മൂലക്കുരുവിനുള്ള ഒറ്റമൂലി, പ്രവാസി വ്യവസായിയുടെ പണക്കൊതി; അരുംകൊലയുടെ രഹസ്യം പൊളിഞ്ഞ വഴി


കൊല്ലപ്പെട്ട ഷാബാ ഷരീഫിനെ തടവിൽ പാർപ്പിച്ചതിന്റെ ദൃശ്യം | Screengrab: Mathrubhumi News

നിലമ്പൂരില്‍ നാട്ടുവൈദ്യനെ ഒരുവര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം ചുരുളഴിഞ്ഞത് ആരെയും അമ്പരിപ്പിക്കുന്ന ട്വിസ്റ്റുകളിലൂടെ. പ്രതികള്‍ക്കിടയിലുണ്ടായ സാമ്പത്തിക തര്‍ക്കവും പ്രതികാരവുമെല്ലാമാണ് ഒന്നരവര്‍ഷം മുമ്പ് നടന്ന ക്രൂരകൊലപാതകം പുറത്തറിയാന്‍ കാരണമായത്. ആഴ്ചകള്‍ക്ക് മുമ്പ് നിലമ്പൂര്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാക്കേസിലെ പരാതിക്കാരനായിരുന്നു വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്‌റഫ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരാതിക്കാരനായി പോലീസ് സ്‌റ്റേഷനിലെത്തിയ ഷൈബിന്‍, കൊലക്കേസിലെ പ്രതിയായാണ് കഴിഞ്ഞദിവസം സ്റ്റേഷന്റെ പടിചവിട്ടിയത്.

വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഷൈബിനൊപ്പം മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷൈബിന്റെ മാനേജരായ ശിഹാബുദ്ദീന്‍, ബത്തേരി കയ്പഞ്ചേരി സ്വദേശി നൗഷാദ്, നിഷാദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യംതേടിയുള്ള യാത്രയാണ് മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫി(60)ന്റെ ദാരുണ കൊലപാതകത്തില്‍ കലാശിച്ചത്. ഒട്ടേറെ ട്വിസ്റ്റുകള്‍ നിറഞ്ഞ സംഭവങ്ങളുടെ തുടക്കം 2019 ഓഗസ്റ്റിലായിരുന്നു.

ഒറ്റമൂലി രഹസ്യത്തിനായി തട്ടിക്കൊണ്ടുപോകല്‍

മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്ന നാട്ടുവൈദ്യനായിരുന്നു ഷാബാ ഷരീഫ്. മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സ തേടിയാണ് മിക്കവരും ഇയാളുടെ അടുത്തെത്തിയിരുന്നത്. നിലമ്പൂരിലെ പ്രവാസി വ്യവസായിയായ ഷൈബിനും ഷാബാ ഷരീഫിന്റെ ചികിത്സയെക്കുറിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് വൈദ്യനില്‍നിന്ന് ഒറ്റമൂലി രഹസ്യം കൈക്കലാക്കി മരുന്ന് നിര്‍മിച്ച് പണമുണ്ടാക്കാമെന്ന ചിന്തയുണ്ടായത്. തുടര്‍ന്ന് ഷാബാ ഷരീഫില്‍നിന്ന് എങ്ങനെയും ഒറ്റമൂലി രഹസ്യം കൈക്കലാക്കാനായിരുന്നു ഷൈബിന്റെ ശ്രമം.

മൈസൂരുവിലെ ലോഡ്ജില്‍ താമസിക്കുന്ന ഒരു വയോധികനെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൈബിന്റെ കൂട്ടാളികള്‍ വൈദ്യനെ സമീപിച്ചത്. രാജീവ്‌നഗറില്‍നിന്ന് ലോഡ്ജിലേക്ക് ബൈക്കില്‍ പോകാമെന്നും രോഗിയെ കണ്ടശേഷം തിരികെയെത്തിക്കാമെന്നും അറിയിച്ചു. തുടര്‍ന്ന് വൈദ്യനെ ഇവര്‍ ബൈക്കില്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. യാത്രയ്ക്കിടെയുള്ള വഴിയില്‍ ഷൈബിനും മറ്റുള്ളവരും കാറുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ വൈദ്യനെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി നിലമ്പൂരിലെ ഷൈബിന്റെ വീട്ടിലെത്തിച്ചു.

