ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍നിന്ന് പണം തട്ടാന്‍ മുംബൈ സംഘം


കാസര്‍കോട് ജില്ലയില്‍ മൂന്ന് പമ്പുകളിലാണ് സംഘം തട്ടിപ്പ് നടത്തിയത്. തുടര്‍ന്ന് കണ്ണൂരും കോഴിക്കോട്ടും തട്ടിപ്പ് തുടര്‍ന്നു.

-

പുതുക്കാട്: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍നിന്ന് പണം തട്ടുന്ന മുംബൈ സംഘം സംസ്ഥാനത്തും. വടക്കന്‍ ജില്ലകളില്‍ തട്ടിപ്പ് നടത്തിവന്ന സംഘം കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായി. എന്നാല്‍, പണം തിരികെ ലഭിച്ചെന്നും പരാതിയില്ലെന്നും തട്ടിപ്പിനിരയായ ഒരു പമ്പിന്റെ ഉടമ പറഞ്ഞതോടെ പോലീസ് കേസ് എടുക്കാതെ സംഘത്തെ വിട്ടു.

തട്ടിപ്പിന്റെ റൂട്ട് മാപ്പ്

കാസര്‍കോട് ജില്ലയില്‍ മൂന്ന് പമ്പുകളിലാണ് സംഘം തട്ടിപ്പ് നടത്തിയത്. തുടര്‍ന്ന് കണ്ണൂരും കോഴിക്കോട്ടും തട്ടിപ്പ് തുടര്‍ന്നു. അടുത്തദിവസം മലപ്പുറത്തും തട്ടിപ്പ് നടന്നതോടെ സംഘം തെക്കന്‍ ജില്ലകളിലേക്ക് നീങ്ങുന്നതായി മനസ്സിലാക്കിയ പമ്പുടമകളുടെ നീക്കമാണ് സംഘത്തെ കുടുക്കിയത്. മഹാരാഷ്ട്രയില്‍നിന്നുതന്നെ സംഘം തട്ടിപ്പ് തുടങ്ങിയിരിക്കാമെന്നാണ് കരുതുന്നത്.

തട്ടിപ്പിന് 'ഡിജിറ്റല്‍' വഴികള്‍

നാസിക് സ്വദേശികളാണ് അഞ്ചംഗസംഘം. ഇവര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ കാറും പോലീസ് പിടിച്ചെടുത്തിരുന്നു. മലപ്പുറത്തെ പമ്പ് ഉടമയാണ് തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. മലപ്പുറത്തെ പമ്പില്‍ സംഘം 500 രൂപയ്ക്ക് പെട്രോള്‍ നിറച്ചശേഷം പതിനായിരം രൂപ പമ്പുടമയോട് ആവശ്യപ്പെടുകയായിരുന്നു. ഈ തുക മെഷീനില്‍നിന്ന് സ്വയ്പ് ചെയ്ത് എടുക്കാനാണ് സംഘം ആവശ്യപ്പെട്ടത്. 10,000 നല്‍കാതെ പമ്പുടമ 5000 രൂപ നല്‍കി. 5500 രൂപ സ്വെയ്പ് ചെയ്‌തെടുത്തു.

എന്നാല്‍, പിന്‍നമ്പര്‍ അമര്‍ത്താന്‍ സ്വെയ്പിങ് മെഷീന്‍ വാങ്ങിയ സംഘം മെഷീനിലെ 'വോയ്ഡ് ഫെയില്‍' സംവിധാനത്തിലൂടെ പണമിടപാട് റദ്ദാക്കുകയും ആ രസീത് എടുത്ത് നല്‍കി കടന്നുകളയുകയുമായിരുന്നു. രസീത് സൂക്ഷ്മമായി നോക്കാതിരുന്നതിനാല്‍ തട്ടിപ്പ് പമ്പ് ജീവനക്കാര്‍ അറിഞ്ഞുമില്ല. പിന്നീട് രസീതി പരിശോധിച്ച പമ്പുടമ അക്കൗണ്ടില്‍നിന്ന് തുക നഷ്ടപ്പെട്ടകാര്യം അറിഞ്ഞയുടനെ പോലീസില്‍ പരാതിനല്‍കി. സമാനമായാണ് മറ്റിടങ്ങളിലും തട്ടിപ്പ് നടത്തിയത്.

പമ്പുടമകള്‍ ഒത്തുപിടിച്ചു, സംഘം കുടുങ്ങി

മലബാര്‍ ഭാഗത്ത് തട്ടിപ്പ് ആവര്‍ത്തിച്ചതോടെ പമ്പുടമകള്‍ ജാഗരൂകരായി. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി തട്ടിപ്പുകാരുടെ വീഡിയോ സഹിതം വിവരങ്ങള്‍ പങ്കുവെച്ചു. വ്യാഴാഴ്ച വൈകീട്ട് തൃശ്ശൂര്‍ ജില്ലയില്‍ ഇവരുടെ കാര്‍ ശ്രദ്ധയില്‍പ്പെട്ട ഒരു പമ്പുടമ വാഹനത്തെ പിന്തുടര്‍ന്ന്, പോലീസിന് വിവരം നല്‍കി.

ചാലക്കുടി ഹൈവേ പോലീസിന്റെ പരിധിയില്‍ എത്തിയ സംഘത്തെ കൊടകരയില്‍ പോലീസ് തടഞ്ഞു. എന്നാല്‍, വെട്ടിച്ചുകടന്ന സംഘത്തെ പുതുക്കാടുവെച്ച് പിടികൂടി. നിയമപരമായി കുറ്റകരമല്ലെങ്കിലും ഇന്ധനവില്‍പ്പനയ്ക്ക് മാത്രമേ തുക സ്വെയ്പ് ചെയ്യാവൂ എന്ന ബാങ്ക് നിര്‍ദേശം മറികടന്നാണ് പമ്പുകള്‍ ഉപഭോക്താവിന് പണം നല്‍കുന്നത്.

പോലീസിന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ്

പരാതിക്കാര്‍ പ്രതികളെ തിരിച്ചറിയാനെത്തിയപ്പോഴേക്കും പ്രതികളെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരന് തട്ടിയെടുത്ത തുക തിരിച്ചുനല്‍കാമെന്ന് സംഘം സമ്മതിച്ചു. മഹാരാഷ്ട്രയില്‍നടന്ന സമാനമായ സംഭവത്തില്‍ തട്ടിയെടുത്ത തുക ഇനിയും തിരിച്ചുകിട്ടിയിട്ടില്ലെന്ന വിവരം പമ്പുടമയെയും അങ്കലാപ്പിലാക്കി. അതോടെ നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടിയാല്‍ പരാതി പിന്‍വലിക്കാമെന്നായി അവര്‍.

ഹൈവേ പോലീസില്‍നിന്ന് പ്രതികളെ ഏറ്റുവാങ്ങിയ ലോക്കല്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രശ്‌നം ഒത്തുതീര്‍ന്നു. പരാതി പിന്‍വലിച്ചതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു എന്നും പുതുക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.എന്‍. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlights: Mumbai Gang To Use Debit Card To Extort Money From Petrol Pumps


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented