മോൻസൺ മാവുങ്കൽ Photo: facebook.com|DrMonsonMavunkal
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബംഗളൂരുവിലെ വ്യാപാരിയില്‍ നിന്ന് പണം നല്‍കാതെ ആറ് കാറുകള്‍ തട്ടിയെടുത്തുവെന്നതാണ് പുതിയ പരാതി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. 86 ലക്ഷം രൂപ വിലവരുന്ന ആറ് കാറുകളാണ് മോന്‍സണ്‍ തട്ടിയെടുത്തത്. കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ചാണ് വ്യാപാരിയില്‍ നിന്ന് കാറുകള്‍ വാങ്ങിയത്.
എന്നാല്‍ പിന്നീട് പണം ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി വ്യാപാരി രംഗത്ത് വന്നത്. ഇതോടുകൂടി മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 14 ആയി. എല്ലാ കേസുകളും സംയോജിപ്പിച്ചാണ് അന്വേഷണം. ഇയാള്‍ക്ക് കൊച്ചിയിലും ചേര്‍ത്തലയിലുമായി 30ല്‍ അധികം ആഡംബര കാറുകളുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതില്‍പലതും രൂപമാറ്റം വരുത്തിയവയായിരുന്നു.
കേരളത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതില്‍ വലിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. മോന്‍സണ്‍ കൈവശം വെച്ചിരുന്ന വാഹനങ്ങളില്‍ പലതും ഓടുന്നവയായിരുന്നില്ല. കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത്. പോക്‌സോ ഉള്‍പ്പെടെ നാല് കേസുകളില്‍ ഇതുവരെ മോന്‍സണെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ബംഗളൂരുവിലെ വ്യാപാരിയെ പറ്റിച്ച കേസിലും കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. മറ്റ് കേസുകളില്‍ കൂടി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. മോന്‍സണ് എതിരായ കേസുകളില്‍ ഇ.ഡിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
Content Highlights: one more case registered against monson mavunkal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..