കണ്ണൂരിൽ ബോംബേറ് നടന്ന സ്ഥലം, ഇൻസെറ്റിൽ കൊല്ലപ്പെട്ട ജിഷ്ണു, പോലീസ് കസ്റ്റഡിയിലുള്ള പ്രതി | Photo: ലതീഷ് പൂവത്തൂർ|മാതൃഭൂമി
കണ്ണൂര്‍: തോട്ടടയില്‍ ബോംബെറിഞ്ഞ് ആളെ കൊന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായില്ലെന്ന് എസിപി സദാനന്ദന് പറഞ്ഞു.
കൊലപാതകം നടന്ന സ്ഥലത്തുനിന്ന് മൃതദേഹം മാറ്റാന്‍ വൈകിയതിനെ വീഴ്ചയായി കാണാന്‍ കഴിയില്ലെന്നും തലയോട്ടി ചിന്നിചിതറിയ ഒരു സ്ഥലത്ത് സൈന്റിഫിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഒരാള്‍ അറസ്റ്റിലായതിന് പുറമേ മൂന്ന് പേര് പോലീസ് പിടിയിലുണ്ട്. റിജുല്‍, സനീഷ്, ജിജില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്
അക്ഷയുടെ ബോംബേറിലാണ് ജിഷ്ണു കൊലപ്പെട്ടത്. മരിച്ച ജിഷ്ണുവിന്റെ സംഘത്തിലെ അംഗമാണ് അക്ഷയ്. മിഥുന് എന്നൊരാളും ബോംബെറിഞ്ഞിരുന്നു. ഇയാളെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇയാള്‍ കേരളം വിട്ടുവെന്നാണ് പോലീസ് കരുതുന്നത്. വിവാഹ പാര്‍ട്ടിയുടെ വീഡിയോ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത്. വധുവിനേയും വരനേയും ആനയിച്ചുകൊണ്ടുവരുന്ന ഒരു വീഡിയോ ദൃശ്യം ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നാണ് വിവരം.
ബാന്‍ഡ് മേളങ്ങളുമായി വധൂവരന്മാരെ ആനയിക്കുന്ന സംഘത്തിന് പിന്നിലായി ഒരാള്‍ പ്ലാസ്റ്റിക് സഞ്ചിയുമായി നടക്കുന്നത് കാണാം. ഇത് ബോംബാണെന്നാണ് പോലീസിന് ലഭിച്ച സൂചന. ഈ സഞ്ചിയില്‍നിന്ന് സാധനങ്ങളെടുത്ത് മറ്റൊരാള്‍ നീങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ഏച്ചൂര്‍ ബാലക്കണ്ടി ഹൗസില്‍ സി.എം. ജിഷ്ണു (26)വാണ് ബോംബേറില്‍ കഴിഞ്ഞ ദിവസം മരിച്ചത്. ചാല പന്ത്രണ്ട്കണ്ടിയിലെ ഹേമന്ത് (29), രജിലേഷ് (27), ചിറക്കുതാഴെയിലെ അനുരാഗ് (28) എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. തല തകര്‍ന്ന് റോഡില്‍ത്തന്നെ യുവാവ് മരിച്ചുവീണു. ശരീരാവശിഷ്ടങ്ങള്‍ തൊട്ടടുത്ത പറമ്പിലുംമറ്റും തെറിച്ചു.
തോട്ടട ചാല പന്ത്രണ്ട്കണ്ടി 'സിന്ദൂരം' വീട്ടില്‍ ഷമല്‍ രാജിന്റെ വിവാഹത്തിനെത്തിയ സംഘത്തില്‍പ്പെട്ട ചിലരാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വരന്റെ വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയാണ് സംഭവം. വരന്റെ സുഹൃത്തുക്കളായ, രണ്ടുസ്ഥലത്തുനിന്നുള്ള സംഘങ്ങള്‍ തമ്മിലുണ്ടായ പ്രശ്നമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏച്ചൂരില്‍നിന്നുവന്ന യുവാക്കളും ചാല പന്ത്രണ്ട്കണ്ടിയിലെ യുവാക്കളും തമ്മില്‍ ശനിയാഴ്ച രാത്രി കല്യാണവീട്ടില്‍ തര്‍ക്കവും അടിപിടിയുമുണ്ടായിരുന്നു. വീട്ടില്‍ പാട്ടുവെച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
ഞായറാഴ്ച വിവാഹപ്പാര്‍ട്ടിക്ക് പിറകിലായി പടക്കംപൊട്ടിച്ചുംമറ്റും പത്തോളം യുവാക്കളുടെ സംഘമുണ്ടായിരുന്നു. ഇവരില്‍ ഏച്ചൂരില്‍നിന്നെത്തിയ സംഘത്തില്‍ ചിലര്‍ പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നു. ഈ സംഘത്തിലൊരാളാണ് ബോംബെറിഞ്ഞതെന്നു പറയുന്നു. സ്ഫോടനത്തിനുശേഷം യുവാക്കള്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
Content Highlights : One arrested in Jishnu murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..