-
വെള്ളരിക്കുണ്ട്(കാസർകോട്): ഉറ്റചങ്ങാതിമാർ മദ്യലഹരിയിൽ പിണങ്ങി. വാക്കേറ്റം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. ഒരാൾ മരിച്ചു. ഒരാൾ അത്യാസന്നനിലയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പട്ളം കോളനിയിലാണ് സംഭവം. തോടംചാലിലെ പരേതനായ കാവേരിയുടെ മകൻ രവി (48)ആണ് മരിച്ചത്. പട്ളം കോളനിയിൽ വാടകവീട്ടിൽ താമസിക്കുന്ന കുഞ്ഞിക്കണ്ണൻ(58) ആണ് ആശുപത്രിയിലുള്ളത്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പകൽ കുഞ്ഞിക്കണ്ണനും ഭാര്യ രുഗ്മിണിയും തോടംചാലിൽ രവിയുടെ വീട്ടിൽ പോയിരുന്നു. അവിടെ എല്ലാവരും ഒത്തുചേർന്ന് മദ്യം കുടിച്ചു. വൈകുന്നേരത്തോടെ രവിയെയും ഭാര്യ സുശീലയെയും ഒപ്പം കൂട്ടി കുഞ്ഞിക്കണ്ണനും ഭാര്യയും വീട്ടിൽ മടങ്ങിയെത്തി. രാത്രിയിൽ നാലുപേരും ചേർന്ന് വീണ്ടും മദ്യപിച്ചു. അതിനിടയിലാണ് രവിയും കുഞ്ഞിക്കണ്ണനും തമ്മിൽ വാക്തർക്കം തുടങ്ങിയത്. വാക്തർക്കം പതിവായതിനാൽ വീട്ടിലുള്ളവരും പരിസരത്തുള്ളവരും ശ്രദ്ധിച്ചില്ല.
കുഞ്ഞിക്കണ്ണന് കുത്തേറ്റ കാര്യം ഭാര്യ രുഗ്മിണിയാണ് അടുത്തുള്ളവരെ അറിയിച്ചത്. വീട്ടുവരാന്തയിൽ ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിക്കണ്ണനെ ആദ്യ ഭാര്യയിലെ മകൻ വിഷ്ണു ഉൾപ്പെടെയുള്ളവരെത്തി ആശുപത്രിയിലെത്തിച്ചു. രവി ഓടിപ്പോയെന്നായിരുന്നു കരുതിയത്. രാവിലെ സുശീല അന്വേഷിച്ചെത്തിയപ്പോഴാണ് കുഞ്ഞിക്കണ്ണന്റെ വാടകവീടിന് മുൻപിൽ കവുങ്ങിന്റെ ഇടയിൽ രവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. രവിയുടെ നെഞ്ചിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടായിരുന്നു. പരിസരത്തുനിന്ന് വലിയ കത്തിയും ചെറിയ കത്തിയുടെ പിടിയും കണ്ടെത്തി.
ജില്ലാ പോലീസ് മേധാവി ഡി.ശില്പ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.പി.വിനോദ്, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പ്രേംസദൻ, എസ്.ഐ. ശ്രീദാസ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി തെളിവ് ശേഖരിച്ചു. തോടംചാലിലെ ചിരുതയാണ് രവിയുടെ അമ്മ. സഹോദരി: രമണി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Content Highlights:one stabbed to death by friend after consuming alcohol in kasargod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..