-
മറയൂര്‍(ഇടുക്കി): മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ഒരാളെ വെട്ടിയും കുത്തിയും കൊന്നു. മൃതദേഹം ചാക്കില്‍ക്കെട്ടി വഴിയരികില്‍ തള്ളി. സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റിലായി.
മറയൂര്‍ ബാബുനഗര്‍ സ്വദേശിയും ജ്യോത്സ്യനുമായ അമ്പാടി വീട്ടില്‍ (ഉമാഭവന്‍) മാരിയപ്പ(75)നാണ് കൊല്ലപ്പെട്ടത്. എരുമേലി തുമരന്പാറ ആലയില്‍ വീട്ടില്‍ മിഥുന് (26), ബാബുനഗര്‍ സ്വദേശി അന്പഴകന് (65) എന്നിവരാണ് അറസ്റ്റിലായത്. മറയൂര്‍ പഞ്ചായത്തംഗവും മുന്‍ വൈസ് പ്രസിഡന്റുമായ ഉഷാ തമ്പിദുരൈയുടെ അച്ഛനാണ് മാരിയപ്പന്.
തര്‍ക്കം പണത്തെച്ചൊല്ലി, മൃതദേഹത്തില്‍ 24 മുറിവുകള്‍
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് കൊലപാതകം നടന്നത്. വൈകീട്ട് അഞ്ചോടെ ഒറ്റയ്ക്ക് താമസിക്കുന്ന അന്‍പഴകന്റെ വീട്ടിലേക്ക് മാരിയപ്പനെത്തി. പിന്നീട് മിഥുനുമെത്തി. മൂവരും മദ്യപിച്ചു. മദ്യം വാങ്ങിയതിന്റെ തുകയായ 500 രൂപയെച്ചൊല്ലി രാത്രി ഒന്നരയോടെ തര്‍ക്കമുണ്ടായി. തുടര്‍ന്ന്, മാരിയപ്പന്റെ വാപൊത്തിപ്പിടിച്ച് മിഥുന് തുരുതുരെ വെട്ടുകയും കുത്തുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
മാരിയപ്പന്റെ മൃതദേഹത്തിന്റെ കാലും കൈയും പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കെട്ടി ചാക്കില്‍കയറ്റി തലയില്‍ചുമന്ന് 400 മീറ്റര്‍ അകലെ ബാബുനഗര്‍ ടി.എല്‍.ബി. കനാലിന്റെ മുകളിലുള്ള നടപ്പാതയില്‍ ഇടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ സമീപത്തെ ഹോട്ടലില്‍ ചായ കുടിക്കാനെത്തിയവരാണ് ചാക്കുകെട്ട് കണ്ടത്.
ആരെങ്കിലും മാലിന്യം തള്ളിയതാണെന്ന് കരുതി നോക്കിയപ്പോഴാണ് ചാക്കിന്റെ കീറിയഭാഗത്തുകൂടി ശരീരഭാഗം കണ്ടത്. മറയൂര്‍ പോലീസില്‍ വിവരമറിയിച്ചു.
പോലീസെത്തി ചാക്ക് തുറന്നെങ്കിലും 24 കുത്തുകളേറ്റ മൃതദേഹത്തിന്റെ മുഖം വികൃതമായതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ല. പൂണൂല് കണ്ടാണ് മാരിയപ്പനാണെന്ന് തിരിച്ചറിഞ്ഞത്.
മാരിയപ്പന് ഞായറാഴ്ച വൈകീട്ട് അന്‍പഴകന്റെ വീട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. അന്‍പഴകനെ വീട്ടില്‍നിന്നും മിഥുനെ പട്ടം കോളനിയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നും കസ്റ്റഡിയിലെടുത്തു.
കഴുകി വൃത്തിയാക്കിയിരുന്നെങ്കിലും അന്‍പഴകന്റെ വീടിനുള്ളില്‍നിന്ന് വാക്കത്തിയും മൃതദേഹം കെട്ടാനുപയോഗിച്ച കയറിന്റെ ബാക്കിഭാഗവും കണ്ടെത്തി.
ഇടുക്കി എസ്.പി. പി.കെ.മധു, തൊടുപുഴ ഡിവൈ.എസ്.പി. കെ.പി.ജോസ്, മൂന്നാര്‍ ഇന്‍സ്പെക്ടര്‍ റെജി എം.കുന്നിപ്പറമ്പന്, മറയൂര്‍ ഇന്‍സ്പെക്ടര്‍ വി.ആര്.ജഗദീശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പദ്മാവതിയാണ് മാരിയപ്പന്റെ ഭാര്യ. പരേതനായ ശിവകുമാറാണ് മൂത്തമകന്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശവസംസ്കാരം ചൊവ്വാഴ്ച അഞ്ചിന് മറയൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍.
Content Highlights: old man mariyappan killed by two in marayoor idukki
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..