അറസ്റ്റിലായ സാദിഖ് ഹംസ.
വർക്കല: ആരോഗ്യപ്രവർത്തകരെന്ന വ്യാജേന വീട്ടിലെത്തിയവർ, പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. മേൽവെട്ടൂർ ബിസ്മില്ല ഹൗസിൽ അമീറി(24)നാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മേൽവെട്ടൂർ അല്ലാഹു അക്ബർ വീട്ടിൽ സാദിഖ് ഹംസ(64)യെ വർക്കല പോലീസ് അറസ്റ്റുചെയ്തു.
അബുദാബിയിൽനിന്നു നാട്ടിലെത്തിയ അമീർ, ഹോം ക്വാറന്റീനിൽ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ 17-ന് വൈകുന്നേരം 4.30-ഓടെയാണ് ആരോഗ്യപ്രവർത്തകരാണെന്നു പരിചയപ്പെടുത്തിയ രണ്ടുപേർ കാറിൽ വീട്ടിലെത്തിയത്.
കോവിഡ് ടെസ്റ്റിന് സാമ്പിളെടുക്കണമെന്നു പറഞ്ഞ് അമീറിനെ ഇവർ കാറിൽ കയറ്റി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. ആശുപത്രിക്കു മുന്നിൽ കാർ നിർത്തി, അമീറിനെ കാറിലിരുത്തി ലോക്ക് ചെയ്തിട്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി ആശുപത്രിയുടെ അകത്തേക്കു പോയി. പിന്നീട് തിരികെയെത്തി ഡോക്ടർമാർ ഇല്ലെന്നും രാത്രി എത്തിയാൽ മതിയെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അമീറിനെ തിരികെ വീട്ടിലെത്തിച്ചു.
രാത്രി ടെസ്റ്റിനു പോകാൻ തയ്യാറായി നിൽക്കണമെന്നു പറഞ്ഞാണ് സംഘം മടങ്ങിയത്. രാത്രി 8.30-ന് ഇവർതന്നെ വീണ്ടും കാറുമായെത്തി അമീറിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
വർക്കല കിളിത്തട്ടുമുക്കിലെത്തിയ വാഹനം തിരിച്ച് മേൽവെട്ടൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ പോയപ്പോൾ സംശയം തോന്നിയ അമീർ ചോദ്യം ചെയ്തു. വെട്ടൂരിൽ ഒരാളെ കാണാനുണ്ടെന്നു പറഞ്ഞാണ് ഹംസയുടെ വീട്ടിൽ അമീറിനെ എത്തിച്ചത്. അവിടെവച്ച് അമീറിന്റെ കൈകാലുകൾ ബന്ധിച്ച ശേഷം മർദ്ദിക്കുകയായിരുന്നു. ഹംസ വിവാഹം കഴിച്ച ഒരു സ്ത്രീയുടെ മൂത്ത മകളെ അഞ്ചു വർഷം മുമ്പ് അമീർ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഈ വിവാഹത്തിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.ഇതിനിടെ, അമീറിന്റെ ഫോണിൽനിന്ന് പെൺകുട്ടിയുടെ നമ്പരിലേക്കു വിളിക്കാൻ പറഞ്ഞു. അതിനായി കൈയിലെ കെട്ടഴിക്കുന്നതിനിടെ അമീർ ഇവരെ തള്ളിമാറ്റി ഓടി വീടിന്റെ രണ്ടാം നിലയിലെത്തി, ചാഞ്ഞുനിന്ന തെങ്ങിലൂടെ ഇറങ്ങി രക്ഷപ്പെട്ടു. തുടർന്ന് വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു.
Content Highlights:
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..