കൂട്ടബലാത്സംഗം ചെയ്‌തെന്ന് 19-കാരി, അന്വേഷിക്കാനിറങ്ങിയത് 1000 പോലീസുകാര്‍; നാടകം പൊളിഞ്ഞു


പ്രതീകാത്മക ചിത്രം|PTI

നാഗ്പുര്‍: വ്യാജ കൂട്ടബലാത്സംഗ പരാതി നല്‍കി 19-കാരി പോലീസിനെ വട്ടംകറക്കിയത് മണിക്കൂറുകള്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.

വാനിലെത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയെന്നും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതോടെ നഗരത്തിലെ പോലീസ് സേന ഒന്നാകെ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോള്‍ വ്യാജ പരാതി നല്‍കാനിടയായതിന്റെ കാരണവും വ്യക്തമായി. കാമുകനെ വിവാഹം കഴിക്കാനായാണ് ഇത്തരമൊരും നാടകം കളിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ വ്യാജ ബലാത്സംഗ പരാതി നല്‍കി എങ്ങനെയാണ് കാമുകനെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടതെന്ന് ഇതുവരെ വ്യക്തമല്ല. ഇതുസംബന്ധിച്ച് പോലീസും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് 19-കാരി നാഗ്പുരിലെ കലാമ്‌ന പോലീസ് സ്‌റ്റേഷനില്‍ എത്തുന്നത്. രാവിലെ സംഗീതപഠന ക്ലാസിലേക്ക് പോകുന്നതിനിടെ ചിഖാലി സ്‌ക്വയറിന് സമീപം വെളുത്തനിറത്തിലുള്ള വാനിലെത്തിയ രണ്ടുപേര്‍ വഴി ചോദിച്ചെന്നും ഇവര്‍ തന്നെ വാനിലേക്ക് പിടിച്ചുവലിച്ച് കയറ്റിയെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നും പിന്നീട് മറ്റൊരിടത്ത് ഇറക്കിവിട്ടെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതി കേട്ടതോടെ പോലീസ് സംഘം ഉടനടി ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കലാമ്‌ന പോലീസ് പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരം സിറ്റി പോലീസിനും മറ്റു സ്‌റ്റേഷനുകളിലേക്കും കൈമാറി.

പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയായതിനാല്‍ പോലീസ് കമ്മീഷണറടക്കം കേസില്‍ ഇടപെട്ടു. നാഗ്പുര്‍ കമ്മീഷണര്‍ അമിതേഷ് കുമാര്‍, അഡീഷണല്‍ കമ്മീഷണര്‍ സുനില്‍ ഫുലരി തുടങ്ങിയ ഉദ്യോഗസ്ഥര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കുതിച്ചെത്തി.

വിപുലമായ അന്വേഷണം, പരിശോധിച്ചത് 250-ലേറെ സിസിടിവികള്‍

പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിന് പിന്നാലെ 40 പ്രത്യേക സംഘങ്ങളെയാണ് പോലീസ് കമ്മീഷണര്‍ അന്വേഷണത്തിനായി നിയോഗിച്ചത്. ഏകദേശം ആയിരത്തിലേറെ പോലീസുകാര്‍ ഇതിലുള്‍പ്പെട്ടിരുന്നു. ഈ സംഘങ്ങള്‍ നഗരത്തിലെ സിസിടിവി ക്യാമറകളും വാനുകളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഏകദേശം 250-ലേറെ സിസിടിവി ക്യാമറകളാണ് പോലീസ് പരിശോധിച്ചത്. പെണ്‍കുട്ടിയുടെ ചില സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യംചെയ്തു. ഇതിനിടെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി നഗരത്തിലെ മായോ ആശുപത്രിയിലേക്കും മാറ്റി.

മണിക്കൂറുകള്‍ പിന്നിട്ടു, പരാതി വ്യാജമെന്ന് പോലീസ്...

അന്വേഷണം ആരംഭിച്ച് ഏകദേശം ആറ് മണിക്കൂറിന് ശേഷമാണ് കൂട്ടബലാത്സംഗ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയത്. ഇതിനിടെ ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. അമ്പതിലേറെ പേരെ ചോദ്യംചെയ്യുകയും ചെയ്തു.

പെണ്‍കുട്ടി നഗരത്തിലൂടെ നടന്നുപോയ സിസിടിവി ദൃശ്യങ്ങള്‍ ഓരോ ക്യാമറകളില്‍നിന്നും കൃത്യമായി ലഭിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. 9.50-നാണ് പെണ്‍കുട്ടി നാഗ്പുരിലെ വറൈറ്റി സ്‌ക്വയറില്‍ ബസിറങ്ങിയത്. 10 മണിക്ക് ഝാന്‍സി റാണി സ്‌ക്വയറിലേക്ക് നടന്നു. 10.15 ന് ആനന്ദ് ടാക്കീസ് സ്‌ക്വയറില്‍നിന്ന് ഓട്ടോറിക്ഷയില്‍ കയറി 10.25 ന് മായോ ആശുപത്രിയിലെത്തി. പിന്നീട് ഇവിടെനിന്ന് ഓട്ടോയില്‍ കയറി 10.54 ന് ചിഖാലി സ്‌ക്വയറില്‍ എത്തി. 11.04 ന് ഒരു പെട്രോള്‍ പമ്പിന് സമീപത്തുകൂടെ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.

ചോദ്യംചെയ്യല്‍, പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

കൂട്ടബലാത്സംഗം നടന്നതായി പറഞ്ഞ സമയത്തെല്ലാം പെണ്‍കുട്ടി നഗരത്തിലുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 19-കാരിയെ വിശദമായി ചോദ്യംചെയ്യാന്‍ പോലീസ് തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പരാതി വ്യാജമാണെന്നും കാമുകനെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നാടകം കളിച്ചതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനും വിരാമമായി. അതേസമയം, പെണ്‍കുട്ടിയുടെ പദ്ധതി എന്തായിരുന്നുവെന്നത് സംബന്ധിച്ച് പോലീസ് പൂര്‍ണമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: nagpur girl filed fake gangrape case to marry her boyfriend


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented