-
നടുവിൽ(കണ്ണൂർ): കുടിയാന്മല ചാത്തമലയിലെ കാട്ടുനിലത്തിൽ കുര്യാക്കോസിന്റെ (അപ്പച്ചൻ-78) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയെ കുടിയാന്മല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ.ജെ. പ്രദീപ് അറസ്റ്റു ചെയ്തു. ചാത്തമലയിലെ പിണക്കാട്ട് ബിനോയ് സെബാസ്റ്റ്യൻ (42) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി രണ്ടുമണിയോടെയാണ് ചാത്തമല പാറക്കടവ് തോടരികിൽ കുര്യാക്കോസിനെ മരിച്ച നിലയിൽ കാണുന്നത്. മുഖത്തുനിന്നും രക്തം ഒലിക്കുന്ന നിലയിലായിരുന്നു. കഴുത്തിന്റെ ഉൾഭാഗത്തേറ്റ പരിക്കാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോലീസ് ഫൊറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപ്പിള്ള നടത്തിയ മൃതദേഹപരിശോധനയിലും കൊലപാതകസാധ്യതയിലേക്ക് വിരൽ ചൂണ്ടിയിരുന്നു.
തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടുന്നതിന് സഹായിച്ചത്. ശനിയാഴ്ച വൈകുന്നേരം പ്രതി ബിനോയിയുടെ കൂടെ കുര്യാക്കോസിനെ കണ്ടിരുന്നുവെന്ന ദൃക്സാക്ഷിമൊഴി അന്വേഷണത്തിൽ വഴിത്തിരിവായി. ഏലമ്മയാണ് കുര്യാക്കോസിന്റെ ഭാര്യ. മക്കൾ: സോജൻ, സജി, സിജു (ഖത്തർ), പ്രിയങ്ക (കൊൽക്കത്ത). മരുമക്കൾ: റിജി, റിൻസി, ഷീന, സിബു.
വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു
നടുവിൽ: കുടിയാന്മല ചാത്തമലയിലെ എഴുപത്തെട്ടുകാരന്റെ കൊലപാതകത്തിൽ കലാശിച്ചത് മദ്യപാനത്തിനു പുറമേ മറ്റുചില തർക്കങ്ങളും.
വാക്കുതർക്കത്തെത്തുടർന്ന് കുര്യാക്കോസിന്റെ കഴുത്ത് പിടിച്ചമർത്തുകയായിരുന്നു പ്രതിയായ ബിനോയി എന്ന് പോലീസ് പറഞ്ഞു. പിടിച്ചുതള്ളുന്നതിനിടയിൽ പാറയിൽ തലയിടിച്ചതാണ് മുഖത്തേറ്റ പരിക്കിന് കാരണം.
മദ്യപാനവുമായി ബന്ധപ്പെട്ട സൗഹൃദമാണ് ബിനോയിയുമായി ഇയാൾക്കെന്നാണ് നാട്ടുകാർ കരുതിയത്.
കൊലപാതകം നടന്ന ദിവസം വൈകുന്നേരം ഇരുവരും കുടിയാന്മല സ്കൂളിനു പിറകിലെ പാലം കടന്നുപോകുന്നത് ചിലർ കണ്ടിരുന്നു. മരണം നടന്ന സ്ഥലത്തും രണ്ടുപേരെയും കണ്ടതായി പോലീസിന് പിന്നീട് മൊഴി കിട്ടി. രാത്രിയായിട്ടും കുര്യാക്കോസ് വീട്ടിലെത്താതായതിനെ ത്തുടർന്ന് ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. തുടർന്നുള്ള തിരച്ചിലിനൊടുവിലാണ് ചാത്തമല തോടിന്റെ പാറക്കടവ് ഭാഗത്ത് മൃതദേഹം കാണുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് അപ്പോൾത്തന്നെ കൊണ്ടുപോയെങ്കിലും മണിക്കൂറുകൾക്കു മുമ്പേ മരണം നടന്നിരുന്നു.
ഭാര്യയുമായി വർഷങ്ങൾക്കു മുമ്പ് ബന്ധം വേർപെടുത്തി കഴിയുകയാണ് ബിനോയി. അമ്മയുടെ കൂടെയാണ് താമസം. ചില സ്വഭാവവൈകൃതങ്ങൾ ഇയാൾ പ്രകടിപ്പിക്കാറുണ്ടെന്ന വിവരവും പോലീസിനു കിട്ടിയിട്ടുണ്ട്. ഇരുവരുടെയും വീടുകൾ തമ്മിൽ അരകിലോമീറ്ററിലധികം ദൂരമുണ്ട്.
വഴിത്തിരിവായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
നാട്ടുകാരെ ഞെട്ടിച്ച മരണം കൊലപാതകമാണെന്ന് തെളിയാൻ വഴിത്തിരിവായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിടിച്ചുവീണതോ മറ്റോ ആവാം മരണകാരണമെന്നാണ് ആളുകൾ കരുതിയിരുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പോലീസ് ഫോറൻസിക് സർജൻ ഗോപാലകൃഷ്ണപ്പിള്ളയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ ബലമായി പിടിച്ചമർത്തിയതുമൂലമുള്ള പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ബിനോയി കുടുങ്ങുകയും ചെയ്തു.
Content Highlights:old man killed in naduvil kannur his friend arrested by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..