ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി കുട്ടനെല്ലൂരിൽ പോലീസ് നടത്തിയ പരിശോധന | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂർ: സാമൂഹികവിരുദ്ധരെയും ഗുണ്ടകളെയും അമർച്ച ചെയ്യുന്നതിനുള്ള ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി ഡി.െഎ.ജി. എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 119 പേർ അറസ്റ്റിലായി. തൃശ്ശൂർ ജില്ലയിൽനിന്ന് 45 പേരെയും മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നായി 74 പേരെയുമാണ് അറസ്റ്റു ചെയ്തത്.
ജില്ലയിലെ ഒല്ലൂർ, അന്തിക്കാട്, കുന്നംകുളം, കൊരട്ടി, ചാലക്കുടി, ചാവക്കാട് മേഖലകളിൽ നിന്ന് വടിവാൾ, വെട്ടുകത്തി, മഴു, കത്തി, പന്നിപ്പടക്കം എന്നിവ കണ്ടെത്തി. മലപ്പുറം, പാലക്കാട് ജില്ലകളിൽ വിവിധ ഇടങ്ങളിൽനിന്നായി ആയുധങ്ങളും നാടൻ തോക്കും കണ്ടെടുത്തു.
തൃശ്ശൂർ സിറ്റി കമ്മിഷണർ ഓഫീസിന്റെ പരിധിയിൽ 102 ഗുണ്ടാത്താവളങ്ങളിലായിരുന്നു പരിശോധന. 420 കുറ്റവാളികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 74 ആളുകളുടെ പേരിൽ കരുതൽ നടപടിക്ക് ശുപാർശചെയ്തു. സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ, അസിസ്റ്റന്റ് കമ്മിഷണർമാരായ വി.കെ. രാജു, എസ്. സിനോജ്, ജിജു ഭാസ്കർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
റൂറൽ എസ്.പി. ഓഫീസിന്റെ പരിധിയിൽ 88 ഇടങ്ങളിലായിരുന്നു പരിശോധന. നാലുപേരെ അറസ്റ്റ് ചെയ്തു. ഏഴാളുടെ പേരിൽ കരുതൽ നടപടിക്ക് ശുപാർശ ചെയ്തു. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
അന്തിക്കാട് സ്റ്റേഷൻ പരിധിയിൽനിന്ന് മാമബഷീറിനെയും കയ്പമംഗലം എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ ധനേഷ് (36) കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു..
മതിലകം, കാട്ടൂർ, വലപ്പാട്, ഇരിങ്ങാലക്കുട, കയ്പമംഗലം, ചേർപ്പ് എന്നീ സ്റ്റേഷനുകളിലായി കവർച്ച, ഭവനഭേദനം, കൊലപാതകശ്രമം, ലഹരി കടത്ത് ഉൾപ്പെടെ ഇരുപത്തഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ധനേഷ് എന്ന് പോലീസ് പറഞ്ഞു. ഇവരിൽനിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. മാളയിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രശാന്തും അറസ്റ്റിലായിട്ടുണ്ട്.
ഡി.െഎ.ജി.യുടെ നേതൃത്വത്തിൽ 170 പേരടങ്ങുന്ന പോലീസ് സംഘം ബോംബ് സ്ക്വാഡ്, മെറ്റൽ ഡിറ്റക്ഷൻ സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയ സന്നാഹങ്ങളുമായിട്ടാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരും.
ഗുണ്ടാസംഘങ്ങളെപ്പറ്റി വിവരം കിട്ടുന്നവർ ഡി.െഎ.ജി. ഓഫീസിലെ കൺട്രോൾ റൂമിലെ 9497901657 എന്ന നമ്പരിൽ അറിയിക്കണം.
Content Highlights:operation ranger thrissur and other two districts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..