-
കൊല്ലം: കേരള യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഡോ. സൈനുദ്ദീന്‍ പട്ടാഴിയുടെ ഇ-മെയിലിലേക്ക് ഗൂഗിള്‍ ഫോട്ടോസിന്റെ ചിഹ്നംസഹിതം വന്ന മെയിലില്‍ ഒരുതവണ ക്ലിക്ക് ചെയ്തതേയുള്ളു. ഉടന്‍തന്നെ ഫോണ്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെട്ടു. അഞ്ചുരൂപവീതം പിന്‍വലിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ 200 രൂപയാണ് നഷ്ടപ്പെട്ടത്.
നഷ്ടപ്പെട്ടത് ചെറിയ തുകയായതിനാല്‍ പുറത്തുപറയാനോ പരാതിപ്പെടാനോ ആരും തയ്യാറാകുന്നില്ല. എന്നാല്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പണത്തിന് പുറമേ ബാങ്ക് അക്കൗണ്ടുകളുടേതുള്പ്പെടെ സ്വകാര്യവിവരങ്ങളെല്ലാം നഷ്ടപ്പെടും. ഗൂഗിളിന്റെ അതേ ചിഹ്നംസഹിതം വന്ന മെയിലില്‍ നിങ്ങളുടെ ഫോട്ടോയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചെന്നുമാത്രമാണുണ്ടായിരുന്നത്. ഒറ്റക്ലിക്കില്‍ അക്കൗണ്ടുമായി ലിങ്കുചെയ്തിരിക്കുന്ന മുഴുവന്‍ വിവരങ്ങളും പണവും നഷ്ടപ്പെട്ടു. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണെങ്കിലും പറ്റിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നെന്ന് സൈബര്‍സെല്‍ വിദഗ്ധര്‍ പറയുന്നു. വന്‍തുക ലോട്ടറിയടിച്ചെന്നരീതിയില് വന്ന വ്യാജമെയിലിന് മറുപടി നല്‍കിയതിലൂടെ ഉന്നത ബിരുദധാരിയായ യുവതിക്ക് നഷ്ടപ്പെട്ടത് എട്ടുലക്ഷം രൂപയാണ്.
ഓണ്‍ൈലന്‍ വ്യാപാരശൃംഖലകളുടെ പേരിലുള്ള തട്ടിപ്പിനാണ് ഇപ്പോള്‍ കൂടുതല്‍പ്പേരും ഇരയാകുന്നത്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് തുടങ്ങിയവയോട് സാദൃശ്യമുള്ള വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചാണ് തട്ടിപ്പ്. പതിനായിരങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണ്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബുക്കുചെയ്താല്‍ ആയിരംരൂപയ്ക്ക് സ്വന്തമാക്കാമെന്ന സന്ദേശത്തില്‍ ക്ളിക്ക് ചെയ്താല്‍ ആലോചിക്കാനുള്ള അവസരംപോലും ലഭിക്കുന്നതിനുമുന്നേ തട്ടിപ്പ് നടന്നിരിക്കും.
തട്ടിപ്പിനിരയാകുന്നവരില്‍ 30 ശതമാനത്തിലും താഴെ ആളുകള്‍മാത്രമേ പരാതിനല്കുന്നുള്ളൂ എന്നാണ് സൈബര്‍സെല്‍ വിദഗ്ധര്‍ പറയുന്നത്. തെളിയിക്കപ്പെട്ട കേസുകളിലെല്ലാം മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലുള്ള നൈജീരിയക്കാരാണ്. മിക്ക കേസുകളിലും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ കഴിയാറുമില്ല.
കൃത്യമായ വിലാസമില്ലാത്ത മെയിലുകള്‍ക്കും മെസേജുകള്‍ക്കും മറുപടി അയയ്ക്കാതിരിക്കുകയാണ് തട്ടിപ്പില്‍നിന്ന് രക്ഷനേടാനുള്ള ഏക വഴി. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കായി അവയുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയും വേണം.
Content Highlights: online fraud cases increasing in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..