കനിമൊഴി
ചെന്നൈ: നീറ്റ് പരീക്ഷാപ്പേടിയില്‍ തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി. അരിയലൂര്‍ ജില്ലയിലെ തുലാരങ്കുറിച്ചി ഗ്രാമത്തില്‍ കരുണാനിധി-വിജയലക്ഷ്മി ദമ്പതിമാരുടെ ഇളയമകളായ കനിമൊഴിയാണ് (17) മരിച്ചത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നീറ്റ് പരീക്ഷാപ്പേടിയില്‍ ജീവനൊടുക്കുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയാണ് കനിമൊഴി.
കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷ എഴുതിയ കനിമൊഴി പാസാകില്ലെന്ന ആശങ്കയിലായിരുന്നു. പഠിക്കാന്‍ മിടുക്കിയായ കുട്ടി പ്ലസ്ടുവിന് 600-ല്‍ 562.28 മാര്‍ക്ക് കരസ്ഥമാക്കി 93 ശതമാനം വിജയം നേടിയിരുന്നു. കഴിഞ്ഞ പരീക്ഷ കനിമൊഴിക്ക് പ്രയാസമായിരുന്നു. മനോവിഷമത്തിലായ കുട്ടിയെ അഭിഭാഷകരായ മാതാപിതാക്കള്‍ ആശ്വസിപ്പിച്ചിരുന്നു. പിന്നീട് ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും പോയപ്പോള്‍ കുട്ടി മുറിയില്‍ ആത്മഹത്യചെയ്യുകയായിരുന്നു. മൂത്തസഹോദരി കയല്‍വിഴി രണ്ടാം വര്‍ഷ ബി.എസ്.സി. നഴ്സിങ് വിദ്യാര്‍ഥിയാണ്.
സേലം സ്വദേശിയായ ധനുഷ് (19) പരീക്ഷാദിവസമായിരുന്നു മരിച്ചത്. അതേസമയം, അരിയലൂര്‍ ജില്ലയില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍ മൂന്നായി. നീറ്റ് പരീക്ഷയ്ക്കെതിരേ നിയമപോരാട്ടം നടത്തിയ അനിത 2017-ലാണ് ജീവനൊടുക്കിയത്. കഴിഞ്ഞവര്‍ഷം വിഘ്നേഷ് എന്ന വിദ്യാര്‍ഥിയും ജീവനൊടുക്കി.
മുഖ്യമന്ത്രി അനുശോചിച്ചു
ചെന്നൈ: അരിയലൂരില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥിനി കനിമൊഴിയുടെ മരണത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അനുശോചിച്ചു. ഭാവിയില്‍ ഇത്തരത്തിലുള്ള അനുശോചനക്കുറിപ്പിന് ഇടവരാത്ത സാഹചര്യം സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ വിദ്യാര്‍ഥികളുടെ മെഡിക്കല്സ്വപ്നം തകര്‍ക്കുന്ന നീറ്റ് പരീക്ഷയെ തുടക്കംമുതല്‍ എതിര്‍ക്കുന്നുണ്ട്. നിയമപോരാട്ടവും തുടങ്ങി. ബി.ജെ.പി. ഒഴികെയുള്ള പാര്‍ട്ടികളുടെ പിന്തുണയോടെ നിയമസഭയില്‍ നീറ്റിനെതിരേ ബില്‍ പാസാക്കി. ബില്ലിന് രാഷ്ട്രപതിയുടെ അനുമതിലഭിച്ച് നീറ്റ് പരീക്ഷ പൂര്‍ണമായി നീക്കുന്നതുവരെ ഈ നിയമപോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയമുണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്നു. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് മനോധൈര്യം നല്‍കണം. കുട്ടികള്‍ ജീവനൊടുക്കുന്നത് തടുക്കണം. നിയമപോരാട്ടംവഴിതന്നെ നീറ്റിനെ തുരത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കും
ചെന്നൈ: നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുമെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന് അറിയിച്ചു. പരീക്ഷാപ്പേടിയില്‍ ഈവര്‍ഷം രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് തീരുമാനം.
മൊബൈല്‍ ഫോണ്‍വഴി സൈക്കോളജിസ്റ്റുകളുടെ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ 104 എന്ന ഹെല്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെട്ട് സഹായം തേടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..