മേഘ, മാനുവൽ, അമൽ
തൃശ്ശൂര്‍: നഗരത്തിനു സമീപം കനാലില്‍ രണ്ടുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രണയിതാക്കളും സുഹൃത്തും പിടിയില്‍. തൃശ്ശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22), വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25), ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി സ്വന്തം വീട്ടില്‍ വെച്ചാണ് മേഘ പ്രസവിച്ചത്. ഇവര്‍ ഗര്‍ഭിണിയായിരുന്നതും പ്രസവിച്ചതും വീട്ടുകാരറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. പ്രസവത്തെത്തുടര്‍ന്ന് മേഘ കുഞ്ഞിനെ മുറിയില്‍ നേരത്തെ കരുതിവെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിലിട്ടുവെന്നും പിറ്റേന്ന് രാവിലെ യുവാവും സുഹൃത്തും ചേര്‍ന്ന് മൃതദേഹം സഞ്ചിയിലാക്കി കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
മേഘയുടെ പേരില്‍ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് മാനുവലിന്റെ പേരിലുള്ളത്. അതിന് സഹായം ചെയ്തതിന് അമലിന്റെ പേരിലും കേസെടുത്തു. മേഘ എം.കോം. ബിരുദധാരിയും തൃശ്ശൂരില്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലിക്കാരിയുമാണ്. മാനുവല്‍ പെയിന്റിങ് തൊഴിലാളിയാണ്.
പൂങ്കുന്നം എം.എല്‍.എ. റോഡിനു സമീപം കുറ്റൂര്‍ കനാലില്‍ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
അയല്‍വാസികളായ മാനുവലും മേഘയും രണ്ടുവര്‍ഷത്തിലധികമായി പ്രണയത്തിലാണെന്ന് പോലീസ് പറയുന്നു. വീടിന്റെ മുകളിലത്തെ മുറിയില്‍ ഒറ്റയ്ക്കായിരുന്നു മേഘ ഉറങ്ങിയിരുന്നതെന്നും ശനിയാഴ്ച രാത്രി പ്രസവിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞില്ലെന്നുമാണ് പോലീസ് പറയുന്നത്.
പ്രസവാവശിഷ്ടങ്ങള്‍ കക്കൂസില്‍ ഒഴുക്കിക്കളഞ്ഞെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. പിന്നീട് വിവരം മാനുവലിനെ ഫോണില്‍ വിളിച്ചറിയിച്ചു. പിറ്റേന്ന് രാവിലെ 11-ഓടെ മൃതദേഹമടങ്ങിയ സഞ്ചി മാനുവലിനെ ഏല്‍പ്പിച്ചു. മാനുവല്‍ സഹായത്തിന് സുഹൃത്ത് അമലിനെ സമീപിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ശിശുവിന്റെ ഡി.എന്‍.എ. പരിശോധനയടക്കം കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ആദിത്യ, അസി. കമ്മിഷണര്‍ വി.കെ. രാജു എന്നിവര്‍ അറിയിച്ചു.
തുമ്പായത് സിസിടിവി ദൃശ്യങ്ങള്‍...
തൃശ്ശൂര്‍: ശിശുവിന്റെ മൃതദേഹം സഞ്ചിയിലാക്കി ഉപേക്ഷിച്ച കേസില്‍ കുറ്റൂര്‍ പാലം മുതല്‍ വരടിയം വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് മണിക്കൂറുകള്‍ക്കകം പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ മുഴുവന്‍ നിരീക്ഷിച്ചു. സംശയമുള്ള ആളുകളെ ചോദ്യംചെയ്തു.
കുറ്റൂര്‍ റോഡില്‍ പാലത്തിന് സമീപം ചായക്കട നടത്തുന്നയാള്‍, ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ രണ്ടുപേര്‍ ബൈക്കില്‍ വന്ന് കനാലില്‍ സഞ്ചി ഉപേക്ഷിച്ച് പോകുന്നത് കണ്ടതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ദൃശ്യത്തിലും ഇതു വ്യക്തമായി. തുടര്‍ന്നാണ് വരടിയം വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചത്. ദൃശ്യത്തില്‍ യുവാക്കളുടെ മുഖം വ്യക്തമായിരുന്നു. തുടര്‍ന്ന് വണ്ടിയെക്കുറിച്ചുള്ള സൂചന നല്കി നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ വരടിയം സ്വദേശികളായ മാനുവലും സുഹൃത്ത് അമലുമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ പിടികൂടി ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് അന്വേഷണം മേഘയിലെത്തുന്നത്.
കത്തിച്ചുകളയാന്‍ പദ്ധതിയിട്ടു; കഴിയാത്തതിനാല്‍ ഒഴുക്കിവിട്ടു
മൃതദേഹം കത്തിച്ചുകളയാനാണ് മാനുവലും അമലും ആദ്യം തീരുമാനിച്ചതെന്ന് പോലീസ്. ഈ ഉദ്ദേശ്യത്തോടെ ഇരുവരും ബൈക്കില്‍ കയറി മുണ്ടൂരിലെ പെട്രോള്‍ പമ്പില്‍ പോയി 150 രൂപയ്ക്ക് ഡീസല്‍ വാങ്ങി. എന്നാല്‍ അതിന് സാധിക്കാത്തതിനാല്‍ കുഴിച്ചിടാമെന്നു കരുതി പേരാമംഗലം പാടത്തേയ്ക്ക് പോയി. അതും നടക്കാത്തതിനാല്‍ ഇരുവരും ചേര്‍ന്ന് ബൈക്കില്‍ പൂങ്കുന്നം എം.എല്‍.എ. റോഡ് കനാല്‍ പരിസരത്തെത്തി സഞ്ചി വെള്ളത്തില്‍ ഇറക്കിവെച്ച് തിരിച്ചുപോവുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജു, സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എം.കെ. ഗോപാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. വിരലടയാള വിദഗ്ധര്‍, സയന്റിഫിക് ഓഫീസര്‍, ഡോഗ് സ്ക്വാഡ്, പോലീസ് ഫോട്ടോഗ്രാഫര്‍, ഷാഡോ പോലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷന് പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ കെ.ആര്. രമിന്‍, സബ് ഇന്‍സ്പെക്ടര്‍ കെ.ജി. ജയനാരായണന്‍, ഷാഡോ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്, പി. രാഗേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, ജീവന് ടി.വി., എം.എസ്. ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്ത അന്വേഷണസംഘാംഗങ്ങള്‍.
കുഞ്ഞിന്റെ മൃതദേഹം പോലീസ് സംസ്കരിച്ചു
തൃശ്ശൂര്‍: കനാലില്‍നിന്ന് ലഭിച്ച നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. തുടര്‍ന്ന് പോലീസ് തന്നെ ഏറ്റെടുത്ത് സംസ്കാരം നടത്തി.
Content Highlights: New born baby killed by mother and her lover in Thrissur; All accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..