പരിക്കേറ്റ കുഴിക്കാട്ടെ എം.ടി.സഹല
മാതമംഗലം: കഴിഞ്ഞയാഴ്ച മാതമംഗലം ടൗണില്‍ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികള്‍ ആക്രമിച്ച യൂത്ത്ലീഗ് നേതാവിനും സഹോദരിക്കുംനേരേ വധശ്രമം. തിങ്കളാഴ്ച രാവിലെയാണ് യൂത്ത്ലീഗ് എരമം-കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റും മാതമംഗലത്തെ വ്യാപാരിയുമായ അഫ്സല് കുഴിക്കാടിനെയും സഹോദരി എം.ടി.സഹലയെയും കൊടുവാളുമായി ആക്രമികള്‍ പിന്തുടര്ന്നത്. പരിക്കേറ്റ സഹലയെ തളിപ്പറമ്പിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ബിരുദവിദ്യാര്‍ഥിയായ സഹലയെ കോളേജിലേക്ക് കാറില്‍ കൊണ്ടുപോകുമ്പോഴാണ് അക്രമികള്‍ പിന്തുടര്ന്നത്. കാര്‍ മാതമംഗലത്തെത്തിയപ്പോള് നേരത്തേ തന്നെ ആക്രമിച്ച കേസിലെ പ്രതിയും മറ്റൊരാളും രണ്ട് ബൈക്കുകളിലായി പിന്തുടര്ന്നുവെന്നാണ് അഫ്സല് പോലീസിന് നല്കിയ മൊഴി.
പാണപ്പുഴ ജങ്ഷനില്‍ കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോള്‍ ബൈക്കുകള്‍ കാറിന് സമീപം നിര്‍ത്തി, അഫ്സലിനുനേരേ വടിവാള്‍ വീശി. സഹോദരിയുടെ കൈക്ക് കയറിപ്പിടിച്ചു. സഹലയുടെ കൈമുട്ടിന് പരിക്കേറ്റു. തുടര്‍ന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചന്തപ്പുര റോഡരികില്‍ പെരിങ്ങോം സ്റ്റേഷനിലെ പോലീസ് വാഹനം കണ്ടു. പോലീസ് ഓഫീസറോട് അക്രമികളെക്കുറിച്ച് പറഞ്ഞപ്പോള്‍ മുന്നോട്ടുപോയ്ക്കൊള്ളാനും അക്രമികളെ തങ്ങള്‍ നോക്കിക്കൊള്ളാമെന്നും പറഞ്ഞെങ്കിലും ചന്തപ്പുര വളവില്‍ എത്തുമ്പോഴും പിലാത്തറയിലും കോളേജ് വരെയും അക്രമികള്‍ പിന്തുടര്‍ന്നുവെന്ന് അഫ്സല് പറഞ്ഞു.
സഹോദരിയെ കോളേജില്‍ ഇറക്കി മടങ്ങുമ്പോഴും അക്രമികള്‍ പിന്തുടരുന്നുണ്ടായിരുന്നു. പിന്നീട് പരിയാരം പോലീസ് സ്റ്റേഷനില്‍ കാറുമായി അഭയം തേടി. സംഭവത്തില്‍ പരിയാരം പോലീസ് കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..