Also Read

ഫോണ്‍വിളിയെച്ചൊല്ലി തര്‍ക്കം പതിവ്, തലേദിവസം ഒന്നും മിണ്ടാതെ നജ്‌ല; നൊമ്പരമായി ആ കുഞ്ഞുങ്ങള്‍

ആലപ്പുഴ: എ.ആർ. ക്യാമ്പിനടുത്തുള്ള ക്വാർട്ടേഴ്സിൽ ..

'നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടില്ലെന്ന് മനസിലായി, ചുക്കിചുളിഞ്ഞു'- ഇത് 3901-ാമത്തെ മൃതദേഹം

കോഴിക്കോട്: പോലീസിന്റെ ആവശ്യപ്രകാരം ഒളവണ്ണ ..

നിലമ്പൂരിലെ വീട്ടിലെത്തിച്ച ശേഷം ഷാബാ ഷരീഫിന് ക്രൂരമായ മര്‍ദനമാണ് നേരിടേണ്ടിവന്നത്. ഒറ്റമൂലിയുടെ രഹസ്യം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് ഇയാളെ പ്രതികള്‍ നിരന്തരം മര്‍ദിച്ചു. എന്നാല്‍ ക്രൂരമായ മര്‍ദനമേറ്റിട്ടും ഷാബാ ഷെരീഫ് ഒറ്റമൂലി രഹസ്യം വെളിപ്പെടുത്തിയില്ല. ഷൈബിന്റെ വീട്ടിലെ ഒന്നാംനിലയിലെ പ്രത്യേകമുറിയില്‍ ചങ്ങലയ്ക്കിട്ടാണ് ഷാബാ ഷരീഫിനെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. ഈ ചെറിയ മുറിയില്‍ കിടക്കയും എ.സിയുമെല്ലാം സജ്ജമാക്കിയിരുന്നു. കിടക്കയുടെ തൊട്ടടുത്താണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള ക്ലോസറ്റും നിര്‍മിച്ചിരുന്നത്. വൈദ്യനെ സദാസമയവും നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകളും മുറിയിലുണ്ടായിരുന്നു.

ക്രൂരമർദനം, കൊലപാതകം

ഒറ്റമൂലി രഹസ്യം ലഭിക്കാനായി ഷാബാ ഷരീഫിനെ ഒരുവര്‍ഷത്തോളമാണ് തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചത്. ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദനവും പൈപ്പ് കൊണ്ടുള്ള ഉരുട്ടലുമെല്ലാം പലദിവസങ്ങളിലും അരങ്ങേറി. ഇതിനിടെ 2020 ഒക്ടോബറില്‍ മര്‍ദനം തുടരുന്നതിനിടെയാണ് വൈദ്യന്‍ മുറിയില്‍ മരിച്ചുവീണത്. മുഖത്ത് സാനിറ്റൈസര്‍ അടിച്ചും ശരീരത്തില്‍ മര്‍ദിച്ചും ഇരുമ്പ് പൈപ്പ് കൊണ്ട് കാലില്‍ ഉരുട്ടിയുമായിരുന്നു പ്രതികള്‍ വൈദ്യനെ ഉപദ്രവിച്ചത്. മര്‍ദനത്തിനൊടുവില്‍ വൈദ്യന്‍ മരിച്ചുവീണതോടെ എങ്ങനെയെങ്കിലും മൃതദേഹം മറവുചെയ്യാനായിരുന്നു പ്രതികളുടെ ശ്രമം.

മൃതദേഹം ചെറിയ കഷണങ്ങളാക്കി ചാലിയാറില്‍ തള്ളാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനുമുന്നോടിയായി മൃതദേഹം വെട്ടിനുറുക്കാനുള്ള കത്തിയും മരക്കട്ടയുമെല്ലാം നിലമ്പൂരില്‍നിന്ന് സംഘടിപ്പിച്ചു. ഒരു തടിമില്ലില്‍നിന്നാണ് മരക്കട്ട സംഘടിപ്പിച്ചത്. ഇറച്ചിമുറിക്കുന്ന വലിയ കത്തിയും വാങ്ങി. ശേഷം ഷൈബിന്റെ വീട്ടിലെ കുളിമുറിയില്‍വെച്ച് മൃതദേഹം പല കഷണങ്ങളായി വെട്ടിനുറുക്കുകയായിരുന്നു. തുടർന്ന് പല പ്ലാസ്റ്റിക് കവറുകളിലാക്കി ഷൈബിന്റെ ആഡംബര കാറിലാണ് കൊണ്ടുപോയത്. ശേഷം എടവണ്ണ സീതി ഹാജി പാലത്തില്‍നിന്ന് ഈ കവറുകള്‍ ചാലിയാറില്‍ തള്ളുകയായിരുന്നു.

