
Screengrab: Youtube.com|M PLANET
മൈസൂരു: വിവാഹത്തിനുമുന്നോടിയായി കാവേരീനദിയിൽ ഫോട്ടോ ഷൂട്ടിനെത്തിയ പ്രതിശ്രുതവധൂവരന്മാർ വെള്ളത്തിൽ വീണുമരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ കുട്ടവള്ളത്തിന്റെ ഉടമയുടെപേരിൽ പോലീസ് കേസെടുത്തു. കുട്ടവള്ളം ഉടമ മൂഗപ്പയുടെ പേരിലാണ് തലക്കാട് പോലീസ് കേസെടുത്തത്. മൈസൂരുവിലെ ടി. നരസിപൂരിനടുത്ത് തലക്കാട്ട് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.
മൈസൂരു ക്യാതമനഹള്ളി സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. ഈമാസം 22-ന് ഇവരുടെ വിവാഹം നടക്കാനിരിക്കയായിരുന്നു. അതിനിടെ മൈസൂരുവിൽനിന്നും ഫോട്ടോ ഷൂട്ടിനായി ഫെട്ടൊഗ്രഫർക്കും ഏതാനും ബന്ധുക്കൾക്കുമൊപ്പം തലക്കാടെത്തിയതായിരുന്നു.
മുളകൊണ്ടുണ്ടാക്കിയ കുട്ടവള്ളത്തിൽ ഫോട്ടോയെടുക്കാൻ കയറിയപ്പോഴായിരുന്നു അപകടം. വള്ളത്തിന്റെ നിലതെറ്റി ശശികല വെള്ളത്തിൽവീണു. ശശികലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചന്ദ്രുവും വെള്ളത്തിലകപ്പെട്ടു. കൂടെയുണ്ടായിരുന്നവർക്ക് ഇവരെ രക്ഷപ്പെടുത്താനായില്ല. നാട്ടുകാരും പോലീസും ഫയർ ബ്രിഗേഡുമാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ടി. നരസിപൂർ, കൊല്ലഗൽ ഭാഗങ്ങളിൽ കാവേരിനദിയിൽ വിനോദസഞ്ചാരികൾക്കായി കുട്ടവള്ളങ്ങൾ ഒരുക്കിനിൽക്കുന്നവർ നിരവധിപേരുണ്ട്. ലൈഫ് ജാക്കറ്റ് പോലെയുള്ള സുരക്ഷാമാർഗങ്ങളൊന്നുമില്ലാതെയാണ് കുട്ടവള്ളങ്ങളിൽ കയറി സഞ്ചാരികൾ പുഴയിൽ തുഴയാനിറങ്ങുന്നത്. അപകടം ക്ഷണിച്ചുവരുത്തുന്ന മാർഗമാണിത്. ഇത് അനധികൃതമായ പ്രവൃത്തിയാണെന്ന് പോലീസ് പറഞ്ഞു. കുട്ടവള്ളത്തിൽ പുഴയിലിറങ്ങുന്നവർക്കെതിരേ കർശനനടപടിയുമായി അടുത്തിടെ കൊല്ലഗൽ പോലീസ് രംഗത്തെത്തിയിരുന്നു. കുട്ടവള്ളത്തിൽ കയറാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലഗൽഭാഗത്ത് മുന്നറിയിപ്പുബോർഡുകളും സ്ഥാപിച്ചിരുന്നു.
Content Highlights:mysuru couple died during photo shoot police registered case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..