പ്രതീകാത്മക ചിത്രം | മാതൃഭൂമി
ഇരിട്ടി(കണ്ണൂർ): ഓൺലൈൻ വിതരണശൃംഖല മുഖേന ഇടപാടുകാർക്ക് അയച്ച 31 ഫോണുകളും ഒരു ക്യാമറയും ഉൾപ്പെടെ 11 ലക്ഷം രൂപയുടെ ഇലക്ടോണിക്സ് സാധനങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ഓൺലൈൻ സാധനങ്ങൾ ഇടപാടുകാർക്ക് എത്തിക്കുന്ന എൻഡക്സ് ട്രാൻസ്പോർട്ട് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏരിയ മാനേജർ പി. നന്തു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. സാധനങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുനല്‍കുന്ന കൂറിയർ സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ വിലപിടിപ്പുള്ള ആറ് മൊബൈലുകൾ തട്ടിയെടുത്ത കൂറിയർ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഓൺലൈൻ ഇടപാടിലെ ചില സാങ്കേതികത്വങ്ങളും സമയപ്രശ്നവും ആണ് തട്ടിപ്പുകാർ ഉപയോഗപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഉത്പന്നങ്ങൾക്ക് വിലക്കുറവുള്ള സമയത്ത് വ്യാജവിലാസം ഉണ്ടാക്കി സാധനങ്ങൾ ഓർഡർ ചെയ്യും. ഓർഡർ ചെയ്ത സാധനങ്ങൾ കൈപ്പറ്റുമെങ്കിലും പണം കൊടുക്കില്ല. ആവശ്യക്കാർ ഓൺലൈനായി പണം അയച്ചുവരുത്തുന്ന സാധനങ്ങളും മോഷ്ടിക്കുന്നു.
ഇടപാടുകാർ ബുക്ക് ചെയ്യുന്ന ഏതു സാധനവും വേണ്ടെന്ന് വെക്കാം. ഈ സമയങ്ങളിൽ ഇടപാടുകാരന് പണം തിരികെ അക്കൗണ്ടിൽ വരുമെങ്കിലും സാധനം വിതരണക്കാരുടെ ഓഫീസിലെത്തിയിട്ടുണ്ടാവും. ഇവ തിരിച്ചയക്കാതെ തട്ടിയെടുത്ത സംഘങ്ങളെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വിതരണശൃംഖലയുമായി ബന്ധമുള്ള ചില ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. വിലപിടിപ്പുള്ള അഞ്ച് ഐഫോണുകൾ മാറ്റി തിരിച്ചയക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തട്ടിപ്പ് പുറത്തായത്. അഞ്ച് മൊബൈലുകളുടേയും കവർ പൊട്ടിച്ച് അതിനകത്തെ വിലപിടിപ്പുള്ള ഫോണുകൾ മാറ്റി പ്രവർത്തിക്കാത്ത ഫോണുകൾ വെച്ചതായി കണ്ടെത്തി. ഇത്തരം ഫോണുകളുടെ ഐ.എം.ഇ.ഐ. നമ്പർ പരിശോധിച്ചപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വില്പന നടത്തിയതായി കണ്ടെത്തി. ഇവ വില്പന നടത്തിയവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി. 80,000 രൂപവരെയുള്ള ഫോണുകളാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.
ഇരിട്ടി ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണൻ, എസ്.ഐ.മാരായ ദിനേശൻ കൊതേരി, ബേബി ജോർജ്, റജി സ്കറിയ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് റഷീദ്, കെ. നവാസ്, എം. ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Content Highlights:online shopping courier service fraud kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..