തിരിഞ്ഞുകൊത്തിയ 'ഒറ്റമൂലി'; ആ മരണങ്ങളിലും ഷൈബിന്റെ ചോരപുരണ്ട കൈകള്‍? പകയും പ്രതികാരവും


ഷൈബിൻ അഷ്റഫ് സുൽത്താൻബത്തേരി പുത്തൻകുന്നിൽ നിർമിക്കുന്ന വീട്

ണവ രഹസ്യങ്ങള്‍ തേടി ശാസ്ത്രജ്ഞരെയും രാജ്യത്തിന്റെ തന്ത്രപ്രധാന നീക്കങ്ങളറിയാന്‍ സൈനിക ഉദ്യോഗസ്ഥരെയും തട്ടിക്കൊണ്ടുപോയ പലസംഭവങ്ങളും നമ്മള്‍ മുമ്പ് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു പാരമ്പര്യ വൈദ്യനെ, മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം കൈക്കലാക്കാനായി തട്ടിക്കൊണ്ടുപോയെന്ന വിവരം എല്ലാവരിലും അമ്പരപ്പാണുണ്ടാക്കിയത്. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫ് എന്ന അറുപതുകാരനെയാണ് ഒറ്റമൂലി രഹസ്യമറിയാന്‍ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. ഒന്നരവര്‍ഷത്തോളം രഹസ്യമായി തടവില്‍ പാര്‍പ്പിച്ച വൈദ്യനെ പ്രതികള്‍ മര്‍ദിച്ച് കൊല്ലുകയും മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി പുഴയില്‍ തള്ളുകയുമായിരുന്നു.

പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്‌റഫ് എന്ന കൊടുംക്രിമിനലിന്റെ ആസൂത്രണത്തില്‍നടന്ന അരുംകൊലയുടെ വിശദാംശങ്ങള്‍ കേട്ട് മലയാളികള്‍ ഞെട്ടിത്തരിച്ചു. സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു ഈ കൊലക്കേസിന്റെ നാള്‍വഴി. കൃത്യം നടന്ന് ഒന്നരവര്‍ഷം കഴിഞ്ഞ് സംഭവം പുറത്തറിയാനിടയായതും പ്രതികള്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കങ്ങളായിരുന്നു. വൈദ്യന്റെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞതോടെ മറ്റുചില മരണങ്ങളിലും ഷൈബിന്‍ അഷ്‌റഫിനെതിരേ സംശയമുന നീണ്ടു. ബിസിനസ് പങ്കാളിയുടെ ഭാര്യയെ സ്വന്തമാക്കാനായി അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും വടംവലിയില്‍ തോറ്റതിന്റെ പകയില്‍ യുവാവിനെ കൊന്നുതള്ളിയെന്നും ആരോപണങ്ങളുയര്‍ന്നു. ഈ ദുരൂഹമരണങ്ങളിലെല്ലാം ഷൈബിനെതിരേ പരാതി വന്നതോടെ പോലീസിന്റെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

2022 ഏപ്രില്‍ 29-ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ചിലര്‍ നടത്തിയ ആത്മഹത്യാശ്രമമാണ് അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയാന്‍ കാരണമായത്. ഷൈബിന്‍ അഷ്‌റഫ് എന്ന പ്രവാസി വ്യവസായി തങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് രണ്ടുപേര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പെട്രൊളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് നിലമ്പൂരില്‍ ഷൈബിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയെന്ന കേസിലെ പ്രതികളായിരുന്നു ഇവര്‍. കവര്‍ച്ചാക്കേസിലെ പ്രതികളായതിനാല്‍ ഇവരുടെ ആരോപണങ്ങളൊന്നും ആദ്യദിവസങ്ങളില്‍ ആരും ശ്രദ്ധിച്ചില്ല. എന്നാല്‍ പറഞ്ഞകാര്യങ്ങളില്‍ ഇവര്‍ ഉറച്ചുനിന്നതോടെ കന്റോണ്‍മെന്റ് പോലീസ് ഇവരെ നിലമ്പൂര്‍ പോലീസിന് കൈമാറി. പിന്നീട് നിലമ്പൂര്‍ പോലീസ് നടത്തിയ ചോദ്യംചെയ്യലിലും അന്വേഷണത്തിലുമാണ് കേരളത്തെ ഞെട്ടിച്ച ദാരുണ കൊലപാതകത്തിന്റെ രഹസ്യങ്ങള്‍ ഒന്നൊന്നായി പുറംലോകമറിഞ്ഞത്.

ഒറ്റമൂലി രഹസ്യത്തിനായി തട്ടിക്കൊണ്ടുപോകല്‍

മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്ന നാട്ടുവൈദ്യനായിരുന്നു ഷാബാ ഷെരീഫ്. മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സ തേടിയാണ് മിക്കവരും ഇയാളുടെ അടുത്തെത്തിയിരുന്നത്. നിലമ്പൂരിലെ പ്രവാസി വ്യവസായിയായ ഷൈബിനും ഷാബാ ഷരീഫിന്റെ ചികിത്സയെക്കുറിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് വൈദ്യനില്‍നിന്ന് ഒറ്റമൂലി രഹസ്യം കൈക്കലാക്കി മരുന്ന് നിര്‍മിച്ച് പണമുണ്ടാക്കാമെന്ന ചിന്തയുണ്ടായത്. തുടര്‍ന്ന് ഷാബാ ഷരീഫില്‍നിന്ന് എങ്ങനെയും ഒറ്റമൂലി രഹസ്യം കൈക്കലാക്കാനായിരുന്നു ഷൈബിന്റെ ശ്രമം.

മൈസൂരുവിലെ ലോഡ്ജില്‍ താമസിക്കുന്ന ഒരു വയോധികനെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൈബിന്റെ കൂട്ടാളികള്‍ വൈദ്യനെ സമീപിച്ചത്. രാജീവ്നഗറില്‍നിന്ന് ലോഡ്ജിലേക്ക് ബൈക്കില്‍ പോകാമെന്നും രോഗിയെ കണ്ടശേഷം തിരികെയെത്തിക്കാമെന്നും അറിയിച്ചു. തുടര്‍ന്ന് വൈദ്യനെ ഇവര്‍ ബൈക്കില്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. യാത്രയ്ക്കിടെയുള്ള വഴിയില്‍ ഷൈബിനും മറ്റുള്ളവരും കാറുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ വൈദ്യനെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി നിലമ്പൂരിലെ ഷൈബിന്റെ വീട്ടിലെത്തിച്ചു.

ക്രൂരമര്‍ദനം, കൊലപാതകം

നിലമ്പൂരിലെ വീട്ടിലെത്തിച്ച ശേഷം ഷാബാ ഷരീഫിന് ക്രൂരമായ മര്‍ദനമാണ് നേരിടേണ്ടിവന്നത്. ഒറ്റമൂലിയുടെ രഹസ്യം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് ഇയാളെ പ്രതികള്‍ നിരന്തരം മര്‍ദിച്ചു. എന്നാല്‍ ക്രൂരമായ മര്‍ദനമേറ്റിട്ടും ഷാബാ ഷെരീഫ് ഒറ്റമൂലി രഹസ്യം വെളിപ്പെടുത്തിയില്ല. ഷൈബിന്റെ വീട്ടിലെ ഒന്നാംനിലയിലെ പ്രത്യേകമുറിയില്‍ ചങ്ങലയ്ക്കിട്ടാണ് ഷാബാ ഷരീഫിനെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. ഈ ചെറിയ മുറിയില്‍ കിടക്കയും എ.സിയുമെല്ലാം സജ്ജമാക്കിയിരുന്നു. കിടക്കയുടെ തൊട്ടടുത്താണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള ക്ലോസറ്റും നിര്‍മിച്ചിരുന്നത്. വൈദ്യനെ സദാസമയവും നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകളും മുറിയിലുണ്ടായിരുന്നു.

ഒറ്റമൂലി രഹസ്യം ലഭിക്കാനായി ഷാബാ ഷരീഫിനെ ഒരുവര്‍ഷത്തോളമാണ് തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചത്. ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദനവും പൈപ്പ് കൊണ്ടുള്ള ഉരുട്ടലുമെല്ലാം പലദിവസങ്ങളിലും അരങ്ങേറി. ഇതിനിടെ 2020 ഒക്ടോബറില്‍ മര്‍ദനം തുടരുന്നതിനിടെയാണ് വൈദ്യന്‍ മുറിയില്‍ മരിച്ചുവീണത്. മുഖത്ത് സാനിറ്റൈസര്‍ അടിച്ചും ശരീരത്തില്‍ മര്‍ദിച്ചും ഇരുമ്പ് പൈപ്പ് കൊണ്ട് കാലില്‍ ഉരുട്ടിയുമായിരുന്നു പ്രതികള്‍ വൈദ്യനെ ഉപദ്രവിച്ചത്. മര്‍ദനത്തിനൊടുവില്‍ വൈദ്യന്‍ മരിച്ചുവീണതോടെ എങ്ങനെയെങ്കിലും മൃതദേഹം മറവുചെയ്യാനായിരുന്നു പ്രതികളുടെ ശ്രമം.

മൃതദേഹം ചെറിയ കഷണങ്ങളാക്കി ചാലിയാറില്‍ തള്ളാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനുമുന്നോടിയായി മൃതദേഹം വെട്ടിനുറുക്കാനുള്ള കത്തിയും മരക്കട്ടയുമെല്ലാം നിലമ്പൂരില്‍നിന്ന് സംഘടിപ്പിച്ചു. ഒരു തടിമില്ലില്‍നിന്നാണ് മരക്കട്ട സംഘടിപ്പിച്ചത്. ഇറച്ചിമുറിക്കുന്ന വലിയ കത്തിയും വാങ്ങി. ശേഷം ഷൈബിന്റെ വീട്ടിലെ കുളിമുറിയില്‍വെച്ച് മൃതദേഹം പല കഷണങ്ങളായി വെട്ടിനുറുക്കുകയായിരുന്നു. തുടര്‍ന്ന് പല പ്ലാസ്റ്റിക് കവറുകളിലാക്കി ഷൈബിന്റെ ആഡംബര കാറിലാണ് കൊണ്ടുപോയത്. ശേഷം എടവണ്ണ സീതി ഹാജി പാലത്തില്‍നിന്ന് ഈ കവറുകള്‍ ചാലിയാറില്‍ തള്ളുകയായിരുന്നു.

കൊലയ്ക്കുശേഷം പ്രതികള്‍ക്കിടയില്‍ തര്‍ക്കം

2019 ഓഗസ്റ്റ് മുതല്‍ ഷാബാ ഷരീഫിനെ കാണാനില്ലെന്ന് പറഞ്ഞ് ഇദ്ദേഹത്തിന്റെ കുടുംബം മൈസൂരുവിലെ സരസ്വതിപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്നുമുതല്‍ മൈസൂരു പോലീസ് ഷാബാ ഷരീഫിനായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

2020 ഒക്ടോബറിലാണ് ഷാബാ ഷരീഫ് നിലമ്പൂരില്‍വെച്ച് കൊല്ലപ്പെട്ടതെങ്കിലും ഷൈബിനും കൂട്ടാളികളുമല്ലാതെ മറ്റൊരാള്‍ക്ക് പോലും ഇതേക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇത്രയുംകാലം പ്രതികള്‍ എല്ലാം അതീവരഹസ്യമായി സൂക്ഷിച്ചു.

ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവരാനും അതിനുശേഷം കൊലപ്പെടുത്തിയപ്പോള്‍ മൃതദേഹം ഉപേക്ഷിക്കാനും സഹായിച്ചതിന് കൂട്ടാളികളായ നൗഷാദ് അടക്കമുള്ളവര്‍ക്ക് ഷൈബിന്‍ പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ഈ പണം ലഭിക്കാതിരുന്നതോടെ ഷൈബിനും കൂട്ടുപ്രതികളും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. ഇതിനുപിന്നാലെയാണ് ഷൈബിന്റെ വീട്ടില്‍ കയറി കവര്‍ച്ച നടത്തി പണം തട്ടിയെടുക്കാന്‍ മറ്റുള്ളവര്‍ തീരുമാനിച്ചത്. ഈ സംഭവത്തോടെയാണ് ഒരു ഈച്ച പോലും അറിയാതിരുന്ന ദാരുണകൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങളും ഘട്ടംഘട്ടമായി പുറത്തുവരാന്‍ തുടങ്ങിയത്.

ഷൈബിന്റെ വീട്ടിലെ കവര്‍ച്ച, പോലീസില്‍ പരാതി

2022 ഏപ്രില്‍ 24-ന് രാത്രിയാണ് നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്റെ വീട്ടില്‍ ഒരുസംഘം അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ഏഴുലക്ഷം രൂപയും നാല് മൊബൈല്‍ഫോണുകളും മൂന്ന് ലാപ്ടോപ്പുകളും ഇവര്‍ മോഷ്ടിച്ചെന്നായിരുന്നു ഷൈബിന്റെ പരാതി. നേരത്തെ തന്റെ ജോലിക്കാരായിരുന്ന ചിലരാണ് സംഭവത്തിന് പിന്നിലെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഏപ്രില്‍ 27-ന് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് അഷ്റഫ് എന്നയാളെ അറസ്റ്റ് ചെയ്തു. വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ നൗഷാദിന്റെ ജ്യേഷ്ഠനാണ് അഷ്റഫ്. കവര്‍ച്ചാക്കേസില്‍ നൗഷാദും ബന്ധുവായ സൈറസും മറ്റുനാലുപേരും പ്രതികളായിരുന്നു.

ബത്തേരിയിലെ വീട്ടിലെത്തിയാണ് ഏപ്രില്‍ 27-ന് പോലീസ് സംഘം അഷ്റഫിനെ പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ഫോണുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഭരണയിലാക്കി കുഴിച്ചിട്ടനിലയിലാണ് വീട്ടില്‍നിന്ന് കണ്ടെത്തിയത്. അത്യുഗ്രശേഷിയുള്ള ചില സ്ഫോടകവസ്തുക്കളും അഷ്റഫിന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം

കവര്‍ച്ചാക്കേസില്‍ അഷ്റഫ് അറസ്റ്റിലായതിന്റെ പിറ്റേദിവസമാണ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നാടകീയമായ ആത്മഹത്യാശ്രമം അരങ്ങേറിയത്. രണ്ടുപേര്‍ ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍തന്നെ പോലീസും അഗ്‌നിരക്ഷാസേനയും ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.

തങ്ങളുടെ ജീവന് ഭീഷണിയുണ്ട്, ഷൈബിന്‍ തങ്ങളെക്കൊണ്ട് ഒരു കൊലപാതകം ചെയ്യിപ്പിച്ചിട്ടുണ്ട് എന്നാണ് ഇവര്‍ അന്ന് പോലീസിനോട് വിളിച്ചുപറഞ്ഞത്. അന്ന് ഇവര്‍ക്കെതിരേ ആത്മഹത്യാശ്രമത്തിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പറഞ്ഞകാര്യങ്ങളില്‍ മൂവരും ഉറച്ചുനിന്നതോടെ കന്റോണ്‍മെന്റ് പോലീസ് ഇവരെ നിലമ്പൂര്‍ പോലീസിന് കൈമാറി. നിലമ്പൂര്‍ പോലീസ് മൂവരെയും വിശദമായി ചോദ്യംചെയ്തതോടെയാണ് വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയത് പുറംലോകമറിഞ്ഞത്. തെളിവായി ഷൈബിന്റെ വീട്ടില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും ഇവര്‍ പോലീസിന് കൈമാറിയിരുന്നു.

അന്വേഷണം മൈസൂരുവിലേക്ക്, സ്ഥിരീകരണം

ഷാബാ ഷെരീഫിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന മൊഴി ലഭിച്ചതോടെ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. പ്രതികളില്‍നിന്ന് ലഭിച്ച മൊഴിയനുസരിച്ച് നിലമ്പൂര്‍ പോലീസ് മൈസൂരുവില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. ഷാബാ ഷരീഫിനെ കാണാനില്ലെന്ന പരാതിയില്‍ മൈസൂരു പോലീസ് കേസെടുത്തതും അന്വേഷണം നടത്തിയ വിവരങ്ങളുമെല്ലാം പോലീസ് ശേഖരിച്ചു.

