-
മുംബൈ: '12 മില്യൺ നൽകണം, അല്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും കൊല്ലും'- ചൈനയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന മുംബൈ സ്വദേശിക്ക് ലഭിച്ച ഇ-മെയിൽ സന്ദേശമായിരുന്നു ഇത്. ആദ്യം ഒരു ലക്ഷം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം വന്നത് കാര്യമാക്കാതിരുന്ന ഇദ്ദേഹം പുതിയ ഇ-മെയിൽ കണ്ടപ്പോൾ ശരിക്കും ഭയന്നു. ജൂലായ് 18-ന് ബോറിവിള്ളി പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പക്ഷേ, പോലീസും ക്രൈംബ്രാഞ്ചുമെല്ലാം ദ്രുതഗതിയിൽ കേസിൽ അന്വേഷണം നടത്തി കുറ്റവാളിയെ കണ്ടുപിടിച്ചപ്പോൾ ശരിക്കും ഞെട്ടിയത് പരാതിക്കാരനും കുടുംബവും.
പരാതിക്കാരന്റെ 12 വയസ്സുകാരിയായ മകളാണ് ഭീഷണി സന്ദേശങ്ങളുടെ പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. മാതാപിതാക്കൾ മൂന്ന് വയസ്സുള്ള സഹോദരനെ തന്നെക്കാളേറെ സ്നേഹിക്കുന്നതിനാൽ അവരെ ഒരു പാഠം പഠിപ്പിക്കാനാണ് ഇ-മെയിൽ അയച്ചതെന്നും പെൺകുട്ടി പറഞ്ഞു.
ഒരു ലക്ഷം ആവശ്യപ്പെട്ടാണ് മുംബൈ സ്വദേശിക്ക് ആദ്യ ഇ-മെയിൽ സന്ദേശം വന്നത്. പിന്നാലെ 12 മില്യൺ നൽകണമെന്നും ആമസോൺ പേയിലോ പേടിഎമ്മിലോ പണം നൽകാമെന്നും പണം നൽകിയില്ലെങ്കിൽ തങ്ങളുടെ ആളുകൾ മുംബൈയിലുണ്ടെന്നും അവർ നിങ്ങളെയും കുടുംബത്തെയും കൊല്ലുമെന്നുമുള്ള സന്ദേശവുമെത്തി. മൂന്നാമത്തെ ഇ-മെയിലിലും ഇതാവർത്തിച്ചു. ഇതോടെയാണ് ബോറിവിള്ളി പോലീസിൽ പരാതി നൽകിയത്. പോലീസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
ഇ-മെയിൽ സന്ദേശങ്ങൾ പരിശോധിച്ച അന്വേഷണ സംഘത്തിന് തുടക്കത്തിലേ പന്തികേട് തോന്നിയിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും ഏത് കറൻസിയിലാണെന്ന് വേണ്ടതൊന്നും സന്ദേശത്തിലുണ്ടായിരുന്നില്ല. പിന്നാലെ സൈബർ വിദഗ്ധർ ഇ-മെയിൽ വന്ന ഐ.പി. അഡ്രസ് പരിശോധിച്ചു. ഇതോടെയാണ് പരാതിക്കാരന്റെ ഐ.പി. അഡ്രസിലാണ് ഭീഷണി സന്ദേശമയച്ച ഇ-മെയിൽ ഐ.ഡി.യും നിർമിച്ചതെന്ന് കണ്ടെത്തിയത്.
പരാതിക്കാരന്റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് എല്ലാവരെയും ചോദ്യംചെയ്തു. ഇതിനിടെ 12-കാരിയായ മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധിച്ചിരുന്നു. തുടർന്ന് വനിതാ കോൺസ്റ്റബിൾ അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയെ ചോദ്യംചെയ്തതോടെയാണ് 12-കാരി കാര്യങ്ങൾ തുറന്നുപറഞ്ഞത്. എന്തായാലും കേസിലെ 'പ്രതിയെ' കണ്ടെത്തിയെങ്കിലും പോലീസ് അറസ്റ്റിലേക്കൊന്നും നീങ്ങിയില്ല. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കാനാണ് പോലീസ് നൽകിയ നിർദേശം.
Content Highlights:mumbai native got threaten emails police found his daughter behind the email
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..