കണ്ണൂർ തോട്ടടയിൽ ബോംബ് സ്‌ഫോടനമുണ്ടായ സ്ഥലം. ഇൻസെറ്റിൽ കൊല്ലപ്പെട്ട ജിഷ്ണു. ഫോട്ടോ: ലതീഷ് പൂവത്തൂർ|മാതൃഭൂമി
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്. ബോംബുമായി അക്രമിക്കാന്‍ വന്ന സംഘത്തില്‍പ്പെട്ട യുവാവ് തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. ശനിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല.
ഏച്ചൂര്‍ ബാലക്കണ്ടി വീട്ടില്‍ പരേതനായ മോഹനന്‍-ശ്യാമള ദമ്പതിമാരുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു. കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. സഹോദരന്‍: മെഹുല്‍.
Content Highlights: one killed in bomb attack in kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..