Screengrab: Youtube.com|LatestLY
ന്യൂഡൽഹി: ഫരീദാബാദിൽ കോളേജ് വിദ്യാർഥിനിയെ പട്ടാപ്പകൽ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയുടെ മൊഴി പുറത്ത്. മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതും താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതുമാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് മുഖ്യപ്രതി തൗസീഫ് പോലീസിനോട് പറഞ്ഞത്.
മതം മാറണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും തൗസീഫ് നികിതയോട് ആവശ്യപ്പെട്ടിരുന്നു. നികിത ഇതിന് വിസമ്മതിച്ചു. തൗസീഫുമായുള്ള സൗഹൃദവും അവസാനിപ്പിച്ചു. ഇതോടെയാണ് നികിതയെ ഒരു പാഠം പഠിപ്പിക്കണമെന്ന് തൗസീഫ് തീരുമാനിച്ചത്. തുടർന്നാണ് സുഹൃത്തിനൊപ്പം ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രതിയും ഹരിയാണയിലെ കോൺഗ്രസ് നേതാവുമായുള്ള ബന്ധവും വിവാദങ്ങൾക്കിടയാക്കിട്ടുണ്ട്. ഹരിയാണയിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവും എം.എൽ.എയുമായ ചൗധരി അഫ്താബ് അഹമ്മദും പ്രതിയുടെ കുടുംബവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയമായി വലിയ സ്വാധീനമുള്ളതിനാൽ കേസിൽനിന്ന് രക്ഷപ്പെടാമെന്ന് പ്രതി കരുതിയിരുന്നു.
മാത്രമല്ല, സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ ഹരിയാണയിലെ മേവാത്തിൽനിന്നാണ് പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്. ചൗധരി അഫ്താബ് അഹമ്മദ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് മേവാത്. നേരത്തെ തൗസീഫിനെതിരേ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നെങ്കിലും പ്രതിയുടെ കുടുംബത്തിന്റെ സ്വാധീനം കാരണം കേസ് ഒത്തുതീർപ്പാക്കുകയാണ് ചെയ്തത്. ഇതിനുശേഷവും തൗസീഫ് നികിതയെ ശല്യംചെയ്യുന്നത് തുടരുകയായിരുന്നു.
അതിനിടെ, തന്റെ മകളെ കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്നും കുടുംബത്തിന് സംരക്ഷണം നൽകണമെന്നും നികിതയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി തൗസീഫ് മകളെ മതം മാറ്റി വിവാഹം കഴിക്കാൻ നിർബന്ധിക്കുകയാണെന്നും അതിന് വിസമ്മതിച്ചതോടെയാണ് മകളെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പെൺകുട്ടിയുടെ സഹോദരനും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ലൗജിഹാദാണെന്നായിരുന്നു സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞത്.
Content Highlights:nikita tomar murder accused touseef statement to police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..