പ്രതീകാത്മക ചിത്രം | AFP
സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായതോടെ സാമ്പത്തിക തട്ടിപ്പുകളുടെ രീതിയും സ്വഭാവവും മാറിമറിഞ്ഞിരിക്കുകയാണ്. ഇരുതലമൂരിയും വലംപിരി ശംഖിന്റെയും പേരില്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാപകമായിരുന്ന സ്ഥാനത്താണ് നേരിട്ട് കാണാത്ത ആളുകളുടെ മോഹനവാഗ്ദാനങ്ങളില്‍ വീണ് പണം തുലയ്ക്കുന്നത്. കോവിഡ് കാലത്ത് സാമ്പത്തികമായി പ്രതിസന്ധി നേരിട്ട നിരവധി മലയാളികള്‍ ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ക്ക് ഇരകളായിട്ടുണ്ട് എന്നതാണ് വാസ്തവം. കോവിഡ് ലോക്ക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സാധിക്കാതെ വന്ന നിരവധി പേരാണ് സാമൂഹികമാധ്യമങ്ങള്‍ വഴി കണ്ട ലിങ്കുകളില്‍ കൂടി തട്ടിപ്പുകള്‍ക്ക് ഇരകളായിട്ടുള്ളത്. ഇതിലധികവും ലോണ്‍ ആപ്പുകള്‍, പാര്‍ട്ട് ടൈം ജോലി തുടങ്ങിയവയിലൂടെയാണ്.
'പാര്‍ട്ട് ടൈം' തട്ടിപ്പുകള്‍
വേഡ് ഫയലുകളോ ഇമേജുകളോ പി.ഡി.എഫ്. ഫോര്‍മാറ്റിലേക്ക് മാറ്റി നല്‍കുക. അല്ലെങ്കില്‍ ഇമേജ് ഫയലുകള്‍ വേഡ് ഫയലാക്കി മാറ്റി നല്‍കുക തുടങ്ങിയവയുടെ രൂപത്തിലാണ് പാര്‍ട് ടൈം തട്ടിപ്പുകള്‍ കളംപിടിക്കുന്നത്. സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോ നിലവിലെ വരുമാനം ജീവിതച്ചെലവുകള്‍ക്ക് തികയാതെ വരുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നു. ജോലി പൂര്‍ത്തിയാക്കി കഴിഞ്ഞ് പണം ആവശ്യപ്പെടുമ്പോളാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കണമെന്നുണ്ടെങ്കില്‍ പ്രോസസിങ് ചാര്‍ജ് എന്ന പേരില്‍ 1000 മുതല്‍ 2000 രൂപ വരെ പണം യു.പി.ഐ. വഴി അയക്കാനാണ് ആവശ്യപ്പെടുക. ഇങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് മറ്റ് പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ദിവസങ്ങള്‍ക്ക് ശേഷമാണ് നടന്നത് തട്ടിപ്പാണെന്ന് ആളുകള്‍ക്ക് മനസിലാകുക. ഇനിയും പറ്റിക്കാന്‍ കഴിയുമെന്ന് ബോധ്യമായാല്‍ അവരെ കള്ളങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ച് വീണ്ടും കൂടുതല്‍ തുക തട്ടിയെടുക്കും. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകളാണ് കേരളത്തില്‍ നടക്കുന്നത്.
കോട്ടയം സ്വദേശിനിയായ വീട്ടമ്മയ്ക്ക് പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍ നഷ്ടപ്പെട്ടത് 8000 രൂപയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. വീട്ടുകാര്യങ്ങള്‍ക്കും വായ്പാ തിരിച്ചടവും കഴിഞ്ഞ് ജീവിതച്ചെലവിന് ഭര്‍ത്താവിന്റെ വരുമാനം മാത്രം മതിയാകില്ലെന്ന പ്രതിസന്ധി സമയത്താണ് സാമൂഹികമാധ്യമങ്ങളിലെ പാര്‍ട്ട് ടൈം പരസ്യം ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദിവസം ഒരു മണിക്കൂര്‍ മാത്രം മതിയെന്നതും വീട്ടുജോലികള്‍ തീര്‍ത്തതിന് ശേഷം സ്വസ്ഥമായ സമയത്ത് ചെയ്ത് തീര്‍ക്കാമെന്നതും സ്വന്തം മൊബൈല്‍ ഫോണില്‍ ജോലി ചെയ്യാമെന്നതും അവരെ പരസ്യത്തിലേക്ക് ആകര്‍ഷിപ്പിച്ചു. ഇതോടെ വീട്ടമ്മ പരസ്യത്തില്‍ കണ്ട നമ്പറില്‍ ബന്ധപ്പെട്ടു. വാട്സാപ്പ് വഴിയായിരുന്നു ആശയവിനിമയം മുഴുവന്‍.
ഓരോ ദിവസം നൂറു കണക്കിന് ഇമേജ് ഫയലുകളായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. മുഴുവന്‍ നിശ്ചിതസമയത്ത് തന്നെ ചെയ്ത് തീര്‍ത്തു. ഒടുവില്‍ മാസം ഒന്നു കഴിഞ്ഞതോടെ പ്രതിഫലം പാസായെന്നും അത് ലഭിക്കുന്നതിന് മുമ്പ് പ്രോസസിങ് ഫീസായി 2000 രൂപ അയക്കാനും ആവശ്യപ്പെട്ടു. ഇതിന് ശേഷവും പണം അക്കൗണ്ടിലേക്ക് വരാതിരുന്നതിനേത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ വീണ്ടും പ്രോസസിങ് തുകയെന്ന പേരില്‍ 6000 രൂപ അടയ്ക്കണമെന്നും ആ തുകയും ആദ്യമയച്ച പ്രോസസിങ് ചാര്‍ജും ഒപ്പം ജോലി ചെയ്തതിന്റെ പ്രതിഫലമായി നല്ലൊരു തുകയും ഉടന്‍ അക്കൗണ്ടിലേക്ക് വരുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഇത് വിശ്വസിച്ച് പണം അയച്ചെങ്കിലും അക്കൗണ്ടിലേക്ക് പണം വന്നില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പ്രതികരണം ഇല്ലാതാവുകയും വാട്സാപ്പിലുള്‍പ്പെടെ വിളിച്ചാല്‍ കിട്ടാതാവുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പാണ് നടന്നതെന്ന് വീട്ടമ്മയ്ക്ക് മനസിലായത്.
മറ്റു പല ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാന്‍ സൂക്ഷിച്ചിരുന്ന പണമാണ് ഇവര്‍ക്ക് നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട കാര്യം അടുത്ത സുഹൃത്തുക്കളോട് പങ്കുവെച്ചു. ഇവര്‍ വഴി അന്വേഷിച്ചപ്പോളാണ് തന്നെ വിളിച്ചത് ആന്ധ്രാപ്രദേശില്‍ നിന്നുള്ള നമ്പരില്‍ നിന്നാണെന്ന് മനസിലായത്. അതോടെ പണം നഷ്ടപ്പെട്ടതിനേപ്പറ്റി പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് തിരികെ കിട്ടുമെന്ന ഉറപ്പില്ലാത്തതിനാലും ബന്ധുക്കളുടെ കുത്തുവാക്കുകളും ഭയന്ന് അതിന് മുതിര്‍ന്നില്ല.

മലയാളം വള്ളിപുള്ളി തെറ്റാതെ പറയും; മലയാളിയെ പറ്റിക്കുന്ന മലയാളികള്‍
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മലയാളികളെ നേരത്തെ ഇത്തരം തട്ടിപ്പുകളില്‍ വീഴ്ത്തിയിരുന്നത്. ഇപ്പോള്‍ അതെല്ലാം മാറി. മറ്റു സംസ്ഥാനങ്ങളിലിരുന്ന് മലയാളികള്‍ തന്നെയാണ് തട്ടിപ്പ് നടത്തുന്നത്. ആന്ധ്രാപ്രദേശ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലും തട്ടിപ്പ് സംഘങ്ങള്‍ ആളുകളെ വിളിക്കുന്നതെന്നാണ് പോലീസ് സൈബര്‍ സെല്‍ പറയുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താൽ കോവിഡിന് ശേഷം സൈബര്‍ തട്ടിപ്പുകളില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2020-ല്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 426 ആണ്. എന്നാല്‍, 2022 ആയപ്പോള്‍ അത് ഇരട്ടിയോളം വര്‍ധിച്ച് 815 ആയി. കോവിഡ് കാലത്തിന് ശേഷം ആളുകള്‍ കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലേക്ക് കടന്നിട്ടുണ്ട് എന്നുള്ള നിഗമനത്തെ ഇതിനോട് കൂട്ടിവായിക്കണം. മുമ്പ് സാധാരണ ഫോണ്‍ ഉപയോഗിച്ചിരുന്നവര്‍ പോലും ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലേക്ക് കടന്നിട്ടുണ്ട്. ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വഴി ചതിക്കപ്പെടുന്നവരുടെ എണ്ണവും അടുത്തിടെ കൂടിയിട്ടുണ്ട്.

തട്ടിപ്പുകള്‍ക്കൊപ്പമുണ്ടാകുന്ന മാനസിക ആഘാതവും സമ്മര്‍ദ്ദവും പലരെയും കടുംകൈകള്‍ക്ക് പ്രേരിപ്പിച്ചേക്കാം. അടിയന്തരാവശ്യങ്ങള്‍ക്കായി കരുതിവെച്ചിരുന്ന തുക പെട്ടെന്നൊരു ദിവസം തട്ടിപ്പിലൂടെ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന കുറ്റബോധവും അപമാനഭീതിയും സാധാരണക്കാരെ തളര്‍ത്താന്‍ പോകുന്നതാണ്. പ്രത്യേകിച്ച് അതു മൂലമുണ്ടായേക്കാവുന്ന ചെറിയ സാമ്പത്തിക പ്രതിസന്ധിപോലും കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധ്യതയുണ്ടെങ്കില്‍.
ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ആദ്യം വ്യാപകമായത് ഒ.ടി.പി. തട്ടിയെടുത്ത് പണം ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം മാറ്റുന്ന രീതിയിലായിരുന്നു. ഇതിനെതിരെ പോലീസും റിസര്‍വ് ബാങ്കും വിവിധ വാണിജ്യ ബാങ്കുകളും നിരവധി തവണ ബോധവത്കരണം നടത്തിയെങ്കിലും ഇന്നും അത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. എന്നാല്‍, അത്തരം സംഭവങ്ങളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
തട്ടിപ്പ് നടത്തുന്നവരുടെ രീതി പലപ്പോഴും പോലീസിന് വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. ഇത്തരക്കാര്‍ യു.പി.ഐ. ഐ.ഡിയായി നല്‍കുന്നത് വ്യാജ വിവരങ്ങൾ ഉപയോഗിച്ചെടുത്ത അക്കൗണ്ടുകളായിരിക്കാം. പരാതി ലഭിച്ച് സൈബര്‍ പോലീസ് അക്കൗണ്ട് മരവിപ്പിക്കുമ്പേഴേക്കും അതിലെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിക്കഴിഞ്ഞിരിക്കും. ഇനി കേസുകള്‍ അന്വേഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചിരുന്ന നമ്പര്‍ മറ്റാരുടെയെങ്കിലും പേരില്‍ എടുത്തിട്ടുള്ളവയായിരിക്കും. ഇവര്‍ക്ക് സ്വന്തമായി ഫോണ്‍ പോലും ഉണ്ടാകണമെന്നില്ല.
പോലീസ് നേരിടുന്ന വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. കേരളത്തില്‍ മാത്രമല്ല, രാജ്യത്ത് നിരവധി ഇടങ്ങളില്‍ ഇപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍, കേരളത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കൂടുതലാണെന്നു കാണാം. നാഷണല്‍ ക്രൈം പോര്‍ട്ടല്‍, സൈബര്‍ ക്രൈം പോര്‍ട്ടല്‍, സംസ്ഥാനത്തെ സൈബര്‍ സെല്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കണക്കുകള്‍ പ്രകാരം ലക്ഷങ്ങളാണ് ഓരോ തട്ടിപ്പുകാരും മലയാളികളില്‍നിന്ന് മാത്രം ഓരോ മാസവും തട്ടിയെടുക്കുന്നത്. കേരളത്തിലെ സൈബര്‍ സെല്ലില്‍ മാത്രം മാസം 10 ലക്ഷം രൂപയുടെ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്കുകള്‍.
അടുത്തറിയുന്ന സുഹൃത്ത്, വീട്ടിലിരുന്നുള്ള ജോലി
സുഹൃത്ത് കടം ചോദിച്ചാല്‍ കൊടുക്കാതിരിക്കുന്നതെങ്ങനെ? അങ്ങനെ നിരവധി അക്കിടി പറ്റിയ വാര്‍ത്തകള്‍ പലവുരു വന്നപ്പോഴാണ് മുരളിക്ക് ( യഥാര്‍ഥ പേരല്ല) ഒരു സംശയം. താന്‍ പണം കൊടുത്തത് ഇനി വ്യാജസുഹൃത്തിനെങ്ങാനുമാണോ? പണം കൊടുത്തിട്ട് ആഴ്ചകളായെങ്കിലും അത്യാവശ്യം നല്ലൊരു തുക കടമായി കൊടുത്തിട്ടുണ്ട് എന്നതിനാല്‍ മുരളിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. എന്തായാലും സംഗതി നേരിട്ട് തന്നെ ചോദിച്ച് ഉറപ്പ് വരുത്തിയേക്കാമെന്ന് മുരളി തീരുമാനിച്ചു. കടം ചോദിച്ച സുഹൃത്തിനെ നേരിട്ട് വിളിച്ച് മുരളി കാര്യം തിരക്കി. സംഗതി ഉള്ളത് തന്നെ. താന്‍ പറ്റിക്കപ്പെട്ടില്ല എന്നറിഞ്ഞ മുരളിക്ക് ആശ്വാസമായി. പക്ഷെ, മുരളിയെന്ന് പറഞ്ഞ് വേറൊരു വ്യാജന്‍ നിരവധി ആളുകളില്‍നിന്ന് പണം തട്ടിയെന്ന കാര്യം അപ്പോള്‍ മാത്രമാണ് അദ്ദേഹം തിരിച്ചറിഞ്ഞത്.
മുരളിയുടേത് വെറുമൊരു ഉദാഹരണം മാത്രമാണ്. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തറിയാവുന്ന സുഹൃത്തിന്റെ അതേ പടമുള്ള, അതേ പേരുള്ള മെസേജാണ് സമൂഹമാധ്യമങ്ങളിലെ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നത്. 1000 മുതല്‍ 5000 രൂപവരെ ഒരാളില്‍നിന്ന് ഇത്തരത്തില്‍ കൈക്കലാക്കുന്നവരുണ്ട്. ഒരാള്‍ക്ക് മാത്രമല്ല, ഒരേ പേരില്‍ പണം ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുന്നത്. ആരുടെ പേരിലാണോ വ്യാജ അക്കൗണ്ട് സൃഷ്ടിക്കുന്നത് അവരുടെ സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കള്‍ക്കാണ് സന്ദേശങ്ങള്‍ അയക്കുന്നത്.
ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പോലീസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയതിന് പിന്നാലെ തട്ടിപ്പിലകപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. കാരണം തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോള്‍ പലരും പരിശോധിക്കുകയും അങ്ങനെയുണ്ടെന്ന് കണ്ടെത്തിയാല്‍ അക്കാര്യം വ്യക്തമാക്കി പോസ്റ്റിടുകയും ചെയ്യുന്നത് ഇപ്പോള്‍ സാധാരണയായിട്ടുണ്ട്. എങ്കിലും ഈ രീതിയില്‍ തട്ടിപ്പിന് ശ്രമിക്കുന്നതില്‍ നിന്ന് തട്ടിപ്പുകാര്‍ പിന്മാറിയിട്ടില്ലെന്നതാണ് വാസ്തവം.

