നിഥിന, കൊലപാതക വിവരമറിഞ്ഞെത്തിയ നിഥിനയുടെ അമ്മ ബിന്ദുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പാലാ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, സമാധാനിപ്പിക്കുന്ന ബന്ധു
പാലാ: ''അമ്മേ നമുക്കും നല്ലകാലം വരും, അതിനായി ഞാന്‍ നന്നായി പഠിക്കും'' -നിഥിന അമ്മ ബിന്ദുവിനോട് എപ്പോഴും പറയും. പ്രളയത്തെയും കടബാധ്യതയെയുമൊക്കെ നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ച നിഥിനയുടെ സ്വപ്നങ്ങളില്‍ നല്ലകാലം നിറഞ്ഞിരുന്നു. ആ സ്വപ്നങ്ങളാണ് പാലാ സെയ്ന്റ് തോമസ് കോളേജിലെ മരച്ചുവട്ടില്‍ ഒരു കത്തിമുനയില്‍ അവസാനിച്ചത്.
ബിന്ദുവിന് മെഡിക്കല്‍ കോളേജില്‍ ലഭിച്ച താത്കാലികജോലിയില്‍ പ്രവേശിക്കേണ്ട ദിനമായിരുന്നു വെള്ളിയാഴ്ച. സഹകരണ ബാങ്കിലെ സ്വന്തം ഭൂമിയുടെ ചില സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിച്ച് ജോലിക്കു ഹാജരാകാന്‍ പോവുകയായിരുന്നു.
ഉല്ലാസത്തോടെ സ്‌കൂട്ടറില്‍ കോളേജിലേക്കു പോയ മകളെ പാലാ മരിയന്‍ ആശുപത്രിയില്‍ സുഖമില്ലാതെ എത്തിച്ചിരിക്കുന്നുവെന്ന് അറിയിപ്പുവന്നു. ആശുപത്രിയില്‍ എത്തിയ അമ്മ കണ്ടത് മകളുടെ ചേതനയറ്റ ശരീരം. ശാരീരിക അസ്വസ്ഥതയുണ്ടായ ബിന്ദുവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവിടെ കിടന്ന് ആ അമ്മ ഓര്‍ത്തതെല്ലാം മകളുമൊത്തുള്ള നിമിഷങ്ങള്‍. പഠിച്ച് വലുതാകുമെന്ന അവളുടെ ഉറപ്പുകള്‍.
ഡി.വൈ.എഫ്.ഐ. ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റായിരുന്നു നിഥിന. ഉജ്ജ്വലപ്രവര്‍ത്തകയായിരുന്നു അവരെന്ന് സഹപ്രവര്‍ത്തകനായ ബ്രിജിത്ത് ലാല്‍ ഓര്‍ക്കുന്നു. പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം എല്ലാവരും ഓര്‍ക്കുന്നു.
നാട്ടിലെ മാലിന്യസംസ്‌കരണ ജോലികളിലും നേതൃത്വം വഹിച്ചു. അമ്മ ബിന്ദു തയ്യല്‍ ജോലിചെയ്താണ് കുടുംബം പോറ്റിയിരുന്നത്. കരള്‍ രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ജോലിചെയ്യാന്‍ വയ്യാതായി. ഇതോടെ, കുടുംബത്തിലെ വരുമാനം നിലച്ചു.
നിഥിന വസ്ത്രവ്യാപാരശാലയില്‍ ജോലിക്കുപോയി അമ്മയ്ക്കു താങ്ങായി. റബ്ബര്‍ കൈയുറകള്‍ പായ്ക്ക് ചെയ്യുന്ന ജോലിയും അമ്മയും മകളുമൊത്ത് ചെയ്തിരുന്നു. മുമ്പ് തുറുവേലികുന്നേല്‍ താമസിച്ചിരുന്ന അമ്മയും മകളും 13 വര്‍ഷം മുമ്പാണ് തലയോലപ്പറമ്പിലേക്കു താമസം മാറ്റിയത്.
പ്രളയത്തില്‍ വീട് തകര്‍ന്ന് പ്രയാസത്തിലായ ഇവര്‍ക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പാണ് വീട് നിര്‍മിച്ചുകൊടുത്തത്. വല്ലകം സെയ്ന്റ്‌മേരീസ് സ്‌കൂള്‍, തലയോലപ്പറമ്പ് ഗവ. വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായിരുന്നു നിഥിനയുടെ വിദ്യാഭ്യാസം.
കാത്തുനിന്നു, കഴുത്തറത്തു
പാലാ: സെയ്ന്റ് തോമസ് കോളേജ് കാന്പസില്‍ വിദ്യാര്‍ഥി സഹപാഠിയെ കഴുത്തറത്തുകൊന്നത് പരീക്ഷാഹാളില്‍നിന്ന് ഇറങ്ങിയശേഷം. പോലീസ് പറയുന്നത്: പ്രതിയും നിഥിനാ മോളും പ്രണയത്തിലായിരുന്നു. സമീപകാലത്ത് പെണ്‍കുട്ടിയുടെ ഫെയ്സ്ബുക്കില്‍ മറ്റൊരു യുവാവിന്റെ ചിത്രം കണ്ടതിനെച്ചൊല്ലി തര്‍ക്കമുണ്ടായി.
ബുധനാഴ്ച വൈവ പരീക്ഷയ്ക്ക് ഇരുവരും എത്തിയിരുന്നു. ചില റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ അഭിഷേകിനെ പരീക്ഷയെഴുതിച്ചില്ല. അന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ അഭിഷേക് എടുത്തുകൊണ്ടുപോയി. നിഥിനയെ കൊലപ്പെടുത്തണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി മൊഴിനല്‍കി. നിഥിന സമീപകാലത്ത് അകല്‍ച്ചകാണിച്ചു. സ്വയം കൈയില്‍ മുറിവേല്പിച്ച് ഭയപ്പെടുത്താനാണ് കത്തി കൊണ്ടുവന്നത്. മറ്റൊരു യുവാവുമൊത്തുള്ള ഫോട്ടോയുടെ കാര്യം ചോദിച്ചപ്പോള്‍ പെണ്‍കുട്ടി മറുപടി പറയാത്തതിനാല്‍ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കഴുത്തറുത്തത്. എന്നാല്‍, മൊഴികള്‍ വിശ്വസനീയമല്ലെന്നും കൊലപാതകം ചെയ്യാനുറച്ചാണ് ആയുധവുമായി വന്നതെന്നും പോലീസ് പറയുന്നു. മൃതദേഹം ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
കണ്‍മുന്നില്‍ പിടഞ്ഞു
ഹരി ആര്‍.പിഷാരടി
പാലാ: പഠിച്ച കോളേജില്‍ ഇങ്ങനെയൊരു സംഭവം കാണേണ്ടിവരുമെന്ന് വിഷ്ണുവിജയനും ആല്‍ബിനും കരുതിയിരുന്നില്ല. ടി.സി. വാങ്ങാന്‍ കോളേജിലെത്തിയതായിരുന്നു എം.എ. പൊളിറ്റിക്സ് വിദ്യാര്‍ഥികളായിരുന്ന വിഷ്ണുവും ആല്‍ബിനും.
വിഷ്ണു പറയുന്നു
''പരീക്ഷ കഴിഞ്ഞിറങ്ങിയ അഭിഷേക് ആരെയോ കാത്തുനില്‍ക്കുന്നത് പോലെ തോന്നി. കുറേസമയം കഴിഞ്ഞ് പെണ്‍കുട്ടി പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ ഇരുവരും 50 മീറ്ററോളം ഒരുമിച്ച് നടന്നുനീങ്ങി. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള ശബദ്ംകേട്ടാണ് ശ്രദ്ധിച്ചത്. ഞങ്ങള്‍ ഓടിച്ചെന്നപ്പോള്‍ പെണ്‍കുട്ടിയുടെ കഴുത്തിനുപിടിച്ച് താഴെ ഇരുത്തുന്നതാണ് കണ്ടത്. അടുത്തുചെന്നപ്പോള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ മുഴുവന്‍ ചോര. പേപ്പര്‍ കട്ടറും ആ പയ്യന്റെ കൈയിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍നിന്ന് ചോര ഒഴുകുന്നു. പെണ്‍കുട്ടിയെ പിടിക്കാന്‍ പേടിയുണ്ടായിരുന്നു. നിലത്തെല്ലാം ചോര. കുട്ടിയുെട മൊബൈല്‍ഫോണും മാസ്‌കും നിലത്തു വീണുകിടക്കുന്നുണ്ടായിരുന്നു.
പകയില്‍ പൊലിഞ്ഞവര്‍
2019 മാര്‍ച്ച് 12: റേഡിയോളജി വിദ്യാര്‍ഥിനി കവിത വിജയകുമാറിനെ തിരുവല്ലയിലെ ബസ്സ്റ്റോപ്പില്‍വെച്ച് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ബിരുദവിദ്യാര്‍ഥി കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു അറസ്റ്റിലായി.
ഏപ്രില്‍ 4: തൃശ്ശൂര്‍ ചിയ്യാരത്ത് ബി.ടെക്. വിദ്യാര്‍ഥി നീതുവിനെ വീട്ടിലെത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. വടക്കാട് സ്വദേശി നിധീഷായിരുന്നു പ്രതി.
ജൂണ്‍ 15: മാവേലിക്കര വള്ളികുന്ന് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തികൊന്നു. ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസായിരുന്നു പ്രതി.
ഒക്ടോബര്‍ 10: കൊച്ചി കാക്കനാട് പ്ലസ്ടു വിദ്യാര്‍ഥിനി ദേവികയെ പറവൂര്‍ സ്വദേശിയായ മിഥുന്‍ രാത്രി വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. മിഥുന്‍ ആത്മഹത്യചെയ്തു.
2020 ജനുവരി 8: കൊച്ചി മരടില്‍നിന്ന് കാണാതായ പ്‌ളസ്ടു വിദ്യാര്‍ഥിനി കലൂര്‍ താന്നിപ്പള്ളി വീട്ടില്‍ ഗോപികയെ കൊലപ്പെടുത്തി വാല്‍പ്പാറയിലെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു.പ്രതി നെട്ടൂര്‍ സ്വദേശി സഫര്‍ ഷാ.
ജൂണ്‍ 6: കാരക്കോണം സ്വദേശി അഷിതയെ കഴുത്തറുത്ത് കൊന്നശേഷം ഓട്ടോ ഡ്രൈവറായിരുന്ന അനുവും ആത്മഹത്യചെയ്തു.
2021 ജൂണ്‍ 17: പെരിന്തല്‍മണ്ണ സ്വദേശിനി ദൃശ്യയെ പ്രതി വിനീഷ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി.
ജൂലായ് 30: കോതമംഗലത്ത് ഹൗസ് സര്‍ജനായ ഡോ. പി.വി. മാനസയെ വെടിവെച്ചു കൊന്നശേഷം പ്രതി രാഖില്‍ ജീവനൊടുക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..