പെന്‍ഡ്രൈവിലുള്ള ദൃശ്യങ്ങള്‍ ഷരീഫിന്റെ ബന്ധുക്കളെ കാണിച്ചു. ഈ ദൃശ്യങ്ങളിലുള്ളത് ഷരീഫ് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്റഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പം ഷൈബിന്റെ മാനേജരായ ശിഹാബുദ്ദീന്‍, ബത്തേരി കയ്പഞ്ചേരി സ്വദേശി നൗഷാദ്, നിഷാദ് എന്നിവരും അറസ്റ്റിലായി.

ആരെയും അമ്പരിപ്പിക്കുന്ന വളര്‍ച്ച, ഷൈബിന്റെ ജീവിതം ദുരൂഹം...

വൈദ്യന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഷൈബിന്‍ അഷ്‌റഫ് എന്ന പ്രവാസി വ്യവസായിയെ ചുറ്റിപ്പറ്റിയുള്ള കൂടുതല്‍ ദുരൂഹതകള്‍ പുറത്തുവന്നത്. ബത്തേരിയില്‍ ഓട്ടോ ഓടിച്ചും ലോറിയില്‍ ക്ലീനറായും ജോലിചെയ്തിരുന്ന ഷൈബിന്‍ ഗള്‍ഫില്‍ പോയതിന് പിന്നാലെയാണ് കോടീശ്വരനായ പ്രവാസി വ്യവസായിയായി മാറിയത്. അറബിയോടൊപ്പം ഡീസല്‍ വ്യാപാരമാണെന്നാണ് ഇയാള്‍ നാട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ അത്ഭുതകരമായരീതിയിലായിരുന്നു ഷൈബിന്റെ സാമ്പത്തിക വളര്‍ച്ചയെന്ന് നാട്ടുകാര്‍ പറയുന്നു. 20 കോടിയിലേറെ ചെലവ് വരുന്ന കൂറ്റന്‍ മണിമാളികയാണ് ഷൈബിന്‍ ബത്തേരിയില്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്നത്. ബത്തേരിയിലും നിലമ്പൂരിലുമായി വീടുകളും സ്ഥലങ്ങളും ഷൈബിന്റെ പേരിലുണ്ട്.

ഗള്‍ഫില്‍ എണ്ണവ്യാപാരമാണെന്ന് പറഞ്ഞ് നാട്ടില്‍നിന്ന് ഒട്ടേറെ യുവാക്കളെയാണ് ഷൈബിന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയത്. നാട്ടിലും ചെറുപ്പക്കാരുടെ സംഘത്തെ ഷൈബിന്‍ കൂടെനിര്‍ത്തിയിരുന്നു. ഒരു ക്വട്ടേഷന്‍ സംഘത്തെ പോലെ പ്രവര്‍ത്തിച്ചിരുന്ന ഈ യുവാക്കള്‍ ഷൈബിന്റെ ആഡംബരവാഹനത്തിന് അംഗരക്ഷകരെന്ന പോലെ അകമ്പടി പോകുന്നതും നിത്യകാഴ്ചയായിരുന്നു.

വൃക്കരോഗം, വിദേശത്ത് കേസ്...

വൃക്കരോഗം അലട്ടിയതോടെ ഇടക്കാലത്ത് ഷൈബിന്‍ സജീവബിസിനസില്‍നിന്ന് മാറിനിന്നിരുന്നു. പിന്നീട് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും സജീവമായെങ്കിലും ഒരു കേസില്‍പ്പെട്ട് അബുദാബിയില്‍ രണ്ടുവര്‍ഷത്തോളം ജയിലിലായി. ജയില്‍ശിക്ഷ കഴിഞ്ഞ് നേരേ കേരളത്തിലേക്ക് തിരിച്ചു. പിന്നീട് നാട്ടില്‍നിന്നായിരുന്നു പല ഓപ്പറേഷനുകളും. ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിന്റെ ദുരൂഹമരണവും ബത്തേരിയിലെ ദീപേഷ് എന്ന യുവാവ് കര്‍ണാടകയില്‍വെച്ച് മരിച്ചതുമെല്ലാം ഇക്കാലയളവിലായിരുന്നു.

വടംവലി തോറ്റതിന് ക്വട്ടേഷന്‍, പാര്‍ട്‌റണറുടെ ഭാര്യയുമായി രഹസ്യബന്ധം...

2020 മാര്‍ച്ച് നാലാം തീയതിയാണ് ഷൈബിനെതിരേ നിലവില്‍ ആരോപണം ഉയര്‍ന്നിരിക്കുന്ന രണ്ട് മരങ്ങളും ഉണ്ടായത്. ബത്തേരി സ്വദേശിയായ ദീപേഷിനെ കുട്ടയിലെ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് നാലാം തീയതിയായിരുന്നു. അതേദിവസം തന്നെയാണ് ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിനെ അബുദാബിയിലും മരിച്ചനിലയില്‍ കണ്ടത്. അന്നേദിവസം എറണാകുളത്തെ ഒരു യുവതിയുടെ മരണത്തിലും ഷൈബിനെതിരേ ആരോപണമുണ്ട്.

ഏഴുവര്‍ഷം മുമ്പ് വടംവലി മത്സരത്തില്‍ തന്റെ ടീമിനെ തോല്‍പ്പിച്ചതിന്റെ പകയില്‍ എതിര്‍ടീമംഗമായ ദീപേഷിനെ ഷൈബിന്റെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയിരുന്നു. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍വെച്ച് ക്രൂരമായി മര്‍ദിച്ചശേഷം ദീപേഷിനെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ചു. ഈ സംഭവത്തില്‍ ദീപേഷിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നെങ്കിലും പിന്നീട് ഷൈബിന്‍ തന്നെ പണം നല്‍കി കേസ് ഒതുക്കി.

ഹാരിസിന്റെ ഭാര്യയുമായി ഷൈബിനുണ്ടായിരുന്ന രഹസ്യബന്ധമാണ് ഹാരിസിന്റെ മരണത്തിന് കാരണമായതെന്നാണ് ഹാരിസിന്റെ കുടുംബത്തിന്റെ ആരോപണം. ഗള്‍ഫില്‍ ഹാരിസിന്റെ ബിസിനസ് പങ്കാളിയായിരുന്നു ഷൈബിന്‍. പിന്നീട് ഹാരിസിന്റെ ഭാര്യയുമായി രഹസ്യബന്ധം പുലര്‍ത്തിയെന്നും ഇക്കാര്യം ഹാരിസറിഞ്ഞതോടെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായെന്നും കുടുംബം പറയുന്നു. ഒരിക്കലും ഹാരിസ് ആത്മഹത്യ ചെയ്യില്ലെന്നും ഷൈബിന്‍ കൊലപ്പെടുത്തിയതാണെന്നും ഇവര്‍ ആരോപിക്കുന്നു.

വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായതിന് പിന്നാലെ ഷൈബിന്‍ തയ്യാറാക്കിയ ചില ബ്ലൂപ്രിന്റുകളാണ് ഹാരിസിന്റെ മരണത്തിലും സംശയമുയരാന്‍ കാരണം. ഹാരിസിനെ എങ്ങനെ കൊലപ്പെടുത്തണമെന്ന പദ്ധതിയുടെ വിശദമായ ബ്ലൂപ്രിന്റാണ് പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി പോലീസിലും പരാതി എത്തിയിട്ടുണ്ട്.

ജീവകാരുണ്യത്തിന് ഡോക്ടറേറ്റ്...

പ്ലസ്ടു യോഗ്യത മാത്രമുള്ള കൊടുംകുറ്റവാളിയായ ഷൈബിന് ഇതിനിടെ ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ഓണററി ഡോക്ടറേറ്റും ലഭിച്ചിരുന്നു. മലേഷ്യയില്‍നിന്നാണ് പണംമുടക്കി ഈ ഡോക്ടറേറ്റ് സംഘടിപ്പിച്ചതെന്നാണ് സൂചന. ഡോക്ടറേറ്റ് നേടിയ ഷൈബിനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 2014-ല്‍ ആദരിക്കുകയും ചെയ്തു. നാട്ടില്‍ പണം വാരിയെറിഞ്ഞിരുന്ന ഷൈബിന്‍ സമൂഹത്തിലെ ഉന്നതരുമായും രാഷ്ട്രീയ നേതാക്കളുമായും ബന്ധങ്ങളുണ്ടാക്കി. പല ഉന്നത ഉദ്യോഗസ്ഥരും ഇയാളുടെ വിരുന്ന് സല്‍ക്കാരങ്ങളില്‍ അതിഥികളായെത്തി. ഈ ബന്ധങ്ങളെല്ലാം തന്റെ കുറ്റകൃത്യങ്ങള്‍ക്കായി ഇയാള്‍ സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്തു.