കൂടുതലും തട്ടിപ്പിനിരയാകുന്നതിലൊന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന സാമൂഹികമാധ്യമങ്ങളിലെ പരസ്യങ്ങളാണ്. ആമസോണ്‍, നടരാജ് തുടങ്ങി ആളുകള്‍ക്ക് പരിചിതമായ കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ ലിങ്കുകളില്‍ കയറി വിവരങ്ങള്‍ നല്‍കുന്നത് മറ്റ് പല കാര്യങ്ങള്‍ക്കുമായി ദുരുപയോഗിക്കപ്പെടാം. മാത്രമല്ല, ജോലിക്ക് കയറുന്നതിന്റെ പേരില്‍ ആദ്യഗഡുവായി തുക അടയ്ക്കാനും ആവശ്യപ്പെടും. ഇങ്ങനെ ചെയ്താല്‍ വീട്ടിലേക്ക് സാധനങ്ങള്‍ അയക്കുമെന്നും അത് പായ്ക്ക് ചെയ്ത് നല്‍കിയാല്‍ മതിയാകും എന്നൊക്കെയാണ് വാഗ്ദാനം. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നതിനാല്‍ അത് വലിയ ആകര്‍ഷകമായി തോന്നി കെണിയില്‍ ചാടുന്നവരാണ് അധികവും. വീഡിയോകള്‍ക്ക് ലൈക്കടിച്ചാല്‍ പണം നല്‍കുമെന്ന പരസ്യങ്ങളുമുണ്ട്. ഇത്തരം തട്ടിപ്പുകളുടെ പട്ടിക ഇവിടെ തീരുന്നില്ല. ഇനിയുമുണ്ട് ചതിക്കുഴികള്‍.

അടുത്തതാണ് ഓണ്‍ലൈന്‍ ഡെലിവറിയുടെ പേരിലുള്ള തട്ടിപ്പുകള്‍. സാധനം ഡെലിവറി ചെയ്യാന്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി. പറയാനാണ് ഡെലിവറി ഏജന്റിന്റെ വേഷത്തിലെത്തുന്ന ആളുകള്‍ ആവശ്യപ്പെടുക. പ്രായമായ ആളുകളാണെങ്കില്‍ തട്ടിപ്പുകാരന്‍ മുന്നിലെത്തുമെന്ന ധാരണയില്ലാതെ ഫോണില്‍ വന്ന ഒ.ടി.പി. പറഞ്ഞുകൊടുക്കുകയും ചെയ്യും. എന്നാല്‍ ഓണ്‍ലൈനായി സാധനങ്ങളൊന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞാല്‍ വന്നിരിക്കുന്ന ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാനായി ഒ.ടി.പി. അയക്കാമെന്നും അത് പറയാമെന്നും പറഞ്ഞ് ഒ.ടി.പി. കൈക്കലാക്കി അക്കൗണ്ടിലെ പണം മുഴുവനും അടിച്ചുമാറ്റുന്ന രീതിയും വ്യാപകമായി വരുന്നുണ്ട്. കൂടുതലും വലിയ നഗരങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഇന്റര്‍നെറ്റ് ഉപഭോഗം വ്യാപകമാകുന്നതിനനുസരിച്ച് തട്ടിപ്പുകളുടെ രീതിയും സ്വഭാവവും മാറി മറിയുന്നുണ്ട്. ലോക്ക്ഡൗണിന് ശേഷമാണ് ആളുകളില്‍ യു.പി.ഐ. സേവനങ്ങള്‍ ഉപയോഗിക്കുന്ന രീതി വ്യാപകമാകുന്നത്. പണം കൈയില്‍ കരുതേണ്ടതില്ലെന്നതും ചെലവാക്കിയതിന്റെ കണക്ക് കൃത്യമായി കിട്ടുമെന്നതിനാലും ചില്ലറയുമായും നോട്ടുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാകുന്നുവെന്നതും യുവാക്കളിലും ഒരുവിഭാഗം മുതിര്‍ന്നവരിലും യു.പി.ഐ. സേവനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സമീപനമുണ്ട്. ഇത് നല്ലത് തന്നെ. പക്ഷെ, ശ്രദ്ധിച്ചില്ലെങ്കില്‍ അതിലും തട്ടിപ്പ് നടക്കാം.
യു.പി.ഐ. ആപ്പുകള്‍ അധികം ഉപയോഗിക്കാത്ത ആളാണെങ്കില്‍ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത ഏറെയാണ്. പണം ആവശ്യപ്പെട്ടുള്ള റിക്വസ്റ്റുകള്‍ പണം അയച്ചതായി തെറ്റിദ്ധരിപ്പിച്ചും ആളുകളില്‍നിന്ന് പണം തട്ടുന്നുണ്ട്. യു.പി.ഐ. വഴി ഇടപാട് പൂര്‍ത്തിയാക്കാതെ സ്വയം പരാജയപ്പെടുത്തും. അതിന് ശേഷം കളക്ഷന്‍ റിക്വസ്റ്റ് അയച്ച് അതില്‍ തുക എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഇത്തരക്കാര്‍ സാധാരണ ചെയ്യുക. അങ്ങനെ ചെയ്താല്‍ അക്കൗണ്ടില്‍ നിന്ന് തുക നഷ്ടമാവുകയും ചെയ്യും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നതോദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് വീട് വാടകയ്ക്ക് എടുക്കാന്‍, സാധനങ്ങള്‍ വലിയതോതില്‍ ഓര്‍ഡര്‍ നല്‍കല്‍ എന്നിങ്ങനെ പറഞ്ഞാണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതലും നടക്കുന്നത്. പട്ടാള ക്യാമ്പിലെ ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച് വലിയതോതില്‍ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത് കേരളത്തില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
ഇതിനു പുറമെ സാധനങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞ് ഒ.എല്‍.എക്സ്. പോലുള്ള സൈറ്റുകളില്‍ കാണുന്ന മറ്റ് സംസ്ഥാനങ്ങളിലെ ആളുകളുടെ നമ്പരിലേക്ക് വിളിച്ചും തട്ടിപ്പ് നടത്താറുണ്ട്. കൂടാതെ ഹോട്ടല്‍ റൂം ബുക്കിങ്ങിന്റെ പേരില്‍ വന്നിരിക്കുന്നത് പുതിയൊരു തട്ടിപ്പാണ്. തീര്‍ഥാടന കേന്ദ്രങ്ങളോട് സമീപമുള്ള അത്യാവശ്യം നല്ല ഹോട്ടലുകളുടേതെന്ന പേരില്‍ വ്യാജ ലിസ്റ്റിങ്ങുകള്‍ ഗൂഗിളില്‍ നല്‍കിയാണ് തട്ടിപ്പ്. ഹോട്ടല്‍ യഥാര്‍ഥത്തിലുള്ളതാണെന്ന് കരുതി ആളുകള്‍ തട്ടിപ്പുസംഘത്തിന്റെ വലയിലാണ് പെടുന്നതെങ്കില്‍ റൂം ബുക്ക് ചെയ്യാനായി മുടക്കുന്ന വലിയ തുക തട്ടിപ്പുകാരുടെ കൈയിലിരിക്കും. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ നല്ല ശ്രദ്ധ വേണമെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്സെക് (CloudSEK) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം
ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. മറ്റുള്ള തട്ടിപ്പുകളില്‍നിന്ന് പിടിക്കപ്പെടാനുള്ള സാധ്യത ഇതില്‍ കൂടുതലാണെന്നതിനാലാണ് അത്തരം തട്ടിപ്പുകളുടെ ആഴം കുറഞ്ഞത്. മാത്രമല്ല, യു.പി.ഐ. ഉള്‍പ്പെടെ പണം കൈമാറാന്‍ പുതിയ മാര്‍ഗങ്ങള്‍ വന്നതും മാറ്റത്തിന് പിന്നിലുണ്ട്. എ.ടി.എമ്മുകളില്‍ സ്‌കിമ്മറുകള്‍വെച്ച് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന രീതി അടുത്തകാലം വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്ന സംഘങ്ങളെ കേരള പോലീസ് പലതവണ പിടികൂടിയിട്ടുമുണ്ട്. ഇപ്പോള്‍ അത്തരം തട്ടിപ്പുകള്‍ക്ക് പകരം ഒ.ടി.പി. തട്ടിയെടുത്ത് അക്കൗണ്ടില്‍നിന്ന് പണം അടിച്ചുമാറ്റുന്ന രീതിയാണ് നടക്കുന്നത്. കാര്‍ഡ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ബാങ്കുകളുടെ മെയിന്‍ സെര്‍വറുകളിലാണ് സൂക്ഷിക്കുന്നത്. എന്നാല്‍, ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ബാങ്കുകള്‍ വഴിയല്ലാതെ വിവരങ്ങള്‍ തട്ടിപ്പുകാരിലേക്ക് എത്തുന്നുവെന്നതാണ് ഗുരുതരം. ഇങ്ങനെ ചോര്‍ത്തപ്പെടുന്ന വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമിക്കുന്നത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ശേഷം ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തിയാണ് തട്ടിപ്പ്. ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊക്കെ ഇത്തരം തട്ടിപ്പുകളില്‍ വീണിട്ടുണ്ട്. ആധാറും ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധിപ്പിക്കാനെന്ന പേരില്‍ ഫോണിലൂടെ വണ്‍ടൈം പാസ്‌വേഡ് ചോര്‍ത്തിയെടുത്താണു തട്ടിപ്പു നടത്തുന്നത്. തട്ടിപ്പിനിരയായവരുടെ ബാങ്ക് അക്കൗണ്ട് നമ്പറടക്കമുള്ള വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്കു ലഭിക്കുന്നത് എങ്ങനെയന്നതു ദുരൂഹതയുയര്‍ത്തുന്നതാണ്.
