കോഴിക്കോട്: മലയാളികളുടെ കോവിഡ് കാല സാമ്പത്തിക ഞെരുക്കത്തെ ഉപയോഗിച്ച് മൊബൈല്‍ ആപ്പിലൂടെ വായ്പ നല്കുന്ന ഡിജിറ്റല്‍ ബ്ലേഡ് സംഘം സംസ്ഥാനത്ത് വന്‍ മാഫിയയായി വിലസുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായി നില്‍ക്കുകയാണ് സ്ത്രീകളടക്കമുള്ളവര്‍. ഈടോ പ്രമാണങ്ങളോ ഒന്നുമില്ലാതെ രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ വായ്പ ലഭിക്കുന്നുവെന്നതാണ് ഭൂരിഭാഗം പേരേയും ഇത്തരം അനധികൃത വായ്പാസംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നുള്ളവരും ഇത്തരം വായ്പാ സംഘങ്ങളുടെ ഇരയായിട്ടുണ്ട്. സ്ത്രീകളടക്കമുള്ളവര്‍ പെട്ടുപോയതോടെ പലര്‍ക്കും തുറന്നുപറയാന്‍ പോലും കഴിയാത്ത അവസ്ഥ വന്നിരിക്കുന്നുവെന്നാണ് മാതൃഭൂമി ഡോട്കോം നടത്തിയ അന്വേഷണത്തില്‍ വ്യക്തമാവുന്നത്.
പണം നല്കാന് ഒറ്റ ദിവസം വൈകുമ്പോള്‍ പോലും ഇവര്‍ തങ്ങളുടെ ബ്ലാക്ക് മെയിലിങ്ങ് തന്ത്രവുമായി രംഗത്ത് വരുന്നു. നിയപരമായി ഇത്തരം വായ്പാ സംഘങ്ങള്‍ക്ക് ഒരു സാധുതയുമില്ലെന്ന് അവര്‍ക്ക് തന്നെയറിയാം. പക്ഷെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ നമ്മള് നല്കുന്ന അനുവാദത്തിലൂടെ അവര്‍ കൈക്കലാക്കുന്ന നമ്മുടെ ഫോണിന്റെ നിയന്ത്രണം തന്നെയാണ് ഇത്തരം വായ്പാ സംഘങ്ങള്‍ക്ക് തഴച്ച് വളരാനുള്ള ആത്മവിശ്വാസം നല്‍കുന്നതെന്ന് ഇരയായവരും അന്വേഷണ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. ഒരേ ആളുകളുടെ നിയന്ത്രണത്തിലുള്ള നിരവധി ആപ്പുകളാണ് വായ്പാ വാഗ്ദാനുവമായി രംഗത്ത് വരുന്നത്. ഒരാള്‍ നിലവില്‍ ഉപയോഗിക്കുന്ന ആപ്പ് പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ പോലും പുതിയ രൂപത്തില്‍ മറ്റൊരൂ ആപ്പിലേക്ക് പലിശയും കൂട്ടുപലിശയുമടക്കമുള്ള പണം നല്‍കാനുള്ള ഭീഷണിയെത്തുന്നു.
നമ്മുടെ ഫോണില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ഫോട്ടോയുണ്ടെങ്കില്‍ അത് പോലും അവര്‍ കരസ്ഥമാക്കി മോര്‍ഫ് ചെയ്ത് ബ്ലാക്ക് മെയിലിങ് രൂപത്തില്‍ ഇരകള്‍ക്ക് തന്നെ അയച്ച് കൊടുക്കുന്നു. മാതൃഭൂമി ഡോട്കോം ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അനുഭവം പങ്കുവെച്ച് ബന്ധപ്പെടുന്നത്. പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതി നല്കുമ്പോള് കളിയാക്കലും നാണം കെടുത്തലും അനുഭവിക്കേണ്ടി വരുന്നു. അതുകൊണ്ടു തന്നെ പലരും പരാതി പുറത്തുപറയുന്നില്ല.
താല്‍ക്കാലിക ആശ്വാസത്തിനാണ് പലരും മൊബൈല്‍ ആപ്പിലൂടെ പണമെടുക്കുന്നത്. മൂവായിരം രൂപ കയ്യില്‍ കിട്ടിയിട്ട് ചില ദിവസങ്ങളില്‍ ആപ്പ് പണിമുടക്കിയത് കൊണ്ട് മാത്രം പണമടക്കാന്‍ വൈകിയതിന് വയനാട്ടിലെ മറ്റൊരു യുവാവിന് കഴിഞ്ഞ മാസം മാത്രം പലിശയും കൂട്ടുപലിശയുമൊക്കെയായി കടം പെരുകിയത് അമ്പതിനായിരം രൂപയോളമാണ്. പണമടക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിട്ടൊന്നും തിരിച്ചടവ് ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ അംഗീകരിക്കുന്നില്ല. പറയുന്ന പണം അടച്ചില്ലെങ്കില്‍ ഭാര്യയുടേയും കുട്ടികളുടേയും ഫോട്ടോയെടുത്ത് ദുരുപയോഗം ചെയ്യുമെന്നും ബന്ധുക്കളുടെ നമ്പറെടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി വിവരങ്ങള്‍ പ്രചരിപ്പിക്കുമെന്നുമൊക്കെയാണ് ഭീഷണി. ഇതോടെ പല ആപ്പുകളില്‍ നിന്നായി പണം കടം വാങ്ങേണ്ടി വന്നൂവെന്നും എന്ത് ചെയ്യണമെന്നറിയുന്നില്ലെന്നും ഇവര്‍ പറയുന്നു.
തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിന് പിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റര്‍പോള്‍, സി.ബി.ഐ എന്നിവയുടേയും തെലങ്കാന, ആന്ധ്രപ്രദേശ് പോലീസിന്റെയും സഹായം തേടുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..