പ്രതി ഷൈബിൻ അഷ്‌റഫ്
നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്.
മുഖ്യപ്രതി പ്രവാസി വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ വീട്ടില്‍നിന്ന് രക്തക്കറയുള്ള ആയുധങ്ങള്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അവര്‍. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് പരിശോധന നടത്തുമ്പോള്‍ ഇതിന്റെ തുമ്പ് കിട്ടിയേക്കുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു.
ഫൊറന്‍സിക് വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. മൃതദേഹം പുഴയില്‍ തള്ളിയിട്ട് 17 മാസം കഴിഞ്ഞതിനാല്‍ അവശിഷ്ടം കണ്ടെത്താമെന്ന പ്രതീക്ഷയില്ല. കഷണങ്ങളാക്കിയാണ് തള്ളിയതും. അതുകൊണ്ടാണ് രക്തക്കറ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ആയുധങ്ങളിലെ രക്തക്കറ എളുപ്പം മായില്ലെന്നത് പോലീസിനു പ്രതീക്ഷയാണ്. രക്തക്കറ കിട്ടിയാല്‍ ബന്ധുക്കളുടെ ഡി.എന്‍.എ. പരിശോധന നടത്തും. രണ്ടും പൊരുത്തപ്പെട്ടാല്‍ നിര്‍ണായക സാഹചര്യത്തെളിവാകും.
മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ പുഴയില്‍ തിരച്ചില്‍ നടത്താന്‍ പോലീസ് ഉദ്ദേശിക്കുന്നുണ്ട്. സംഭവത്തിനുശേഷം ഒരു മഴക്കാലം പിന്നിട്ടുവെന്നത് പോലീസിനെ സംബന്ധിച്ച് തിരിച്ചടിയാണ്.
പെന്‍ഡ്രൈവ് രഹസ്യങ്ങളുടെ കലവറ
പ്രതികളില്‍നിന്ന് പിടികൂടിയ പെന്‍ഡ്രൈവും ലാപ്ടോപ്പും രഹസ്യങ്ങളുടെ കലവറയാണ്. നാട്ടുവൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കുപുറമേ നിഗൂഡത നിറഞ്ഞ പലതും ഇതിലുണ്ട്. ഫോണ്‍ പാസ്വേഡ് വാങ്ങല്‍, പെണ്ണിനെ തീര്‍ക്കല്‍, സെര്‍ച്ച് ചെയ്യാനുള്ള ഏരിയ വീതിക്കല്‍, നടപ്പാക്കല്‍, അവളെ വലിക്കല്‍ തുടങ്ങിയ തലക്കെട്ടുകളില്‍ ഒറ്റവായനയില്‍ കാര്യം പിടികിട്ടാത്ത നിരവധി കുറിപ്പുകളും ഇതിലുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ നിഗൂഢതയുടെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സ്‌ഫോടക വസ്തു സംഭരിച്ചത് രാഷ്ട്രീയനേതാവിനെ ലക്ഷ്യമിട്ട്
സുല്‍ത്താന്‍ബത്തേരി: നിലമ്പൂരില്‍ കൊലക്കേസില്‍ പിടിയിലായ ഷൈബിന്‍ അഷ്‌റഫിന്റെ കൂട്ടാളികളായ ബത്തേരി സ്വദേശികള്‍ കൈപ്പഞ്ചേരിയില്‍ സ്‌ഫോടകവസ്തുക്കള്‍ സംഭരിച്ചത് ജില്ലയിലെ ഒരു രാഷ്ട്രീയനേതാവിനെ ലക്ഷ്യംവെച്ചെന്ന് സൂചന. പ്രതികള്‍ മുമ്പ് സഹകരിച്ചിരുന്ന രാഷ്ട്രീയപ്പാര്‍ട്ടിയിലെ ജില്ലാനേതാവിനെയാണ് അപായപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നാണ് അറിയുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് പ്രതികള്‍ പാര്‍ട്ടി മാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണോ, അതോ ക്വട്ടേഷനെടുത്തതാണോ എന്നതില്‍ വ്യക്തതയില്ല.
നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചാകേസില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കൈപ്പഞ്ചേരിയിലെ വീട്ടുവളപ്പില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്.
നിലമ്പൂരിലെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഷൈബിന്റെ കൂട്ടുപ്രതിയായ കൈപ്പഞ്ചേരി തങ്ങളകത്ത് വീട്ടില്‍ നൗഷാദിന്റെ സഹോദരന്‍ അഷ്റഫിന്റെ വീട്ടുവളപ്പില്‍നിന്നാണ് ഒമ്പത് ജലാറ്റിന്‍ സ്റ്റിക്കുകളും, അഞ്ചരമീറ്റര്‍ ഫ്യൂസ് വയറും പോലീസ് പിടികൂടിയത്. കവര്‍ച്ചക്കേസില്‍ പിടിയിലായ അഷ്റഫിനെ ഏപ്രില്‍ 28-ന് നിലമ്പൂര്‍ പോലീസ് കൈപ്പഞ്ചേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് വീടിന്റെ പിറകുവശത്തുള്ള വാഴത്തോട്ടത്തില്‍ കുഴിച്ചിട്ടനിലയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്. ഇതിന് തൊട്ടടുത്തുള്ള മറ്റൊരു കുഴിയില്‍നിന്നും ഷൈബിന്റെ വീട്ടില്‍നിന്നും അപഹരിച്ച നാല് മൊബൈല്‍ഫോണുകളും കണ്ടെടുത്തിരുന്നു.
സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഷൈബിന്റെ വീട്ടിലെ കവര്‍ച്ചയ്ക്കുശേഷം, സഹോദരന്‍ നൗഷാദ് ഒളിപ്പിച്ചുവെക്കാന്‍ പറഞ്ഞുതന്ന രണ്ടുപൊതികള്‍ കുഴിച്ചിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇതില്‍ സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് അഷ്‌റഫ് മുമ്പ് പോലീസിന് മൊഴി നല്‍കിയത്.
രക്ഷപ്പെടാന്‍ ആത്മഹത്യാ നാടകം
തിരുവനന്തപുരം: ചതിയിലും ക്രൂരതയിലും കൂട്ടായിനിന്ന് ഒടുവില്‍ 'വഞ്ചന' സഹിക്കാനാകാതെയായിരുന്നു ആ ആത്മഹത്യാ നാടകം. പക്ഷേ, അതിന് പിന്നാലെപോയ പോലീസ് ചുരുളഴിച്ചത് ഞെട്ടിക്കുന്ന കൊലപാതക കഥ. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ സംഭവം പുറംലോകമറിയാന്‍ വഴിവെച്ചത് കൂട്ടുപ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ ആത്മഹത്യാ നാടകമായിരുന്നു.
വ്യവസായിയെ വീട്ടില്‍ ബന്ദിയാക്കി ഏഴുലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികളും സുല്‍ത്താന്‍ ബത്തേരി സ്വദേശികളുമായ സലീം, സക്കീര്‍, നൗഷാദ്, നിഷാദ്, സൈറസ് എന്നിവര്‍ കഴിഞ്ഞ 30-നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് പോലീസിനെ മുള്‍മുനയിലാക്കിയായിരുന്നു നാടകീയ രംഗങ്ങള്‍.
തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും കവര്‍ച്ചക്കേസിലെ പരാതിക്കാരന്‍ തങ്ങളെ ചതിച്ചതാണെന്നും വിളിച്ചുപറഞ്ഞായിരുന്നു ഇവര്‍ ബഹളം വെച്ചത്. ''പരാതിക്കാരനായ ഷൈബിന്‍ അഷറഫിന്റെ കീഴില്‍ നിരവധി കുറ്റകൃത്യത്തില്‍ പങ്കാളികളായിട്ടുണ്ട്. കൊലക്കേസുമായി ബന്ധപ്പെട്ട തെളിവ് തങ്ങളുടെ കൈയിലുണ്ട് ''-ഒരു പെന്‍ഡ്രൈവ് ഉയര്‍ത്തിക്കാട്ടി അവര്‍ പറഞ്ഞു.
അഗ്‌നിരക്ഷാസേന എത്തി വെള്ളം ചീറ്റിച്ച ശേഷം പോലീസ് ഇവരെ അനുനയിപ്പിച്ച് ജീപ്പില്‍ കയറ്റി കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കൊണ്ടുപോവുകയും ആത്മഹത്യാ ശ്രമത്തിന് കേസെടുക്കയും ചെയ്തു. ഷൈബിന്‍ തങ്ങളെക്കൊണ്ട് ഒരു കൊലപാതകം ചെയ്യിപ്പിച്ചിട്ടുണ്ട് എന്നാണ് ഇവര്‍ അന്ന് പോലീസിനോട് പറഞ്ഞത്.
എന്നാല്‍, തങ്ങള്‍ക്ക് വാഗ്ദാനംചെയ്ത പണം തരാത്തതിനാലാണ് മോഷണം നടത്തിയതെന്നും തങ്ങളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. ഇതോടെ കന്റോണ്‍മെന്റ് പോലീസ് ഇവരെ നിലമ്പൂര്‍ പോലീസിന് കൈമാറുകയായിരുന്നു. നിലമ്പൂര്‍ പോലീസ് മൂവരെയും വിശദമായി ചോദ്യംചെയ്തതോടെയാണ് വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയത് പുറംലോകമറിഞ്ഞത്.
Content Highlights: nilambur shaba shareef murder case more details in pendrive
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..