അക്കൗണ്ട് ഉള്ള ബാങ്കില്‍ നിന്നാണെന്നും റിസര്‍വ് ബാങ്കില്‍ നിന്നാണെന്നും പറഞ്ഞു നല്ല മലയാളത്തിലാണു ഫോണ്‍ വിളികളെത്തുക. ഫോണ്‍വിളികള്‍ നടത്തിയതു ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് സൈബര്‍ സെല്‍ പറയുന്നത്. എന്നാല്‍, ആരാണ് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തിയതെന്നു വ്യക്തമായി കണ്ടെത്താനാകുന്നില്ല എന്നതാണ് പ്രതിസന്ധി. തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ വാങ്ങിയ സാധനങ്ങള്‍ ഏതു മേല്‍വിലാസത്തിലേക്കാണ് എത്തുന്നതെന്നു കണ്ടുപിടിക്കുക പലപ്പോഴും വെല്ലുവിളിയാണ്. ഷോപ്പിങ് നടത്തിയ വിലാസത്തിലുള്ള ആളാകില്ല മിക്ക കേസിലും സാധനങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടാകുക എന്നതാണ് കാരണം.
തട്ടിപ്പില്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
- ബാങ്കുകളോ റിസര്‍വ് ബാങ്കോ ഒരിക്കലും ഇടപാടുകാരെ വിളിച്ച് വണ്‍ടൈം പാസ്‌വേഡ് അടക്കം ഇടപാടുകാരുടെ വ്യക്തിപരവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങള്‍ ചോദിക്കില്ല. ഇത്തരം ഫോണ്‍ വിളികള്‍ വന്നാല്‍ തട്ടിപ്പായിരിക്കുമെന്നു സംശയിക്കാം.
- അക്കൗണ്ട്, ഇടപാട് തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കു ബാങ്കില്‍നിന്നാണു വിളിക്കുന്നതെന്നു പറഞ്ഞാല്‍, സംസാരം തുടരരുത്. ബാങ്കിലേക്കു വിളിച്ച് ആധികാരികത ഉറപ്പുവരുത്തുക.
- ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട വണ്‍ടൈം പാസ്‌വേഡ് മറ്റുള്ളവരുമായി ഒരിക്കലും പങ്കുവയ്ക്കരുത്.
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കഴിവതും വ്യക്തിപരമായി തന്നെ സൂക്ഷിക്കുക. അക്കൗണ്ട് നമ്പര്‍, നെറ്റ് ബാങ്കിങ് പാസ്‌വേഡ് തുടങ്ങിയവ കൈമാറാതിരിക്കുക.
1930-ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്താല്‍ പണം നഷ്ടപ്പെട്ടയാള്‍ക്ക് അത് തിരികെ നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണ്. ഇത്തരം പരാതികളില്‍ നടപടിയെടുക്കാന്‍ ഒരോ ബാങ്കിനും നോഡല്‍ ഓഫീസര്‍മാരുമുണ്ടാകും. കേരളത്തില്‍ ഒരുദിവസം ശരാശരി 40 പരാതികളെങ്കിലും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കണക്കുകള്‍ ഇതിലും കൂടുതലാണെന്ന് കരുതണം. അങ്ങനെ നോക്കിയാല്‍ അത് 100 മുകളില്‍ പോകും.
Content Highlights: online money frauds and how to file complaint online frauds


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..