കൊലയാളി സംഘം ചാര്‍ട്ടേഡ് വിമാനത്തില്‍; അബുദാബിയിലെ ഇരട്ടക്കൊല നാട്ടിലിരുന്ന് ലൈവായി കണ്ട് ഷൈബിന്‍


2020 മാര്‍ച്ച് അഞ്ചാം തീയതിയാണ് ഹാരിസിനെയും മാനേജരായ യുവതിയെയും അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഷൈബിൻ അഷ്‌റഫ് | ഫയൽചിത്രം | മാതൃഭൂമി

നിലമ്പൂര്‍: അബുദാബിയില്‍ രണ്ട് മലയാളികളുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും നിലമ്പൂരില്‍ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫെന്ന് മൊഴി. പ്രവാസി വ്യവസായിയായ കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, ഇദ്ദേഹത്തിന്റെ മാനേജരായിരുന്ന ചാലക്കുടി സ്വദേശിനി എന്നിവരെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. നാട്ടുവൈദ്യനായ ഷാബാ ഷരീഫിനെ തടവില്‍പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഷൈബിന്‍ അഷ്‌റഫിന്റെ കൂട്ടാളികളായ അജ്മല്‍, ഷഫീഖ്, ഹബീബ് എന്നിവര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് അബുദാബിയിലെ ഇരട്ടക്കൊലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നത്.

2020 മാര്‍ച്ച് അഞ്ചാം തീയതിയാണ് ഹാരിസിനെയും മാനേജരായ യുവതിയെയും അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ കൂടുതല്‍ അന്വേഷണവും ഉണ്ടായില്ല. എന്നാല്‍ നിലമ്പൂരില്‍ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഷൈബിന്‍ അഷ്‌റഫ് പിടിയിലായതോടെ അബുദാബിയിലെ സംഭവത്തിലും വഴിത്തിരിവുണ്ടാവുകയായിരുന്നു. ഷൈബിന്‍ അഷ്‌റഫിനെതിരേ കൂട്ടാളികളായ മറ്റുപ്രതികള്‍ നല്‍കിയ തെളിവുകളില്‍ അബുദാബിയിലെ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും ഉണ്ടായിരുന്നു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ യാതൊരു സംശയവും തോന്നാതെ എങ്ങനെ കൊല്ലണം, എന്തൊക്കെ ചെയ്യണം, മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളാണ് നിരവധി കടലാസുകളില്‍ പ്രിന്റെടുത്ത് സൂക്ഷിച്ചിരുന്നത്. ഈ കടലാസുകള്‍ അബുദാബിയിലെ ഫ്‌ളാറ്റില്‍ ഒട്ടിച്ചുവെച്ചതിന്റെ ദൃശ്യങ്ങളാണ് അന്ന് പുറത്തുവന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് അബുദാബിയിലെ കൊലപാതകങ്ങളുടെയും ചുരുളഴിച്ചിരിക്കുന്നത്. ഹാരിസിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും പോലീസിനെ സമീപിച്ചിരുന്നു.

ഹാരിസിനെയും യുവതിയെയും കൊലപ്പെടുത്തിയത് തങ്ങളാണെന്ന് കഴിഞ്ഞദിവസം പിടിയിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മറ്റൊരു പ്രതിയായ നൗഷാദും ഈ സംഘത്തിലുണ്ടായിരുന്നു. നേരത്തെ ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. എന്നാല്‍ പിന്നീട് സാമ്പത്തിക തര്‍ക്കങ്ങളും മറ്റുപ്രശ്‌നങ്ങളും കാരണം ഇരുവരും തമ്മിലുള്ള ബന്ധം അകന്നു. ഹാരിസിന്റെ ഭാര്യയുമായി ഷൈബിന്‍ അഷ്‌റഫ് രഹസ്യബന്ധം പുലര്‍ത്തിയതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇതേത്തുടര്‍ന്ന് ഹാരിസ് ഭാര്യയെ മൊഴി ചൊല്ലുകയും ചെയ്തു.

മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതും താനുമായുള്ള രഹസ്യബന്ധം കാരണം ഭാര്യയെ മൊഴി ചൊല്ലിയതുമെല്ലാം ഹാരിസിനോടുള്ള ഷൈബിന്റെ പകയ്ക്ക് കാരണമായെന്നാണ് വിവരം. മയക്കുമരുന്ന് കേസില്‍ തന്നെ ഒറ്റിയത് ഹാരിസാണെന്നാണ് ഷൈബിന്‍ കരുതിയിരുന്നത്. ഇതിന്റെയെല്ലാം പകയിലാണ് ഹാരിസിനെയും മാനേജറെയും കൊലപ്പെടുത്താന്‍ ഷൈബിന്‍ തീരുമാനിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഷൈബിന് അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നു. അതിനാല്‍ നിലമ്പൂരില്‍നിന്നാണ് ഇയാള്‍ എല്ലാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. തന്റെ വിശ്വസ്തരായ കൂട്ടാളികളെയാണ് പദ്ധതി നടപ്പാക്കാനായി ഷൈബിന്‍ നിയോഗിച്ചത്. ചാര്‍ട്ടേഡ് വിമാനത്തില്‍ ഇവരെ അബുദാബിയില്‍ എത്തിച്ച പ്രതി, ഹാരിസ് താമസിക്കുന്ന കെട്ടിടത്തിലെ മറ്റൊരു ഫ്‌ളാറ്റില്‍ ഇവരെ താമസിപ്പിച്ചു. വാടക ഫ്‌ളാറ്റില്‍ ദിവസങ്ങളോളം താമസിച്ച കൊലയാളി സംഘത്തിന് വേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും ഷൈബിന്‍ നിലമ്പൂരില്‍നിന്ന് നല്‍കി. ഓണ്‍ലൈന്‍ വഴിയായിരുന്നു ആശയവിനിമയം.

അജ്മല്‍, ഷഫീഖ്, ഹബീബ്, നൗഷാദ് എന്നിവര്‍ ചേര്‍ന്ന് മാനേജരായ യുവതിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. കെട്ടിടത്തിലെ സിസിടിവി ഇല്ലാത്ത വഴിയിലൂടെ ഹാരിസിന്റെ ഫ്‌ളാറ്റിലേക്കെത്തിയ ഇവര്‍ അകത്തേക്ക് ഇരച്ചുകയറിയതിന് പിന്നാലെ ഫ്‌ളാറ്റിലുണ്ടായിരുന്ന യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഹാരിസിനെ കൊണ്ട് ബലമായി യുവതിയുടെ കവിളില്‍ അടിപ്പിക്കുകയും കഴുത്തില്‍ പിടിച്ച് ഞെരിപ്പിക്കുകയും ചെയ്തു. പിന്നാലെ ഹാരിസിനെ കൊണ്ട് മദ്യം കുടിപ്പിച്ചു. മുറിയിലുണ്ടായിരുന്ന ആപ്പിളിലും കടിപ്പിച്ചു. ഇതിനുശേഷമാണ് കൈഞരമ്പ് മുറിച്ച് കുളിമുറിയില്‍ തള്ളിയത്. കുളിമുറിയില്‍ തളംകെട്ടിയ രക്തത്തില്‍ ഹാരിസിന്റെ ചെരിപ്പ് മുക്കി. തുടര്‍ന്ന് പ്രതികളിലൊരാള്‍ ഈ ചെരിപ്പിട്ട് ഫ്‌ളാറ്റിലൂടെ നടന്നു. മദ്യപിച്ചതിന് പിന്നാലെ യുവതിയെ കൊലപ്പെടുത്തിയത് ഹാരിസാണെന്നും ഇതിനുശേഷം ഇയാള്‍ ജീവനൊടുക്കിയെന്നും വരുത്തിതീര്‍ക്കാനായിരുന്നു പ്രതികളുടെ ശ്രമം.

അബുദാബിയിലെ ഫ്‌ളാറ്റില്‍ രണ്ടുപേരെയും കൊന്നുതള്ളുമ്പോള്‍ ഇതെല്ലാം നിലമ്പൂരിലെ വീട്ടിലിരുന്ന് ഷൈബിന്‍ ലൈവായി മൊബൈലില്‍ കാണുന്നുണ്ടായിരുന്നു. വീഡിയോ കോളില്‍ ലൈവായി തന്നെ കൊലയാളിസംഘത്തിന് വേണ്ട നിര്‍ദേശങ്ങളും ഇയാള്‍ നല്‍കി.

വിവരങ്ങള്‍ പുറത്തുവിടാതെ പോലീസ്, ഹാരിസിന്റെ മാതാവും സഹോദരിയും എത്തി...

കഴിഞ്ഞദിവസം മൂന്ന് പ്രതികളെ പിടികൂടിയെങ്കിലും ഇവരെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതിനിടെ, കഴിഞ്ഞദിവസം പിടിയിലായ പ്രതികളെ പരിചയമുണ്ടോ എന്ന് അറിയാനായി ഹാരിസിന്റെ മാതാവിനെയും സഹോദരിയെയും പോലീസ് നിലമ്പൂരിലേക്ക് വിളിപ്പിച്ചിരുന്നു. മകനെ കൊലപ്പെടുത്തിയവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നായിരുന്നു ഹാരിസിന്റെ മാതാവ് സൈറാബിയുടെ പ്രതികരണം. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തെ ഇവര്‍ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം, ഷൈബിനുമായി ബന്ധപ്പെട്ട കൂടുതല്‍പേര്‍ ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിലാണ്. നിലമ്പൂരിലും വയനാട്ടിലുമായി വന്‍ ഗുണ്ടാസംഘത്തെയാണ് പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്‌റഫ് പോറ്റിവളര്‍ത്തിയിരുന്നത്.


Content Highlights: nilambur shaba shareef murder case accused shaibin ashraf conspiracy in haris murder

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented