വി.ടി.മിനീഷ്
താമരശ്ശേരി: കായികതാരമായ പൂര്വവിദ്യാര്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് പോക്സോ കേസില്‍ റിമാന്‍ഡിലായ കായികാധ്യാപകന് നെല്ലിപ്പൊയില്‍ മീന്മുട്ടി വട്ടപ്പാറയില്‍ വി.ടി. മിനീഷി(41)നെതിരേ മറ്റൊരു പരാതികൂടി. നാലുമാസംമുമ്പ് സ്കൂളിലെ ജിമ്മില്‍ പരിശീലനത്തിനിടെ തളര്‍ന്ന വിദ്യാര്‍ഥിനിയുടെ കാലില്‍ മിനീഷ് പലതവണ ചവിട്ടിയതായും തുടര്‍ന്ന് തുടയെല്ല് പൊട്ടിയതായുമാണ് പരാതി. പതിനഞ്ചുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദേഹോപദ്രവമേല്‍പ്പിച്ചതിനും ജുവനൈല്‍ ആക്ട് പ്രകാരവും അധ്യാപകനെതിരേ കേസെടുത്തതായി താമരശ്ശേരി എസ്.ഐ. കെ. പ്രജീഷ് അറിയിച്ചു.
മാര്‍ച്ച് 19-നാണ് സംഭവം നടന്നത്. സ്കൂളില്‍ തുടര്‍ച്ചയായ പരിശീലനത്തിനിടെ തളര്‍ന്നുപോയ വിദ്യാര്‍ഥിനിയാണ് കായികാധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്. എല്ലിന് സാരമായി പരുക്കേറ്റ വിദ്യാര്‍ഥിനി വേദനകൊണ്ട് പുളഞ്ഞിട്ടും ആശുപത്രിയില്‍ എത്തിക്കാനോ, കുടിവെള്ളം നല്‍കാനോപോലും മിനീഷ് തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു. ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ഥിനിക്ക് വീണു പരുക്കേറ്റെന്നാണ് ബന്ധുക്കളെ അറിയിച്ചത്.
പിറ്റേദിവസം വീട്ടുകാരെത്തിയാണ് കുട്ടിയെ മുക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതും തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയതും. ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോഴും പരസഹായമില്ലാതെ നേരാംവിധം നടക്കാനാവാത്ത വിദ്യാര്‍ഥിനിയുടെ കായികഭാവി തന്നെ അനിശ്ചിതത്വത്തിലാണ്.
അധ്യാപകന്റെ മര്‍ദനത്തെത്തുടര്‍ന്നാണ് കാലിന് പരിക്കേറ്റതെന്ന കാര്യം അന്ന് ഒപ്പമുണ്ടായിരുന്ന ഒരു സഹപാഠിയുടെ അമ്മ വഴി രണ്ടുദിവസം മുമ്പ് മാത്രമാണ് വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ക്ക് ബോധ്യപ്പെടുന്നത്. അന്നു തന്നെയാണ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മിനീഷ് അറസ്റ്റിലായത്. തുടര്‍ന്ന് ഇയാള്‍ക്കെതിരേ വീട്ടുകാര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..