മരിച്ചവരുടെ വീട്ടിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു, സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരും. ഇൻസെറ്റിൽ ആനി രഞ്ജിത്ത്, ലെനിൻ രഞ്ജിത്ത്, സുനിൽ രഞ്ജിത്ത്
കലവൂര്‍(ആലപ്പുഴ): മാരാരിക്കുളം തെക്കുപഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡില്‍ അമ്മയെയും രണ്ട് ആണ്‍മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോര്‍ത്തുശ്ശേരി കുന്നേല്‍വീട്ടില്‍ ആനി രഞ്ജിത്ത് (54), മക്കളായ ലെനിന്‍ രഞ്ജിത്ത് (അനില്‍ -36), സുനില്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും മക്കളുടെ അമിതമദ്യപാനംമൂലം തമ്മിലുണ്ടാകുന്ന വഴക്കില്‍ മനംനൊന്ത് ഇരുവര്‍ക്കും വിഷംനല്‍കി ആനി ജീവനൊടുക്കിയതാകാമെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനവും വഴക്കുമാണു മരണകാരണമെന്നാണ് സ്‌പെഷ്യല്‍ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
ആനിയെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മക്കളെ രണ്ടുമുറികളിലായി കട്ടിലില്‍ മലര്‍ന്നുകിടന്ന നിലയിലുമാണു കണ്ടെത്തിയത്. ആനി തൊഴിലുറപ്പു തൊഴിലാളിയും മക്കള്‍ മത്സ്യത്തൊഴിലാളികളുമാണ്. രണ്ടാഴ്ചത്തെ ജോലിക്കുശേഷം ശനിയാഴ്ചയാണ് കൊച്ചിയില്‍നിന്ന് ലെനിന്‍ വീട്ടിലെത്തിയത്.
രാത്രി സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടായതായും മദ്യപിച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നതു പതിവാണെന്നും അയല്‍വാസികള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ വീട്ടില്‍ ചിട്ടിപ്പണം പിരിക്കാന്‍ചെന്ന അയല്‍വാസിയായ യുവാവാണ് ആനി തൂങ്ങിനില്‍ക്കുന്നതു കണ്ടത്. പിന്നീട്, ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മക്കളെ മരിച്ചനിലയില്‍ കണ്ടത്. ആനിയുടെ ഭര്‍ത്താവ് രഞ്ജിത്ത് ഏഴുവര്‍ഷം മുന്‍പു ഹൃദ്രോഗം ബാധിച്ചാണ് മരിച്ചത്.
അമ്പലപ്പുഴ ഡിവൈ.എസ്.പി. എസ്.ടി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മണ്ണഞ്ചേരി എസ്.എച്ച്.ഒ. പി.കെ. മോഹിത്, ആലപ്പുഴ സൗത്ത് എസ്.എച്ച്.ഒ. എസ്. അരുണ്‍, മാരാരിക്കുളം എസ്.എച്ച്.ഒ. എസ്. രാജേഷ്, മണ്ണഞ്ചേരി എസ്.ഐ. കെ.ആര്‍. ബിജു എന്നിവര്‍ ചേര്‍ന്നു മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
തീരം നടുങ്ങി; അവരുടെ സങ്കടം ആനിയെക്കുറിച്ചോര്‍ത്ത്...
ആനി ആന്റി തൂങ്ങി നില്‍ക്കുന്നു... ബന്ധുവും അയല്‍ക്കാരിയുമായ റോസ്മേരിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണു സമീപവാസിയായ നാലുതൈക്കല്‍ അരളപ്പന്‍ ഓടിച്ചെന്നത്. അടുക്കള വാതില്‍ തുറന്നു കിടന്നിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോള്‍ തൊട്ടടുത്ത രണ്ടുമുറികളിലായി ആനിയുടെ മക്കളായ ലെനിനും സുനിലും കിടക്കുന്നു. ശരീരത്തു തൊട്ടപ്പോള്‍ തണുത്ത് വിറങ്ങലിച്ചിരുന്നു.
അപ്പോഴേക്കും കോര്‍ത്തുശ്ശേരി കുന്നേല്‍ വീട്ടുമുറ്റത്തേക്ക് പ്രദേശവാസികള്‍ എല്ലാവരും ഓടിക്കൂടിയിരുന്നു. 'ഇന്നാട്ടില്‍ ഇങ്ങനെ ഒരു സംഭവം ആദ്യമാണ്' എഴുപത്തിരണ്ടുകാരനായ അരളപ്പന്‍ പറഞ്ഞു. എല്ലാവരുടെയും മുഖത്ത് സങ്കടവും ദൈന്യതയും. ആനിയെക്കുറിച്ചാണ് എല്ലാവര്‍ക്കും സങ്കടം.
വൈകാതെ പോലീസെത്തി വീടിന്റെ നിയന്ത്രണം ഏറ്റെടുത്തു. സുനിലിന്റെ കാതില്‍നിന്ന് ഹെഡ്ഫോണ്‍ ഊരി കിടന്നിരുന്നു. സഹോദരങ്ങളുടെ കിടപ്പില്‍ അസ്വാഭാവികതയോ മറ്റ് അടയാളങ്ങളോ ഒന്നും തന്നെ പ്രഥമദൃഷ്ട്യാ പോലീസ് കണ്ടെത്തിയില്ല.
