ഭർത്താവിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടത്തുന്നു | Screengrab: Youtube.com|Swaraj Express SMBC
ഭോപ്പാൽ: മധ്യപ്രദേശിലെ കോലാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഇരട്ടക്കൊലപാതകം. സംഭവത്തിൽ കോലാറിന് സമീപം ധമഖേഡയിൽ താമസിക്കുന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വർഷം മുമ്പ് ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ, ദിവസങ്ങൾക്ക് മുമ്പ് കാമുകനും ഭർത്താവിന്റെ സഹോദരനുമായ മോഹൻ എന്നയാളെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഒരു പുരുഷന്റെ മൃതദേഹം ഭോപ്പാലിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. പന്നികൾ കടിച്ചുപറിച്ച് വികൃതമായ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ധമഖേഡയിൽ താമസിക്കുന്ന മോഹനാണ് മരിച്ചതെന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് മോഹനൊപ്പം താമസിക്കുന്ന സഹോദരന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇതോടൊപ്പം അഞ്ചുവർഷം മുമ്പ് നടത്തിയ മറ്റൊരു കൊലപാതകവും സ്ത്രീ പോലീസിനോട് വിവരിച്ചു.
ഭർത്താവിന്റെ സഹോദരനായ മോഹനൊപ്പം ജീവിക്കാനായി അഞ്ച് വർഷം മുമ്പ് ഭർത്താവിനെയും കൊലപ്പെടുത്തിയെന്നാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്. മോഹനും താനും ചേർന്നാണ് ഭർത്താവിനെ കൊന്നത്. മൃതദേഹം വീട്ടിൽതന്നെ കുഴിച്ചിട്ടു. തുടർന്ന് മോഹനൊപ്പമായിരുന്നു താനും മകനും താമസിച്ചുവന്നതെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു. അടുത്തിടെ മോഹനുമായി വഴക്ക് പതിവായി. ഇതോടെയാണ് മകന്റെ സഹായത്തോടെ മോഹനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം നദിയിൽ ഉപേക്ഷിച്ചത് മകനാണെന്നും സ്ത്രീ പറഞ്ഞു.
സ്ത്രീയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അഞ്ച് വർഷം മുമ്പ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്താൻ പോലീസ് പരിശോധന നടത്തി. ഇവരുടെ വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഇത് പോസ്റ്റുമോർട്ടത്തിനായി അയച്ചെന്നും സ്ത്രീക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Content Highlights:mp woman killed her husband five years ago and now killed husbands brother
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..