മീററ്റ്: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ 17 പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്‌കൂള്‍ മാനേജറായ യോഗേഷ് കുമാറാണ് അറസ്റ്റിലായത്. കേസില്‍ മൊഴി നല്‍കാനായി ഇരകളായ രണ്ട് പെണ്‍കുട്ടി പോലീസ് കോടതിയില്‍ ഹാജരാക്കി. ഇതില്‍ ഒരാളുടെ മൊഴി രേഖപ്പെടുത്തി.
നവംബര്‍ 17നാണ് കേസിന് ആസ്പദമായ സംഭവം. സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരുപറഞ്ഞാണ് വിദ്യാര്‍ഥിനികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയത്. പിറ്റേദിവസം മറ്റൊരു സ്‌കൂളില്‍വെച്ച് പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും പറഞ്ഞാണ് കുട്ടികളോട് സ്‌കൂളിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് രാത്രി സ്‌കൂളില്‍ താമസിപ്പിക്കുകയും ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം.
അന്നുരാത്രി സ്‌കൂളില്‍ തങ്ങിയ വിദ്യാര്‍ഥികള്‍ പിറ്റേദിവസമാണ് വീടുകളില്‍ തിരിച്ചെത്തിയത്. രാത്രിയില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരേയാണ് മുസാഫര്‍നഗര്‍ പോലീസ് കേസെടുത്തിരുന്നത്.
സംഭവത്തില്‍ തങ്ങളുടെ പരാതി അവഗണിച്ചുവെന്നും കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ പുര്‍കാസി പോലീസ് വീഴ്ചവരുത്തിയെന്നും ഇരകളായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല നടപടി ആരംഭിക്കുകയും ചെയ്തിരുന്നു.
content highlights: muzaffarnagar school molestation case: manager of institute arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..