സമീപവാസിയായ വാഴക്കൂട്ടത്തില്‍ ബിനു ഞായറാഴ്ച രാവിലെ എട്ടരയോടെ ചിട്ടിപ്പണം വാങ്ങാന്‍ വന്നപ്പോള്‍ ആരുടെയും പ്രതികരണമില്ലാതെ വന്നപ്പോള്‍ ജനാലയിലൂടെ നോക്കിയപ്പോളാണ് ആനി തൂങ്ങിനില്‍ക്കുന്നതു കണ്ടത്.
റോസ്മേരിയെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നായ എത്തി അകത്തുനിന്നു മണം പിടിച്ച് അടുക്കളവശത്തും മുറ്റത്തുകൂടെയും ഓടി തിരികെ വീടിനകത്തു വന്നിരുന്നു.
'വിഷം കൊടുത്തു കൊല്ലും... ഞാനും ചാകും'
കലവൂര്‍: 'മക്കളെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ വന്നപ്പോ ആനിക്ക് ഇങ്ങനെ ചെയ്യണമെന്നു തോന്നിക്കാണും. അവന്മാരെക്കൊണ്ട് ആ പാവം കുറെ വിഷമിച്ചിട്ടുണ്ട്.' സമീപവാസികളായ ചില സ്ത്രീകളുടെ അടക്കം പറച്ചിലില്‍ കോര്‍ത്തുശ്ശേരി കുന്നേല്‍ വീട്ടില്‍ ആനിയുടെ ദുരന്തജീവിതമുണ്ട്.
ആനിയുടെ ഭര്‍ത്താവ് ഏഴുവര്‍ഷം മുന്‍പു മരിച്ചതാണ്. അതിനുശേഷം മക്കളായ ലെനിനിലും സുനിലിലുമായിരുന്നു പ്രതീക്ഷ. പക്ഷേ, ആനിക്ക് അവരില്‍നിന്ന് ഒരിക്കലും സന്തോഷം കിട്ടിയിരുന്നില്ലെന്നു സമീപവാസികള്‍ പറയുന്നു. മക്കളിലൂടെ സ്വസ്ഥത നശിച്ചപ്പോള്‍, ഇവന്മാര്‍ക്ക് വിഷം കലക്കിക്കൊടുത്തു ഞാന്‍ തൂങ്ങി മരിക്കുമെന്നു കഴിഞ്ഞയിടെ ആനി പരിസരവാസികളോടു പറഞ്ഞിരുന്നു.
രണ്ടുപേരും വീട്ടിലുള്ളപ്പോള്‍ ഒരുമിച്ചിരുന്നു മദ്യപിച്ച് അവസാനം തമ്മിലടിയായിരുന്നു. ശനിയാഴ്ചരാത്രിയും ലെനിനും സുനിലും ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം തമ്മില്‍ അടികൂടിയിരുന്നു. മദ്യപിച്ച് നാട്ടിലിറങ്ങി ഇരുവരും പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കിയിരുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.
മത്സ്യത്തൊഴിലാളികളായ ഇവര്‍ മുടങ്ങാതെ പണിക്കു പോകുമായിരുന്നു. പക്ഷേ, വീട് ബലക്ഷയം വന്നു തകര്‍ച്ചയുടെവക്കിലാണ്. പുനരുദ്ധാരണത്തിനു പഞ്ചായത്തില്‍നിന്നു പണം അനുവദിച്ചിട്ടുണെന്ന് വാര്‍ഡംഗം അഭിലാഷ് പറഞ്ഞു. പ്രായമേറെ ചെന്നെങ്കിലും മക്കള്‍ ആരും വിവാഹവും കഴിക്കാത്തതിലും ആനി വിഷമത്തിലായിരുന്നു.
പോലീസ് പൂട്ടിപ്പോയ കതക് തകര്‍ക്കാന്‍ ശ്രമം
കലവൂര്‍: അമ്മയും രണ്ട് ആണ്‍മക്കളും മരിച്ചനിലയില്‍ കണ്ടെത്തിയ വീട് പോലീസ് പൂട്ടിപ്പോയശേഷം കതക് തകര്‍ത്ത് അകത്തു കയറാന്‍ ശ്രമം. അയല്‍വാസികള്‍ കണ്ട് ഒച്ച വെച്ചപ്പോള്‍ യുവാവ് കടന്നു. വിവരം അറിഞ്ഞു മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തി. യുവാവിനായി തിരച്ചില്‍ നടത്തുമെന്ന് എസ്.ഐ. കെ.ആര്‍. ബിജു പറഞ്ഞു.
ഫോണ്‍വിളിയില്‍ അന്വേഷണം
ഞായറാഴ്ച പുലര്‍ച്ചേ ഒന്നരയോടെ ലെനിന്‍ ആരെയോ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കോള്‍ സ്വീകരിച്ചിട്ടില്ല. ഈ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഫോണ്‍ പരിശോധിച്ചപ്പോഴാണ് പോലീസിനു സംശയാസ്പദമായ രീതിയില്‍ ഈ കോള്‍ ശ്രദ്ധയില്‍പ്പെട്ടത്.
Content Highlights: mother and two sons found dead at their home in kalavoor alappuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..