രാജശേഖരൻ
മണ്ണുത്തി: മുല്ലക്കരയിലെ വീട്ടിൽ വാതിൽ പൊളിച്ച് അകത്തുകയറി ഡോക്ടറെയും കുടുംബത്തെയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 32 പവൻ സ്വർണാഭരണങ്ങളും 80,000 രൂപയും കവർന്ന കേസിലെ ഒന്നാംപ്രതിയെ മണ്ണുത്തി പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. സേലം സ്വദേശി രാജശേഖരൻ ആണ് രണ്ടാഴ്ച മുമ്പ് പിടിയിലായത്.
ഇയാളെ കോയമ്പത്തൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. മണ്ണുത്തി പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ തൃശ്ശൂരിലെ കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി മണ്ണുത്തി പോലീസ് മുല്ലക്കരയിൽ എത്തിക്കുകയായിരുന്നു. ഇയാൾക്കെതിരേ തമിഴ്നാട്ടിലും കേരളത്തിലും നിരവധി മോഷണക്കേസുകൾ ഉണ്ട്.
കവർച്ച നടന്ന ദിവസം ദേശീയപാതയിൽ റോന്തുചുറ്റിയിരുന്ന മണ്ണുത്തി സ്റ്റേഷനിലെ മനോജിന്റെ ജാഗ്രതയാണ് നിർണായകമായ തെളിവ് ലഭിക്കുന്നതിന് സഹായകമായത്. ഡോക്ടറുടെ വീടിനു സമീപം കർണാടക രജിസ്‌ട്രേഷനിലുള്ള കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ട് മനോജ് ഡ്രൈവിങ് ലൈസൻസ് ആവശ്യപ്പെട്ടു. ലൈസൻസിന്റെ ഫോട്ടോ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇതാണ് വഴിത്തിരിവായത്.
സിറ്റി പോലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം വി.കെ. രാജുവിന്റെ നേതൃത്വത്തിൽ മണ്ണുത്തി സി.ഐ. ശശിധരൻപിള്ള, എസ്.ഐ. മാരായ പി.എം. രതീഷ്, സുരേഷ് കുമാർ, രാജൻ,ലാൽ കുമാർ, എന്നിവരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. കാർ ബെംഗളൂരുവിൽനിന്ന് മോഷ്ടിച്ചതാണെന്നും ഈ കാറിൽ സഞ്ചരിച്ച് കർണാടക, തമിഴ്‌നാട് ,കേരളം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സമാന രീതിയിലുള്ള കവർച്ചകൾ ഒരു മാസത്തിനുള്ളിൽ നടത്തിയിട്ടുണ്ടെന്നും തെളിഞ്ഞു.
തുടർന്ന് ഡ്രൈവിങ് ലൈസൻസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് മധുരയിലെ ഗുണ്ടാ ആക്രമണത്തിൽ ഒന്നര വർഷം മുൻപ് മരിച്ച കറുപ്പുസാമിയുടേതാണെന്നു കണ്ടെത്തി. ലൈസൻസ് കറുപ്പുസാമിയുടെ അമ്മാവന്റെ സുഹൃത്തായ പാണ്ടിദുരൈ മൂന്നുമാസം മുൻപ് വാങ്ങിച്ചുകൊണ്ടുപോയതാണെന്നും വ്യക്തമായി. പാണ്ടിദുരൈയെപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കവർച്ച സംഘത്തിൽ രാജശേഖരൻ അടക്കം നാലുപേരാണെന്നു വ്യക്തമായത്. കേസിലെ മറ്റു മൂന്നു പേർ ഒളിവിലാണ്.
Content Highlights: Mullakara robbery, accused driving license turning point for investigation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..