കൊലയ്ക്കുശേഷം പ്രതികള്‍ക്കിടയില്‍ തര്‍ക്കം

2019 ഓഗസ്റ്റ് മുതല്‍ ഷാബാ ഷരീഫിനെ കാണാനില്ലെന്ന് പറഞ്ഞ് ഇദ്ദേഹത്തിന്റെ കുടുംബം മൈസൂരുവിലെ സരസ്വതിപുര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്നുമുതല്‍ മൈസൂരു പോലീസ് ഷാബാ ഷരീഫിനായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

2020 ഒക്ടോബറിലാണ് ഷാബാ ഷരീഫ് നിലമ്പൂരില്‍വെച്ച് കൊല്ലപ്പെട്ടതെങ്കിലും ഷൈബിനും കൂട്ടാളികളുമല്ലാതെ മറ്റൊരാള്‍ക്ക് പോലും ഇതേക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇത്രയുംകാലം പ്രതികള്‍ എല്ലാം അതീവരഹസ്യമായി സൂക്ഷിച്ചു.

ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവരാനും അതിനുശേഷം കൊലപ്പെടുത്തിയപ്പോള്‍ മൃതദേഹം ഉപേക്ഷിക്കാനും സഹായിച്ചതിന് കൂട്ടാളികളായ നൗഷാദ് അടക്കമുള്ളവര്‍ക്ക് ഷൈബിന്‍ പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ഈ പണം ലഭിക്കാതിരുന്നതോടെ ഷൈബിനും കൂട്ടുപ്രതികളും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. ഇതിനുപിന്നാലെയാണ് ഷൈബിന്റെ വീട്ടില്‍ കയറി കവര്‍ച്ച നടത്തി പണം തട്ടിയെടുക്കാന്‍ മറ്റുള്ളവര്‍ തീരുമാനിച്ചത്. ഈ സംഭവത്തോടെയാണ് ഒരു ഈച്ച പോലും അറിയാതിരുന്ന ദാരുണകൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങളും ഘട്ടംഘട്ടമായി പുറത്തുവരാന്‍ തുടങ്ങിയത്.

ഷൈബിന്റെ വീട്ടിലെ കവര്‍ച്ച, പോലീസില്‍ പരാതി

2022 ഏപ്രില്‍ 24-ന് രാത്രിയാണ് നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്റെ വീട്ടില്‍ ഒരുസംഘം അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ഏഴുലക്ഷം രൂപയും നാല് മൊബൈല്‍ഫോണുകളും മൂന്ന് ലാപ്‌ടോപ്പുകളും ഇവര്‍ മോഷ്ടിച്ചെന്നായിരുന്നു ഷൈബിന്റെ പരാതി. നേരത്തെ തന്റെ ജോലിക്കാരായിരുന്ന ചിലരാണ് സംഭവത്തിന് പിന്നിലെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഏപ്രില്‍ 27-ന് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് അഷ്‌റഫ് എന്നയാളെ അറസ്റ്റ് ചെയ്തു. വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നൗഷാദിന്റെ ജ്യേഷ്ഠനാണ് അഷ്‌റഫ്. കവര്‍ച്ചാക്കേസില്‍ നൗഷാദും ബന്ധുവായ സൈറസും മറ്റുനാലുപേരും പ്രതികളായിരുന്നു.

മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ്

ബത്തേരിയിലെ വീട്ടിലെത്തിയാണ് ഏപ്രില്‍ 27-ന് പോലീസ് സംഘം അഷ്‌റഫിനെ പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ഫോണുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഭരണയിലാക്കി കുഴിച്ചിട്ടനിലയിലാണ് വീട്ടില്‍നിന്ന് കണ്ടെത്തിയത്. അത്യുഗ്രശേഷിയുള്ള ചില സ്‌ഫോടകവസ്തുക്കളും അഷ്‌റഫിന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം

കവര്‍ച്ചാക്കേസില്‍ അഷ്‌റഫ് അറസ്റ്റിലായതിന്റെ പിറ്റേദിവസമാണ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നാടകീയമായ ആത്മഹത്യാശ്രമം അരങ്ങേറിയത്. നൗഷാദ്, സലീം, സക്കീര്‍ എന്നിവരാണ് ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍തന്നെ പോലീസും അഗ്നിരക്ഷാസേനയും ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.

തങ്ങളുടെ ജീവന് ഭീഷണിയുണ്ട്, ഷൈബിന്‍ തങ്ങളെക്കൊണ്ട് ഒരു കൊലപാതകം ചെയ്യിപ്പിച്ചിട്ടുണ്ട് എന്നാണ് മൂവരും അന്ന് പോലീസിനോട് വിളിച്ചുപറഞ്ഞത്. അന്ന് ഇവര്‍ക്കെതിരേ ആത്മഹത്യാശ്രമത്തിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പറഞ്ഞകാര്യങ്ങളില്‍ മൂവരും ഉറച്ചുനിന്നതോടെ കന്റോണ്‍മെന്റ് പോലീസ് ഇവരെ നിലമ്പൂര്‍ പോലീസിന് കൈമാറി. നിലമ്പൂര്‍ പോലീസ് മൂവരെയും വിശദമായി ചോദ്യംചെയ്തതോടെയാണ് വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയത് പുറംലോകമറിഞ്ഞത്. തെളിവായി ഷൈബിന്റെ വീട്ടില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും ഇവര്‍ പോലീസിന് കൈമാറിയിരുന്നു.

അന്വേഷണം മൈസൂരുവിലേക്ക്, സ്ഥിരീകരണം

ഷാബാ ഷെരീഫിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന മൊഴി ലഭിച്ചതോടെ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. പ്രതികളില്‍നിന്ന് ലഭിച്ച മൊഴിയനുസരിച്ച് നിലമ്പൂര്‍ പോലീസ് മൈസൂരുവില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. ഷാബാ ഷരീഫിനെ കാണാനില്ലെന്ന പരാതിയില്‍ മൈസൂരു പോലീസ് കേസെടുത്തതും അന്വേഷണം നടത്തിയ വിവരങ്ങളുമെല്ലാം പോലീസ് ശേഖരിച്ചു.

പെന്‍ഡ്രൈവിലുള്ള ദൃശ്യങ്ങള്‍ ഷരീഫിന്റെ ബന്ധുക്കളെ കാണിച്ചു. ഈ ദൃശ്യങ്ങളിലുള്ളത് ഷരീഫ് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്‌റഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രിയോടെ ഇയാളടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഒരുവര്‍ഷത്തോളം തടവില്‍, ചങ്ങലയ്ക്കിട്ട് മര്‍ദനം

നാട്ടുവൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില ദൃശ്യങ്ങളും ബുധനാഴ്ച പുറത്തുവന്നിട്ടുണ്ട്. കൊലപ്പെടുത്തുന്നതിന് മുമ്പ് വൈദ്യനെ തടവില്‍ പാര്‍പ്പിച്ചിരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷൈബിന്റെ വീട്ടിലെ ഒന്നാംനിലയിലെ പ്രത്യേകമുറിയിലാണ് വൈദ്യനെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. ചങ്ങലയ്ക്കിട്ട ഇയാളെ നിരന്തരം മര്‍ദിച്ചിരുന്നു. ഒരു കിടക്കയും വെള്ളവും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള ക്ലോസറ്റുമെല്ലാം ഈ മുറിക്കുള്ളില്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഇയാളെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു.

വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചിരുന്ന വീട് ജനസാന്ദ്രതയേറിയ ചെറിയ ടൗണിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ പരിസരവാസികളൊന്നും ഇങ്ങനെയൊരു സംഭവം അറിഞ്ഞിരുന്നില്ല. മുഖ്യപ്രതിയായ ഷൈബിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ഈ വീട്ടില്‍ താമസിച്ചിരുന്നതായാണ് എസ്.പി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: nilambur murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented