അറസ്റ്റിലായ ഫിറോസ് ഖാൻ, സത്താർ എന്നിവർ
കൊച്ചി: ഗൾഫിൽ കോവിഡ് വാക്സിൻ ഡ്യൂട്ടിയെന്ന പേരിൽ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ വഞ്ചിച്ച കേസിൽ പ്രതികൾ തട്ടിയെടുത്തത് 2.35 കോടിയിലേറെ രൂപ. ഇപ്പോൾ പരാതി നൽകിയിട്ടുള്ളവരിൽനിന്ന് ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് 94 പേരിൽനിന്ന് രണ്ടര ലക്ഷം രൂപ വീതം തട്ടിയെടുത്തതായാണ് പോലീസിന്റെ കണ്ടെത്തൽ. കൂടുതൽ പരാതി വന്നുകൊണ്ടിരിക്കുകയാണെന്നും വ്യാപ്തി കൂടാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച പിടിയിലായ മുഖ്യ പ്രതിയും കലൂരിലെ 'ടെയ്ക് ഓഫ്' റിക്രൂട്ടിങ് ഏജൻസി ഉടമയുമായ എറണാകുളം നെട്ടൂർ കളരിക്കൽ വീട്ടിൽ ഫിറോസ് ഖാൻ (42), ദുബായിയിലെ ഏജന്റും ചേർത്തല അരൂക്കുറ്റി കൊമ്പനാമുറി പള്ളിക്കൽ വീട്ടിൽ സത്താർ (50) എന്നിവരുടെ അറസ്റ്റ് എറണാകുളം നോർത്ത് പോലീസ് ഞായറാഴ്ച രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊല്ലം സ്വദേശിയായ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, ഇയാൾക്ക് കേസിൽ പങ്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു.
അറസ്റ്റിലായ പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്ന് നോട്ടെണ്ണുന്ന മെഷീനടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹിയിലേക്ക് കടക്കാനായുള്ള ശ്രമത്തിലായിരുന്ന ഫിറോസ് ഖാനെ കോഴിക്കോട്ടു നിന്ന് പോലീസ് പിടികൂടുകയായിരുന്നു.
നഴ്സ് വിസ എന്ന വ്യാജേന വിസിറ്റിങ് വിസ നൽകി വഞ്ചിച്ചെന്നു കാട്ടി കൊല്ലം പത്തനാപുരം പട്ടാഴിയിലെ റീന രാജൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പോലീസ് നടപടി തുടങ്ങിയത്. അഞ്ഞൂറിൽ കൂടുതൽ നഴ്സുമാരെ വാക്സിൻ നൽകുന്ന ഡ്യൂട്ടിക്കെന്ന പേരിൽ പണം വാങ്ങി, ദുബായിയിൽ എത്തിച്ച് മസാജ് സെന്റർ ഹോം കെയർ ജോലികൾക്കായി പോകണമെന്ന് ഭീഷണിപ്പെടുത്തുകയും മുറിയിൽ അടച്ചിടുകയുമായിരുന്നുവെന്നാണ് പരാതി.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. ദുബായിയിൽ ഫിറോസ് ഖാന് കൂടുതൽ ഏജന്റുമാരുണ്ട്. ഇവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് നോർത്ത് ഇൻസ്പെക്ടർ വി.എസ്. പ്രദീപ്കുമാർ പറഞ്ഞു.
ഫിറോസ് ഖാന്റെ വാഹനങ്ങൾ കണ്ടെത്തും
തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണത്തിൽ നല്ലൊരു പങ്കും ഫിറോസ് ഖാൻ ഉപയോഗിച്ചത് ആഡംബര കാറുകൾ വാങ്ങാനായിരുന്നുവെന്നാണ് കണ്ടെത്തൽ. ഫിറോസ് ഖാന് വാഹനങ്ങൾ മറിച്ച് വിൽക്കുന്ന ഇടപാടുമുണ്ട്. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് വാങ്ങിയ കാറുകൾ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
Content Highlights: nurse job fraud by takeoff recruiting agency eranakulam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..