കമ്പനി മരണത്തിന്റെ വ്യാപാരികളും ആയാലോ? അമേരിക്കയെ പിടിച്ചുകുലുക്കിയ ഓപിയോയ്​ഡ് ദുരന്തം അതിനുള്ള ഉദാഹരണമാണ്. അമേരിക്കയിലെ സാക്‌ലർ കുടുംബവും അവരുടെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ പർഡ്യൂ ഫാർമയും വഴിമരുന്നിട്ട ഓപിയോയ്​ഡ് ദുരന്തത്തിൽ രണ്ട് പതിറ്റാണ്ടിനിടെ മരിച്ചത് ലക്ഷക്കണക്കിന് ആളുകളാണ്. അതിലേറെയും അമ്പത് വയസ്സിന് താഴെ പ്രായമുള്ളവർ. ഈ ദുരന്തത്തിൽ സാക്‌ലർ കുടുംബം നിർണായക പങ്കുവഹിച്ചുവെന്നാണ് ഉയരുന്ന ആരോപണം.

ആരോഗ്യരംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തമാണ് വേദനസംഹാരികളുടേത്. കാൻസർ പോലുള്ള കഠിനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർ, സങ്കീർണമായ ശസ്ത്രക്രിയകൾക്ക് വിധേയവർ, മൈഗ്രേൻ, നടുവേദന, സന്ധിവാതം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾക്ക് വേദനസംഹാരിയായ ഓപിയോയ്​ഡ് അ ടങ്ങിയ മരുന്നുകൾ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. നാഡീവ്യവസ്ഥയിലെ ഓപിയോയ്​ഡ് റിസപ്‌റ്റേഴ്‌സുകളെ സജീവമാക്കുകയാണ് ഓപിയോയ്​ഡ് ചെയ്യുന്നത്. ഇവ സജീവമാകുമ്പോൾ വേദന രേഖപ്പെടുത്തുന്ന സംവേദനങ്ങളെ തടയുന്നു. വേദന അനുഭവപ്പെടാത്തതിന് പുറമേ, ശാന്തതയും അൽപ്പം ആനന്ദവും നൽകും. ഇത് ഡോക്ടർമാരുടെ നിർദേശാനുസരണം മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുണ്ട്. ഓരോ രോഗിക്കും എത്ര ഡോസ് നൽകണമെന്നും എത്ര കാലം നൽകണമെന്നുമെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്.

എന്നാൽ, യാതൊരു രോഗവുമില്ലാത്തവരും ഓപിയോയ്ഡുകളെ ആശ്രയിക്കാറുണ്ട്. അത് നൽകുന്ന ലഹരിയാണ് ഇവരുടെ ലക്ഷ്യം. അങ്ങനെ ഈ വേദനസംഹാരികൾ രാക്ഷസരൂപം കൈരിക്കുന്നതാണ് പിന്നെ കണ്ടത്. അവ വിപണി പിടിച്ചടക്കി. ലക്ഷങ്ങളുടെ ജീവനെടുത്തു. 1999 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ അഞ്ചര ലക്ഷത്തിലധികം ആളുകൾ ഓപിയോയ്​ഡ് ഓവർഡോസിൽ മരിച്ചുവെന്നാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ദുരന്തത്തിന്റെ പ്രധാന കാരണക്കാരായി ആരോപിക്കപ്പെടുന്നവരാണ് സാക്‌ലർ കുടുംബും അവരുടെ പർഡ്യൂ ഫാർമയും. ഓപിയോയ്​ഡ് ദുരന്തത്തിൽ എന്താണ് അവരുടെ പങ്ക്?

മയക്കുമരുന്ന് ഉപയോഗിച്ച് തെരുവില്‍ കിടക്കുന്നവര്‍ | Photo: Getty images

ആരാണ് സാക്‌ലർ ഫാമിലി?

പോളണ്ടിലെ ഗലീഷ്യയിൽനിന്ന് ബ്രൂക്​ലിനിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ മൂന്ന് സഹോദരൻമാരാണ് ഈ കഥയിലെ നായകൻമാരും വില്ലൻമാരും. ആർതർ സാക്‌ലർ, മോർട്ടിമർ സാക്‌ലർ, റയ്മണ്ട് സാക്‌ലർ. പഠനത്തിൽ മിടുക്കൻമാരായ മൂവരും ഉപരിപഠനത്തിന് വൈദ്യശാസ്ത്രം തിരഞ്ഞെടുത്തു. മൂവരും അറിയപ്പെടുന്ന മനഃശാസ്ത്ര വിദഗ്ധരായി. സാക്‌ലർ കുടുംബത്തിന്റെ കഥയ്ക്ക് ചരിത്രപ്രാധാന്യം വരുന്നത് 1952 മുതലാണ്. അക്കാലത്താണ് അവർ പർഡ്യൂ എന്ന പേരിലുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി സ്വന്തമാക്കുന്നത്. ഇതോടൊപ്പം തന്നെ സാക്‌ലർ സഹോദരൻമാർ ബയോ കെമിസ്ട്രിയിൽ നൂറിലേറെ പ്രബന്ധങ്ങൾ സംഭാവന നൽകി. ഇതെല്ലാം ശാസത്രലോകത്ത് അവരുടെ സ്വീകാര്യത വർധിക്കുന്നതിന് കാരണമായി. ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ അവരുടെ പ്രവർത്തനങ്ങൾക്ക് പച്ചക്കൊടി വീശി.

ഡെയാസെപാമും സാക്‌ലർ കുടുംബത്തിന്റെ വിപണന തന്ത്രത്തിന്റെ വിജയവും

പര്‍ഡ്യൂ ഫാര്‍മ | Photo credit: Getty Images

സ്വിസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹോഫ്മാൻ ലാ റോഷിന്റെ ഡെയാസെപാം അടങ്ങിയ മരുന്നാണ് ആദ്യം ഇവർ വ്യാപകമായി വിപണിയിൽ എത്തിച്ചത്. മാനസികരോഗങ്ങൾക്കും പിരിമുറുക്കം, പേശികളുടെ സ്പന്ദന തകരാറുകൾ എന്നിവയ്ക്കുമുള്ള മരുന്നായ ഡെയാസെപാം ലോകാരോഗ്യ സംഘടനയുടെ അത്യാവശ്യ മരുന്നുകളിൽപ്പെട്ട ഒന്നാണ്. അമിതമായ ഉത്കണ്ഠ മൂലമുണ്ടാവുന്ന മാനസികരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണിത്. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളുടെ മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനായും ഡെയാസെപാം നൽകാറുണ്ട്. അതിയായ സംഭ്രമം മൂലമുണ്ടാവുന്ന തലവേദന, വിറയൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾക്ക് ഡെയാസെപാം നിർദേശിക്കാറുണ്ട്. ലഘുവായ മാനസിക സമ്മർദങ്ങളകറ്റാൻ ഡെയാസെപാം നൽകാറില്ല. എന്നാൽ, എല്ലാവിധ മാനസിക പിരിമുറുക്കങ്ങൾക്കുമുള്ള ഒറ്റമൂലി എന്ന നിലയിലാണ് ആർതർ സാക്‌ലർ ഡെയാസെപാം വിപണനം ചെയ്തത്. തുടർന്ന് കാര്യമായ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാത്തവരിലും ഡെയാസെപാമിന്റെ ഉപയോഗം വർധിച്ചു. പര്‍ഡ്യൂവിന്റെ മാർക്കറ്റിങ് തന്ത്രത്തിന്റെ ബലത്തിൽ 1971 ആയപ്പോഴേക്കും ഏതാണ്ട് രണ്ട് ബില്ല്യൺ യു.എസ് ഡോളറിന്റെ വരുമാനമാണ് ഹോഫ്മാൻ ലാ റോഷ് നേടിയത്. അതേസമയം വിപണിയിൽ പിടിച്ചുനിൽക്കാനായി സാക്‌ലർ ഉപയോഗിച്ച അതേ തന്ത്രം മറ്റു ഫാർമസ്യൂട്ടിക്കൽ കമ്പനികളും അനുകരിക്കാൻ തുടങ്ങി.

പര്‍ഡ്യൂ ഫാര്‍മ | Photo credit: Getty Images

പൊതുവിപണിയിലെത്തിയ എം.എസ് കോണ്ടിൻ

1980-കളിലാണ് അമേരിക്കയിലെ ആരോഗ്യരംഗത്ത് ഹോസ്പീസ് സെക്ടർ പ്രചാരം നേടിത്തുടങ്ങിയത്. പ്രായമായി അവശനിലയിലായവരെയും മാറാരോഗങ്ങളുമായി മരണത്തെ കാത്തിരിക്കുന്ന മനുഷ്യരെയും പരിചരിക്കുന്ന സ്ഥാപനങ്ങളെയാണ് ഹോസ്പീസ് എന്ന് പറയുന്നത്. അവസാനനാളുകളിൽ മാനസികപ്രയാസങ്ങൾ ഒഴിവാക്കാനും ശാരീരിക വേദനകൾ മറികടക്കാനും ഈ സ്ഥാപനത്തിലെ പരിചരണം കൊണ്ട് കഴിയുന്നു. ഈ സമയത്ത് പെർഡ്യൂ ഫാർമ മോർഫിൻ ഉപയോഗിച്ചുള്ള എം.എസ്. കോണ്ടിൻ എന്ന മരുന്ന് വ്യാപകമായി ഹോസ്പീസ് വിപണിയിലെത്തിച്ചു. കാൻസർ രോഗികൾക്ക് വേദനയും മാനസിക പിരിമുറുക്കവുമില്ലാതെ ശാന്തതയോടെ ഉറങ്ങാൻ സഹായിക്കുന്ന മരുന്നാണ് എം.എസ്. കോണ്ടിൻ.

മരണം കാത്തിരിക്കുന്ന അവശരായ രോഗികൾക്ക് എം.എസ്. കോണ്ടിന്റെ ഉപയോഗം ആശ്വാസം നൽകുന്നതാണ്. എന്നാൽ, പെർഡ്യൂ ഫാർമ ഒരു പടികൂടി കടന്ന് പൊതുവിപണിയിൽ എം.എസ്. കോണ്ടിൻ വിൽക്കാൻ ആരംഭിച്ചു. ഇതായിരുന്നു ഓപിയോയ്​ഡ് ദുരന്തത്തിൽ തുടക്കം കുറിച്ച പ്രധാന നീക്കങ്ങളിലൊന്ന്. എം.എസ്. കോണ്ടിൻ പോലുള്ള മരുന്നുകൾ കാര്യമായ ഓപിയോയ്​ഡ് ആസക്തിയുണ്ടാക്കില്ലെന്നും അതിനുള്ള സാധ്യത ഒരു ശതമാനത്തിൽ താഴെയാണെന്നും അവകാശപ്പെട്ട് ഒട്ടേറെ മെഡിക്കൽ പഠനങ്ങൾ അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു.

ഓക്‌സികോണ്ടിൻ ദുരന്തം; ആരോഗ്യരംഗത്തെ വിലയ്ക്കു വാങ്ങിയ പർഡ്യൂ

ആർതർ സാക്‌ലറിന്റെ അനന്തരവൻ റിച്ചാർഡ് സാക്‌ലർ പർഡ്യൂവിൽ ഗവേഷകനായി ചുമതലയേറ്റതോടെ വിപണി കൂടുതൽ വിപുലമാക്കാൻ തീരുമാനിക്കുന്നു. തുടർന്നാണ് ഓക്സികോണ്ടിൻ എന്ന പുതിയ മരുന്ന് അവതരിപ്പിക്കുന്നത്. ഓക്സികോണ്ടിന് മോർഫിനേക്കാൾ വീര്യം കുറവാണെന്നായിരുന്നു പല ഡോക്ടർമാരുടെയും ധാരണ. യു.എസ്. ഫുഡ് ആന്റ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ 1995-ൽ ഓക്സികോണ്ടിന് അംഗീകാരം നൽകി. 1996 മുതൽ വിപണിയിൽ ലഭ്യമായി തുടങ്ങി. എം.എസ്. കോണ്ടിൻ ഉപയോഗിക്കുന്ന കാൻസർ രോഗികളിൽ തന്നെയാണ് തുടക്കത്തിൽ ഓക്സികോണ്ടിനും പർഡ്യൂ പരീക്ഷിച്ചത്. പിന്നീട് പൊതുവിപണിയിൽ വ്യാപകമായി ലഭ്യമാക്കിത്തുടങ്ങി.

ഡോക്ടർമാർ, ഫാർമസ്യൂട്ടിക്കൽ വിദഗ്ധർ, മെഡിക്കൽ റപ്രസന്റേറ്റീവുകൾ തുടങ്ങി ആരോഗ്യരംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ മുന്നിൽ നിർത്തിയായിരുന്നു ഓക്​സികോണ്ടിന്റെ പ്രചാരം വർധിപ്പിച്ചത്. ഓക്സികോണ്ടിൻ ഉപയോഗിക്കുന്നവരിൽ അത് ആസക്തിയുണ്ടാക്കാനുള്ള സാധ്യത ഒരു ശതമാനത്തിൽ താഴെയാണെന്നുള്ള പല്ലവി അവരും ആവർത്തിച്ചു. എന്നാൽ, ഉപയോഗിച്ചവരിൽ പലർക്കും ആ ശീലത്തിൽനിന്ന് പുറത്ത് കടക്കാനായില്ല. ഇതേക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ അത് തങ്ങളുടെ വീഴ്ചയല്ലെന്നും നിർദ്ദിഷ്ട ഡോസിനേക്കാൾ കൂടുതൽ ഉപയോ​ഗിച്ചതു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും പർഡ്യൂ ഫാർമ വിശദീകരണം നൽകി.

ഓസ്‌കികോണ്ടിന്‍ | Photo Credit: AP

ഈ സമയമെല്ലാം ഫാർമസിയുടെ വിപണി വിപുലീകരിക്കുന്നതിനോടൊപ്പം സൽപ്പേര് ഉയർത്തുന്നതിനായി സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസരംഗത്തും രാഷ്ട്രീയരംഗത്തും വലിയ സാമ്പത്തിക സംഭാവനകളാണ് സാക്‌ലർ ഫാമിലി നൽകിയത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്‌സ്, അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി, ഹാർവാർഡ്, യേൽ, കോർണൽ, ഓക്സ്ഫോർഡ് തുടങ്ങിയ സർവകലാശാലകൾ എന്നിവയെല്ലാം ഇവരുടെ സംഭാവനകൾ സ്വീകരിച്ച പട്ടികയിൽപ്പെടുന്നു. കണക്ടികട്ടിലെ ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം ഒരു ലക്ഷം ഡോളറാണ് സംഭാവന നൽകിയത്.

ഫാക്ടറി തൊഴിലാളികളിൽ വിതച്ച ദുരന്തം

ഓക്സികോണ്ടിന്റെ സ്വാധീനം ഊട്ടിയുറപ്പിക്കാനായി പർഡ്യൂ ഡോക്ടർമാരെയും ഫാർമസികളെയും മെഡിക്കൽ റെപ്രസിന്റീവുകളെയും വിലയ്ക്കെടുത്തു. ഡോക്ടർമാരെ പങ്കെടുപ്പിച്ച വിവിധയിടങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് റാലികളിൽ അകമഴിഞ്ഞ സംഭാവനകൾ നൽകി രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും സാക്‌ലർ ഫാമിലി വരുതിയിലാക്കി.

മയക്കുമരുന്നു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാഗംങ്ങള്‍ നടത്തിയ പ്രതിഷേധം
| Photo credit: Getty Images

കാൻസർ രോഗികൾ അല്ലാത്തവർക്കും ഓക്സികോണ്ടിൻ ഡോക്ടർമാർ കുറിച്ചു നൽകി. 2001 ആയപ്പോഴേക്കും ഓക്സികോണ്ടിന്റെ വിപണി ഒരു ബില്ല്യൺ ഡോളറോളമെത്തി. ഈ മരുന്ന് ഏറ്റവും കൂടുതൽ വിറ്റുപോന്നിരുന്ന സ്ഥലങ്ങളിൽ അതിന് അടിമയായവരുടെ എണ്ണവും വർധിച്ചുകൊണ്ടിരുന്നു. ശാരീരികാധ്വാനം ഏറെയുള്ള ഫാക്ടറി തൊഴിലാളികളായിരുന്നു പർഡ്യൂവിന്റെ അടുത്ത ഇരകൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു അവർ. പരിക്ക് പറ്റുമ്പോഴും മറ്റും വേദന മറന്ന് ജോലി തുടരാൻ അവർ ഓക്സികോണ്ടിനിൽ അഭയം തേടി. ഒടുവിൽ അതൊരു ലഹരിയായി മാറി. ഓക്‌സികോണ്ടിന് അടിമയായ ഒരാൾക്ക് അതിൽനിന്ന് പുറത്ത് കടക്കുന്നത് എളുപ്പമല്ല. മാനസികമായ സമ്മർദത്തിന് പുറമേ തളർച്ച, മയക്കം, പേശികളിൽ വേദന, ഛർദ്ദി, അമിതമായ വിയർപ്പ്, ലൈംഗികതയിൽ താൽപര്യമില്ലായ്മ, മലബന്ധം, തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് നേരിടേണ്ടിവരിക. ഇത് തിരിച്ചറിയാനും കൃത്യമായ ചികിത്സ ലഭ്യമാക്കാനും സാഹചര്യമില്ലാത്തവർ ഓക്‌സികോണ്ടിന്റെ ഉപയോഗം തുടർന്നുകൊണ്ടേയിരുന്നു.

ആരോപണങ്ങൾ ചൂടുപിടിക്കുന്നു

തെരുവില്‍ കൂട്ടംകൂടി മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍
| Photo: Getty images

അധാർമികമായ വിപണന തന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് പർഡ്യൂ ഫാർമയ്ക്കെതിരേയുള്ള ആരോപണങ്ങൾ ശക്തമാകുന്നത് 2007-ലാണ്. പർഡ്യൂവിന്റെ സ്വാധീനത്തിന് മുട്ടുമടക്കാതെ നിന്ന ഡോക്ടർമാരും ഗവേഷകരും മറ്റ് ആരോഗ്യപ്രവർത്തകരുമെല്ലാം ശക്തമായി രംഗത്ത് വന്നു. തുടർന്ന് ഓക്സികോണ്ടിന്റെ അനാവശ്യ ഉപയോഗം ആസക്തി ഉണ്ടാക്കുമെന്ന സത്യം മറച്ചുവച്ചതിന് പർഡ്യൂവിന് നിയമനടപടി നേരിടേണ്ടി വന്നു. 600 മില്യൺ ഡോളർ പിഴയടച്ചാണ് അന്ന് പർഡ്യൂ കേസ് ഒത്തുതീർപ്പാക്കിയത്. കമ്പനിയുടെ ഉയർന്ന പദവിയിൽ ഇരിക്കുന്നവർ തെറ്റ് സംഭവിച്ചുവെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ, 2009-ൽ ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളാണ് വെകോഡിൻ, ഓക്സികോണ്ടിൻ തുടങ്ങിയ മരുന്നുകളുടെ ഓവർഡോസിനു ചികിത്സ തേടിയത്. അമിതോപയോഗത്തിൽ ഒട്ടേറെപേർ മരിച്ചു. തുടർന്ന് 2013-ൽ എഫ്.ഡി.എ. ഓക്‌സികോണ്ടിന്റെ ജനറിക് വേർഷൻ നിരോധിച്ചു.