ഒരു റിട്ട. എസ്.ഐ.യാണ് ഷൈബിന്റെ നിയമോപദേശകനായി കൂടെയുണ്ടായിരുന്നത്. പരാതികള്‍ ഒത്തുതീര്‍പ്പാക്കാനും എങ്ങനെ കേസില്‍ കുരുങ്ങാതെ കുറ്റകൃത്യങ്ങള്‍ ചെയ്യാമെന്നതിലും ഇയാള്‍ ഷൈബിന് ഉപദേശം നല്‍കി. എസ്.ഐ.യായി സര്‍വീസില്‍നിന്ന് വിരമിച്ചശേഷം ഇയാള്‍ സദാസമയവും ഷൈബിന്റെ കൂടെയായിരുന്നു. മാസം മൂന്ന് ലക്ഷം രൂപയായിരുന്നു ഷൈബിന്‍ ഇയാള്‍ക്ക് നല്‍കിയിരുന്ന ശമ്പളം.

ആരെയും അമ്പരപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം എതിര്‍ശബ്ദങ്ങളുയര്‍ന്നെങ്കിലും അവയെല്ലാം അടിച്ചൊതുക്കിയായിരുന്നു ഷൈബിന്റെ യാത്ര. കൂട്ടാളികളായി ഒപ്പംകൂട്ടിയവരും തനിക്കെതിരേ തിരിഞ്ഞെങ്കിലും ഷൈബിന്‍ അതിലൊന്നും പതറിയിരുന്നില്ല. ജീവനില്‍ കൊതിയുള്ള ആരും ഇയാള്‍ക്കെതിരേ വിരലനക്കാന്‍ പോലും തയ്യാറായതുമില്ല. എന്നാല്‍ ഷൈബിന്‍ എന്ന കുശാഗ്രബുദ്ധിക്കാരന്റെ എല്ലാ കണക്കുക്കൂട്ടലുകളും തെറ്റിച്ചാണ് 2022 ഏപ്രില്‍ 29-ന് ആ ആത്മഹത്യാശ്രമം അരങ്ങേറിയത്. ആദ്യഘട്ടത്തില്‍ ബിസിനസ് വൈരമെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഷൈബിനെ കത്രികപ്പൂട്ടിട്ട് പൂട്ടുകയായിരുന്നു.

തെളിവുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് പോലീസ്...

നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഉപേക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ഇനി കണ്ടെടുക്കയെന്നത് പോലീസിന് ഏറെ ദുഷ്‌കരമാണ്. ഈ സാഹചര്യത്തില്‍ പരമാവധി ശാസ്ത്രീയ തെളിവുകളും മറ്റും ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം. പിടിയിലായ പ്രതികള്‍ കൈമാറിയ പെന്‍ഡ്രൈവിലും നിര്‍ണായകമായ പല തെളിവുകളുമുണ്ട്. ഇതിനുപുറമേ ഷൈബിന്റെ നിലമ്പൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുടിയും പോലീസിന് ലഭിച്ചിരുന്നു. മൃതദേഹം വെട്ടിനുറുക്കിയ ശൗചാലയത്തില്‍നിന്നും മൃതദേഹം ഉപേക്ഷിക്കാന്‍ യാത്രചെയ്ത കാറില്‍നിന്നുമാണ് സുപ്രധാന തെളിവുകള്‍ ലഭിച്ചത്. ഈ ഡി.എന്‍.എ. സാമ്പിളുകള്‍ കേസില്‍ ഏറെ നിര്‍ണായകമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച മരക്കഷണവും അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെടുത്തിട്ടുണ്ട്.

Content Highlights: nilambur healer murder case and allegations against main accused shaibin ashraf

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented