അറിയാതെ ഒറ്റക്കുത്ത്, പിന്നെ മയക്കവും അവശതയും, ലക്ഷ്യം യുവതികള്‍; യൂറോപ്പിനെ ഞെട്ടിച്ച് സൂചി ആക്രമണം


ബാറിലും നിശാക്ലബുകളിലും എത്തുന്നവര്‍ക്ക് നേരേയാണ് സൂചി ആക്രമണം വ്യാപകമായി നടക്കുന്നത്. പ്രധാനമായും യുവതികളെയും പെണ്‍കുട്ടികളെയുമാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്.

പ്രതീകാത്മക ചിത്രം | Photo: Getty Images

ബ്രിട്ടനിലും യൂറോപ്പിലും സൂചി ആക്രമണം വ്യാപകമാവുന്നതായി റിപ്പോര്‍ട്ട്. ബാറുകളിലും നിശാക്ലബുകളിലും രഹസ്യമായി ശരീരത്തില്‍ ചില മരുന്ന് കുത്തിവെയ്ക്കുന്ന സംഭവങ്ങളാണ് അടുത്തിടെയായി വര്‍ധിച്ചിരിക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ ഇതുവരെ ഫ്രാന്‍സില്‍ മാത്രം ഇത്തരത്തിലുള്ള മുന്നൂറിലേറെ പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഈ കേസുകളിലൊന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സൂചി ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഇത്തരം സംഭവങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബാറിലും നിശാക്ലബുകളിലും എത്തുന്നവര്‍ക്ക് നേരേയാണ് സൂചി ആക്രമണം വ്യാപകമായി നടക്കുന്നത്. പ്രധാനമായും യുവതികളെയും പെണ്‍കുട്ടികളെയുമാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്. ശരീരത്തില്‍ സൂചി കൊണ്ട് കുത്തിവെയ്ക്കുന്നത് പലരും അറിഞ്ഞിരുന്നില്ല. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോഴാണ് കുത്തിവെച്ചതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. ഇത്തരം ആക്രമണത്തിന് ഇരയായ പലര്‍ക്കും ഓര്‍മക്കുറവും കുത്തിവെപ്പ് കാരണമുണ്ടായ മുറിവുകളും ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബ്രിട്ടനിലെ സ്റ്റാഫോര്‍ഡില്‍ കൂട്ടുകാര്‍ക്കൊപ്പം ബാറില്‍ പോയ ഇവ കീലിങ് തനിക്ക് നേരേയുണ്ടായ സൂചി ആക്രമണത്തെക്കുറിച്ച് കഴിഞ്ഞദിവസം 'വാഷിങ്ടണ്‍ പോസ്റ്റി'നോട് പ്രതികരിച്ചിരുന്നു. ബ്രിട്ടനിലും യൂറോപ്പിലും സൂചി ആക്രമണത്തിന് ഇരയായ നൂറുകണക്കിന് പേരില്‍ ഒരാള്‍ മാത്രമാണ് ഇവ കീലിങ്. ബാറില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയസമയത്താണ് അജ്ഞാതന്‍ ഇവയുടെ ശരീരത്തില്‍ സൂചി കൊണ്ട് ആക്രമണം നടത്തിയത്.

'അല്പം ശുദ്ധവായു കിട്ടാനായാണ് ബാറിന് പുറത്തിറങ്ങിയത്. അപ്പോളാണ് എനിക്ക് ശരീരത്തിന്റെ നിയന്ത്രണം നഷ്ടമായത്. നടക്കാനോ സംസാരിക്കാനോ എന്തിന്, തല ഉയര്‍ത്താന്‍പോലും കഴിഞ്ഞില്ല. എല്ലായിടത്തും ഞാന്‍ ഛര്‍ദിക്കുകയായിരുന്നു' - ഇവ പറഞ്ഞു.

ഏപ്രിലിലാണ് ഈ സംഭവം നടന്നതെങ്കിലും ഇപ്പോഴും അതിന്റെ അസ്വസ്ഥകള്‍ തുടരുന്നതായാണ് ഇവയുടെ പ്രതികരണം. കൈയില്‍ സൂചി കൊണ്ട് കുത്തേറ്റത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ എച്ച്.ഐ.വി. പരിശോധന അടക്കം എല്ലാവിധ രക്തപരിശോധനകളും നടത്തിയിരുന്നു. വൃത്തിഹീനമായ സൂചി കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇവയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. ഇതാണ് കുത്തേറ്റ ഭാഗത്ത് അണുബാധയേല്‍ക്കാനും തടിച്ചുവീര്‍ക്കാനും കാരണമായതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

ഫ്രാന്‍സിലെ ലിയോണില്‍ കഴിഞ്ഞ മാസം സൂചി ആക്രമണത്തിന് ഇരയായ നില്‍സ് മാര്‍സോള്‍ഫ് എന്ന 21-കാരനും തനിക്കുണ്ടായ ദുരനുഭവം 'വാഷിങ്ടണ്‍ പോസ്റ്റി'നോട് വെളിപ്പെടുത്തി. ഒരു അജ്ഞാതന്‍ തനിക്ക് നേരേ വന്നതിന് പിന്നാലെ താന്‍ പോക്കറ്റുകള്‍ തപ്പിനോക്കിയെന്നും അപ്പോഴാണ് കൈയില്‍ ഒരു അടയാളം കണ്ടതെന്നും നില്‍സ് പറഞ്ഞു. തുടര്‍ന്ന് ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോഴാണ് സൂചി കൊണ്ട് കുത്തേറ്റ പാടാണെന്ന് തിരിച്ചറിഞ്ഞത്. അക്കാര്യം ഉള്‍ക്കൊള്ളാന്‍ താന്‍ ഏറെ പ്രയാസപ്പെട്ടെന്നും ആ സംഭവത്തിന് ശേഷം നിശാക്ലബുകളില്‍ പോകുന്നത് താന്‍ ഒഴിവാക്കിയിരിക്കുകയാണെന്നും യുവാവ് വിശദീകരിച്ചു.

മറ്റൊരു യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലും സമാനരീതിയിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫുട്‌ബോള്‍ മത്സരത്തിനിടെയും പ്രൈഡ് ഫെസ്റ്റിവലിലും അടക്കം സൂചി ആക്രമണങ്ങള്‍ അരങ്ങേറിയെന്നാണ് ബെല്‍ജിയത്തില്‍നിന്നുള്ള റിപ്പോര്‍ട്ട്. നിശാക്ലബുകളിലും ഇത്തരം ആക്രമണങ്ങള്‍ വ്യാപകമായിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

അതേസമയം, ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നാണോ സൂചി ആക്രമണത്തിലൂടെ കുത്തിവെയ്ക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. തലമുടി പോലെ നേര്‍ത്ത സൂചികള്‍ കൊണ്ടാണ് ആക്രമണം നടത്തുന്നതെന്നും ഇത് ഓണ്‍ലൈനില്‍ സുലഭമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സൂചി ആക്രമണങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഇത്തരം ആക്രമണത്തിന് പിന്നിലെ പ്രേരണ എന്താണെന്നും അധികൃതര്‍ക്ക് ഇതുവരെ വ്യക്തമല്ല. കണ്ടുപിടിക്കാന്‍ ഏറെ ദുഷ്‌കരമായ കുറ്റകൃത്യമാണെന്നായിരുന്നു സൂചി ആക്രമണങ്ങളെക്കുറിച്ച് സാമൂഹികപ്രവര്‍ത്തകയായ ഡോണ്‍ ഡെയ്ന്‍സിന്റെ പ്രതികരണം. പാനീയങ്ങളില്‍ മയക്കുമരുന്നോ മറ്റോ കലര്‍ത്തുന്നതിന്റെ സമാനമായ ഫലങ്ങളാണ് സൂചി കൊണ്ടുള്ള ആക്രമണത്തിലും ഉണ്ടാകുന്നത്. എന്നാല്‍ അത്തരം കേസുകളെക്കാള്‍ വളരെക്കുറച്ച് മാത്രമേ സൂചി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ഡോണ്‍ ഡെയ്ന്‍സ് പറഞ്ഞു. ബ്രിട്ടനില്‍ ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ സജീവമായി ഇടപെടുന്ന വനിതയാണ് ഡോണ്‍.

സൂചി ആക്രമണത്തിന് പിന്നില്‍ പലവിധത്തിലുള്ള പ്രേരണകളുണ്ടാകാമെന്നാണ് ഡോണ്‍ ഡെയ്ന്‍സിന്റെ വിലയിരുത്തല്‍. അതിക്രമം, ബലാത്സംഗം, മനുഷ്യക്കടത്ത്, അല്ലെങ്കില്‍ വ്യക്തിവിരോധം തുടങ്ങിയവയെല്ലാം ഇതിനുപിന്നിലുള്ള കാരണമാകാമെന്നും അവര്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ബാര്‍ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സൂചി ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഫ്രാന്‍സിലെ പലയിടത്തും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ട്രാസ്‌ബേര്‍ഗില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത എട്ടുപേര്‍ക്ക് നേരെയാണ് അടുത്തിടെ സൂചി ആക്രമണമുണ്ടായത്. ഈ സംഭവത്തിലും പോലീസിന്റെ അന്വേഷണം തുടരുകയാണ്. അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ മുന്നോട്ടുവരണമെന്നും വിവരം കൈമാറണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.


Content Highlights: needle spiking cases reported in britain and europe

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented