അനാമിക(ഇടത്ത്) അനാമിക മുങ്ങിമരിച്ച കടവ്(വലത്ത്)
നെയ്യാറ്റിന്‍കര: നെയ്യാറില്‍ ഒന്നരവയസ്സുകാരി മുങ്ങിമരിച്ച സംഭവത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ പാലക്കടവ് നിവാസികള്‍. ഒപ്പം മരണത്തെക്കുറിച്ചുള്ള ദുരൂഹതയും. ഏകമകളുടെ ദാരുണമായ വേര്‍പാടില്‍ മനംനൊന്ത് കുടുംബാംഗങ്ങള്‍.
വീട്ടില്‍ കുളിപ്പിക്കാനായി അമ്മ അനാമികയെ എണ്ണതേച്ച് നിര്‍ത്തിയതാണ്. ഇതിനിടയിലാണ് കുട്ടിയെ കാണാതായത്. രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനിടെ അനാമികയുടെ മൃതദേഹം വീടിനു പുറകിലൂടെ ഒഴുകുന്ന നെയ്യാറില്‍നിന്നും കണ്ടെടുക്കുകയായിരുന്നു.
അഗ്‌നിരക്ഷാസേന അനാമികയുടെ മൃതദേഹം നെയ്യാറിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന ചീലാന്തി മരത്തിന്റെ ശിഖരങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെടുത്തത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ അനാമികയുടെ ഒരുകാലില്‍ ചെരിപ്പുണ്ടായിരുന്നു. ഇവരുടെ വീടിന് പുറകില്‍ ഗ്രീന്‍ഹൗസിന്റെ ഷീറ്റുകൊണ്ട് താത്കാലികമായി മറച്ചിരുന്നു.
ഇത് പൊക്കിയാല്‍ നെയ്യാറിലേക്ക് ഇറങ്ങാം. ഈ ഷീറ്റ് കുട്ടി പൊക്കി അതിനിടയിലൂടെ നടന്നുപോയതാകാമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍, ഇവിടെ ഇക്കഴിഞ്ഞ മഴയില്‍ നെയ്യാര്‍ കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ ചെളിക്കെട്ടുണ്ടായിരുന്നു. ഇതിലൂടെ കുട്ടിനടന്നു പോയെന്നത് നാട്ടുകാരില്‍ ദുരൂഹത ഉണര്‍ത്തുകയാണ്. പാലക്കടവിലെ വീട്ടുവളപ്പില്‍ ആതിരയുടെ വീടും അച്ഛന്‍ സുധാകരന്റെ വീടുമാണുള്ളത്. കുട്ടി അടുത്തുള്ള അച്ഛന്റെ വീട്ടിലാകുമെന്നാണ് അമ്മ ആതിര കരുതിയത്. കുളിപ്പിക്കാനായി കുട്ടിയെ തിരയുമ്പോഴാണ് അച്ഛന്റെ വീട്ടിലും കുട്ടിയില്ലെന്ന് ഇവര്‍ അറിയുന്നത്.
അടുത്ത വീട്ടില്‍ അച്ഛന്‍ സുധാകരനും മകന്‍ അഖിലുമാണ് താമസിക്കുന്നത്. കുട്ടിയെ പരിസരത്ത് കാണാതായതിനു ശേഷമാണ് ഇവര്‍ പോലീസിനെയും അഗ്‌നിരക്ഷാസേനയേയും വിവരമറിയിക്കുന്നത്. ഒന്നരവയസ്സുള്ള കുട്ടി ചതുപ്പുള്ള സ്ഥലത്തുകൂടി നടന്ന് നെയ്യാറിലെത്തിയെന്നത് എങ്ങനെയെന്നാണ് നാട്ടുകാര്‍ സംശയമുന്നയിക്കുന്നത്. കുട്ടി മുങ്ങിമരിച്ചതാകാമെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
മുങ്ങിമരിച്ചത് വീടിന് പുറകിലെ കടവില്‍
നെയ്യാറ്റിന്‍കര: നെയ്യാറില്‍വീണ് ഒന്നരവയസ്സുകാരി മരിച്ചു. നെയ്യാറ്റിന്‍കര പാലക്കടവ് തോട്ടത്ത് വിളാകത്ത് വീട്ടില്‍ കെ.പി.എ. ബറ്റാലിയനിലെ പോലീസുകാരനായ സജിന്റെയും ആതിരയുടെയും ഏകമകള്‍ അനാമികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
ആതിര മകള്‍ അനാമികയെ കുളിപ്പിക്കാനായി എണ്ണ തേച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു.കുളിപ്പിക്കാനായി മകളെ നോക്കുമ്പോള്‍ കാണാനില്ലായിരുന്നു. ഇവരുടെ വീടിന്റെ പരിസരത്ത് തന്നെയുള്ള വീട്ടിലാണ് ആതിരയുടെ അച്ഛന്‍ സുധാകരനും സഹോദരനും താമസിക്കുന്നത്.
കുട്ടി മുത്തച്ഛന്റെ കൂടെ വീട്ടിലുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അവിടെയും കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
വീടിന് പുറകിലായി ഷീറ്റിട്ട താത്കാലിക വേലിയുണ്ട്. ഇതുവഴി പുറത്തിറങ്ങിയതിന്റെ യാതൊരു ലക്ഷണവും കണ്ടില്ല. തുടര്‍ന്ന് ഇവര്‍ നെയ്യാറ്റിന്‍കര പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു.
ഇവരുടെ വീടിനോട് ചേര്‍ന്നുള്ള അച്ഛന്റെ വീടിന്റെ പുറകിലൂടെ നെയ്യാറിലേക്ക് ഇറങ്ങാനായി വഴിയുണ്ട്. ഇതുവഴി കുട്ടി ഇറങ്ങി നടന്ന് നെയ്യാറിലേക്ക് വീണതാകാമെന്നാണ് പോലീസ് കരുതുന്നത്.അഗ്‌നിരക്ഷാസേന നെയ്യാര്‍ തീരത്ത് നടത്തിയ തിരച്ചിലില്‍ അനാമികയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച നെയ്യാറ്റിന്‍കര ഇന്‍സ്പെക്ടര്‍ വി.എന്‍.സാഗറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത അനാമികയുടെ മൃതദേഹം അച്ഛന്‍ സജിന്റെ പരശുവയ്ക്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അസ്വാഭാവിക മരണത്തിന് നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..