Screengrab: Mathrubhumi News
തിരുവനന്തപുരം: കിണര്‍ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളിയുടെ മേല്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ ശ്രമം. ധനുവച്ചപുരം സ്വദേശി ഷൈന്‍കുമാറിനെയാണ് സുഹൃത്ത് ബിനു പാറക്കല്ല് ദേഹത്തിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഷൈന്‍കുമാറിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല ഉദിയന്‍കുളങ്ങരയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
തൊഴിലാളികളായ ഷൈന്‍കുമാറും ഭുവനചന്ദ്രനും കിണര്‍ കുഴിക്കുന്നതിനിടെയാണ് കല്ലിട്ട് കൊലപ്പെടുത്താനുള്ള ശ്രമമുണ്ടായത്. ഷൈന്‍കുമാറും ഭുവനചന്ദ്രനും കിണറിനുള്ളിലായിരുന്നു. ഈ സമയം ഇവിടെയെത്തിയ ബിനു കിണറിന് മുകളില്‍നിന്ന് വലിയ പാറക്കല്ല് ഷൈന്‍കുമാറിന്റെ ദേഹത്തേക്കിടുകയായിരുന്നു. കല്ല് വീണ് ഷൈന്‍കുമാറിന്റെ കൈയിലാണ് പരിക്കേറ്റത്. പരിക്കേറ്റയുടന്‍ ഷൈന്‍കുമാര്‍ കിണറിനുള്ളില്‍ തളര്‍ന്നുവീണു. ഇതോടെ പരിഭ്രാന്തിയിലായ ഭുവനചന്ദ്രനും നാട്ടുകാരും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ഷൈന്‍കുമാറിനെ പുറത്തേക്ക് എത്തിച്ചത്.
ഷൈന്‍കുമാറും ബിനും സുഹൃത്തുക്കളും ഒരുമിച്ച് ജോലിചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ കൂലി സംബന്ധിച്ച തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകശ്രമത്തിന് പിന്നിലെ കാരണമെന്നും പോലീസ് പറഞ്ഞു.
Content Highlights: murder attempt while digging well in parassala thiruvananthapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..