ഡേവിഡ് ആംസ്ട്രോങ്;' 52 വീക്ക്സ്, 52 വിക്ടിംസ്'

ആരോഗ്യരംഗത്തെ കേന്ദ്രീകരിച്ച് നടക്കുന്ന അധാർമിക പ്രവർത്തനങ്ങളെയും അഴിമതികളെയും കുറിച്ച് അന്വേഷിക്കുന്ന മാധ്യമപ്രവർത്തകനായ ഡേവിഡ് ആംസ്ട്രോങ്ങാണ് പർഡ്യൂ ഫാർമയുടെ പൊയ്മുഖം ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നതിൽ വലിയ പങ്കുവഹിച്ചത്. തനിക്ക് ലഭിച്ച രഹസ്യ ഇ-മെയിലുകളുടെയും സന്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആംസ്ട്രോങ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പർഡ്യൂ ഫാർമയ്ക്ക് സ്വാധീനം ഉണ്ടായിരുന്ന പ്രദേശങ്ങളിൽ ഓപിയോയ്ഡുകളുടെ ഓവർഡോസ് കാരണമുള്ള മരണനിരക്ക് തികച്ചും അസ്വാഭാവികമാണെന്ന് ആംസ്റ്റ്രോങ്ങ് മനസ്സിലാക്കി. ഓപിയോയ്ഡുകളുടെ അമിത ഉപയോഗത്തിനെതിരേ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന, പർഡ്യൂ ഫാർമസിയുടെ വാഗ്ദാനങ്ങൾക്ക് കീഴ്പ്പെടാതിരുന്ന ഡോക്ടർമാർ അടക്കമുള്ള ഏതാനും ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ആംസ്ട്രോങ് നിർണായകമായ ഒട്ടേറെ തെളിവുകൾ ശേഖരിച്ചു.

ഓപിയോയ്ഡ് ദുരുപയോഗത്തിൽ ജീവൻ നഷ്ടപ്പെട്ട ഇരകളെക്കുറിച്ച് 2016-ൽ '52 വീക്ക്സ്, 52 വിക്ടിംസ്' എന്ന തലക്കെട്ടിൽ സ്റ്റാറ്റ് ന്യൂസ് ഡോട്ട്കോമിൽ ഡേവിഡ് ആംസ്ട്രോങ് എഴുതിയ ഒരു ലേഖനം സാക്‌ലർ ഫാമിലിയെ മാത്രമല്ല, ഒട്ടേറെ ഫാർമസ്യൂട്ടിക്കൽ കമ്പനികളെ പ്രതികൂട്ടിൽ നിർത്തുന്ന ഒന്നായിരുന്നു. ഡോക്ടർമാരുടെ വിശ്വാസ്യതയെ ദുരുപയോഗം ചെയ്യുന്ന പർഡ്യൂ ഫാർമയുടെ നെറികെട്ട തന്ത്രത്തെ തുറന്നുകാട്ടാൻ ആംസ്ട്രോങ്ങിന് സാധിച്ചു. അദ്ദേഹത്തിന്റെ അന്വേഷണങ്ങളുടെ ചുവടുപിടിച്ച് മറ്റു മാധ്യമങ്ങൾ അതേറ്റെടുത്തതോടെ ആരോഗ്യരംഗത്തെ പുഴുക്കുത്തുകൾക്കെതിരേയുള്ള ജനവികാരം ശക്തമായി. 2019-ൽ സാക്‌ലർ ഫാമിലിയ്ക്കും പർഡ്യൂ ഫാർമയ്ക്കുമെതിരേ 1600-ലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ ഓപിയോയ്ഡ് ഉപയോഗത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളും ആസക്തിയിൽനിന്ന് പുറത്തുകടന്ന് പുതിയ ജീവിതത്തിലേക്ക് തിരിച്ചുവന്നവരും ഉണ്ടായിരുന്നു.

2016-ൽ മയക്കുമരുന്ന് ഓവർഡോസിൽ അമേരിക്കയിൽ ഏകദേശം 64,000 ആളുകൾക്കാണ് ജീവൻ നഷ്ടമായത്. അതിൽ ഓപിയോയ്ഡ് ദുരുപയോ​ഗം മൂലമുള്ള മരണങ്ങൾ 42,000-ത്തോളമയിരുന്നു. തുടർന്ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പബ്ലിക് ഹെൽത്ത് എമർജൻസി (പൊതു ആരോഗ്യ അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചു. മയക്കുമരുന്നിന്റെ അമിതോപയോഗം കൊണ്ടുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ കാരണം മാത്രമല്ല ഈ മരണങ്ങൾ സംഭവിച്ചത്. ഉന്മാദാവസ്ഥയിൽ സംഭവിക്കുന്ന കാർ അപകടങ്ങൾ, വെടിവെയ്പ്പ് മുതലായ അനിഷ്ട സംഭവങ്ങളും ഒരുപാട് ഇരകളെ സൃഷ്ടിച്ചു. ഈ സാഹചര്യത്തിലായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഓപിയോയ്ഡ് ദുരന്തത്തില്‍ സാക്ലര്‍ ഫാമിലിയുടെ പങ്ക് ആരോപിച്ച് പാട്രിക് റാഡെന്‍ കീഫി എഴുതിയ എംപയര്‍ ഓഫ് പെയിന്‍ എന്ന പുസ്തകം

ഓപിയോയ്ഡ് ദുരന്തത്തിൽമേലുള്ള ഉത്തരവാദിത്തം പർഡ്യൂ ഫാർ‍മയ്ക്കെതിരേ ആരോപിക്കപ്പെട്ടതോടെ ഇരകൾക്ക് നൽകേണ്ട നഷ്ടപരിഹാര തുകയിൽ ഏകദേശ ധാരണയിൽ എത്തിയ ശേഷം പർഡ്യൂ ഫാർമ പാപ്പർ ഹർജി സമർ‍പ്പിച്ചു. നിയമപ്രശ്നങ്ങൾ തുടങ്ങുന്ന സമയത്ത് തന്നെ സാക്‌ലർ കുടുംബം പർഡ്യൂ ഫാർമയിൽനിന്ന് ഏകദേശം പത്ത് ബില്യൺ ഡോളർ പിൻവലിച്ചതായി ഓഡിറ്റ് സ്ഥാപനമായ ആലിക്സ് പാർട്ട്നേഴ്സ് കണ്ടെത്തി. 2021 സെപ്തംബറിൽ നാലര ബില്യൺ ഡോളറിന്റെ ഒരു പദ്ധതിയിലൂടെ പർഡ്യൂ ഫാർമയെ ഒരു പബ്ലിക് ബെനഫിറ്റ് കോർപ്പറേഷനായി പുനസംഘടിപ്പിക്കാൻ ധാരണയായി. ഇതിലൂടെ ഓപിയോയ്ഡ് ദുരന്തത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു. ഇതോടൊപ്പം തന്നെ ഓപിയോയ്ഡ് ദുരന്തത്തിൽ സാക്‌ലർ ഫാമിലിയ്ക്ക് ഭാവിയിൽ ഉത്തരവാദിത്തം ഉണ്ടാകില്ലെന്നും എഴുതിച്ചേർക്കപ്പെട്ടു. എന്നാൽ 2021 ഡിസംബറിൽ സതേൺ ഡിസ്ട്രിക്ട് ഓഫ് ന്യൂയോർ‍ക്ക് കോടതി സാക്‌ലർ ഫാമിലിയെ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നോ തുടർനിയമനടപടികളിൽ നിന്നോ ഒഴിവാക്കാനാകില്ലെന്ന് വിധിച്ചു.

2023 മെയ് 30-നാണ് കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം പുറത്തുവന്നത്. അതിൽ ന്യൂയോർക്ക് കോർട്ട് ഓഫ് അപ്പീൽസിന്റെ വിധി പ്രകാരം സാക്‌ലർ ഫാമിലി ആറ് ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. ഇതിന് പകരമായി പർഡ്യൂ ഫാർമയ്ക്കെതിരേ നിലവിലുള്ളതും ഭാവിയിലുമുള്ള എല്ലാ നിയമനടപടികളിൽനിന്നും സാക്‌ലർ കുടംബത്തിന് സംരക്ഷണം ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു. എട്ട് സ്റ്റേറ്റുകളും ഡിസ്ട്രിക് ഓഫ് കൊളംബിയയുമായാണ് ഈ ധാരണയിൽ സാക്‌ലർ ഫാമിലിയുമായി എത്തിച്ചേർന്നത്. സാക്‌ലർ ഫാമിലിയുടെ സ്പോൺസർഷിപ്പിലുള്ള സ്ഥാപനങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങിയവയിൽനിന്ന് അവരുടെ പേര് നീക്കം ചെയ്യുന്നതിൽ തടസ്സമില്ലെന്നും ധാരണയായി.

അതേസമയം, പേര് നീക്കം ചെയ്യുന്നത് തങ്ങളെ അറിയിക്കണമെന്നും ആ പ്രക്രിയയിൽ കുടുംബത്തിന്റെ പേര് മോശമാക്കുന്ന തരത്തിലുള്ള പൊതു അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാകരുതെന്നും ഈ ധാരണയിൽ പറയുന്നു. ഈ വിധിയിലൂടെ പർഡ്യൂ ഫാർമയ്ക്ക് പാപ്പർ ഹർജിയുമായി മുന്നോട്ടുപോകാനുള്ള തടസ്സങ്ങൾ ലഘൂകരിക്കാൻ സാധിച്ചേക്കും. ഇത് തങ്ങളുടെ വിജയമാണെന്നാണ് പർഡ്യൂ ഫാർമ ഇപ്പോൾ അവകാശപ്പെടുന്നത്. ഈ ഉത്തരവിലൂടെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും ഈ ദുരന്തത്തിന്റെ തീക്ഷ്ണത കുറയ്ക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാനും കോടിക്കണക്കിന് ഡോളർ വകയിരുത്താൻ സാധിക്കുമെന്ന് പർഡ്യൂ ഫാർമയുടെ പ്രതിനിധി പറയുന്നു.

Content Highlights: opioid pandemic, America, Sackler family, Purdue pharma, drug abuse, victims


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mahadev book

3 min

ജ്യൂസ് വില്‍പ്പനക്കാരന്‍ കോടീശ്വരനായി; 200 കോടി പൊടിച്ചവിവാഹം, താരനിര; മഹാദേവ് ബുക്കില്‍ അന്വേഷണം

Sep 16, 2023


psc wayanad civil station
Premium

9 min

റാങ്കും പട്ടികയും നിയമനവും, സർവം വ്യാജം; പി.എസ്.സിയിൽ ഇതൊക്കെ പണ്ടേ പയറ്റിത്തെളിഞ്ഞത്

Jul 28, 2023


Shafi, Jeffrey Dahmer

4 min

ഇരകള്‍ ആണുങ്ങള്‍, ഷാഫിയുടെ അതേ മനോനില; ആരാണ് ജെഫ്രി ഡാമര്‍? ആ സീരിയല്‍ കില്ലര്‍ക്ക് സംഭവിച്ചത്‌..

Oct 17, 2022


Most Commented