ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവർ എൻ.സി.ബി. ഓഫീസിൽ ഹാജരാകാൻ എത്തിയപ്പോൾ | Photo: PTI
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ചോദ്യംചെയ്യലിന് വിധേയരായ നടിമാർക്കൊന്നും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധകപൂർ, സാറ അലി ഖാൻ തുടങ്ങിയവർക്ക് ക്ലീൻചിറ്റ് നൽകിയെന്ന റിപ്പോർട്ടുകൾ എൻ.സി.ബി. നിഷേധിച്ചു. ഈ റിപ്പോർട്ടുകൾ സത്യവും വസ്തുതകളും ഇല്ലാത്തതാണെന്നും എൻ.സി.ബി. വൃത്തങ്ങൾ അറിയിച്ചു.
ദീപിക പദുക്കോൺ അടക്കമുള്ളവരെ ചോദ്യംചെയ്തശേഷം ഇവർക്ക് എൻ.സി.ബി. ക്ലീൻചിറ്റ് നൽകിയെന്നായിരുന്നു ചില റിപ്പോർട്ടുകളിലുണ്ടായിരുന്നത്. ചോദ്യംചെയ്യലിന് ഹാജരായപ്പോൾ തങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു നടിമാരുടെ മൊഴി. വാട്സാപ്പ് ചാറ്റുകളിൽ ഉപയോഗിച്ചിരുന്ന 'മാൽ, വീഡ്, ഹാഷ്, ഡൂബ്' തുടങ്ങിയ വാക്കുകൾ വിവിധ സിഗരറ്റുകളെ ഉദ്ദേശിച്ചായിരുന്നെന്ന് ദീപിക പദുക്കോണും മുൻ മാനേജറായ കരിഷ്മ പ്രകാശും മൊഴി നൽകിയിരുന്നു. മെലിഞ്ഞതും ഉയർന്ന നിലവാരവുമുള്ള സിഗരറ്റിനെയാണ് മാൽ എന്ന് വിശേഷിപ്പിച്ചിരുന്നതെന്നും വലിയ സിഗരറ്റുകളെയാണ് ഡൂബ് എന്ന് വിളിച്ചിരുന്നതെന്നും ഇവർ പറഞ്ഞിരുന്നു. ഇരുവരെയും വ്യത്യസ്ത മുറികളിലിരുത്തി ചോദ്യംചെയ്തിട്ടും ഒരേകാര്യങ്ങൾ ആവർത്തിച്ചെന്നാണ് വിവരം.
അതേസമയം, ചോദ്യംചെയ്യലിന് മുമ്പ് മൂന്ന് സിനിമാതാരങ്ങൾക്ക് വിദഗ്ധമായ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് എൻ.സി.ബി.യുടെ സംശയം. ഹാജരാകുന്നതിന് മുമ്പ് ഒരു മുതിർന്ന അഭിഭാഷകൻ ഇവർക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു ഈ താരങ്ങൾ എൻ.സി.ബി. ഉദ്യോഗസ്ഥരോട് പറഞ്ഞത്. അതിനിടെ, കരൺ ജോഹറിനെതിരേ മൊഴി നൽകാൻ എൻ.സി.ബി. സമ്മർദം ചെലുത്തിയെന്ന ആരോപണവും കഴിഞ്ഞദിവസം വലിയ ചർച്ചയായിരുന്നു. മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലുള്ള ക്ഷിതിജ് രവി പ്രസാദിന്റെ അഭിഭാഷകനാണ് എൻ.സി.ബി. ഉദ്യോഗസ്ഥർക്കെതിരേ ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ ക്ഷിതിജിന്റെ അഭിഭാഷകൻ പറഞ്ഞ കാര്യങ്ങൾ അസത്യങ്ങളാണെന്നായിരുന്നു എൻ.സി.ബി. വൃത്തങ്ങളുടെ പ്രതികരണം.
Content Highlights:ncb says they didnt given clean chit to actors deepika padukone sara ali khan and others
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..