Screengrab: Youtube,com| WIN NEWS
ചെന്നൈ: തമിഴ്നാട് മയിലാടുതുറൈയ്ക്ക് സമീപം അമ്മയെയും മകനെയും കൊലപ്പെടുത്തി വൻ സ്വർണക്കവർച്ച. സിർക്കാരി റെയിൽവേ റോഡിലെ ജൂവലറി ഉടമ ധൻരാജിന്റെ വീട്ടിലാണ് കൊലപാതകവും കവർച്ചയും നടന്നത്. ധൻരാജിന്റെ ഭാര്യ ആശ, മകൻ അഖിൽ എന്നിവരെയാണ് അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ ഒരാളെ പോലീസ് പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി. പ്രതികളായ ബാക്കി നാലു പേരും പോലീസിന്റെ പിടിയിലായി.
ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ജൂവലറി ഉടമയായ ധൻരാജിന്റെ വീട്ടിലേക്ക് ആയുധങ്ങളുമായി ഇരച്ചെത്തിയ അഞ്ചംഗ സംഘം ആശയെയും മകനെയും അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന 16 കിലോ സ്വർണവുമായി പ്രതികൾ രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഉടൻതന്നെ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി. ഇതിനിടെയാണ് മയിലാടുതുറൈയ്ക്ക് സമീപത്തെ ഇരിക്കൂർ എന്ന സ്ഥലത്ത് ഒരു വയലിൽ പ്രതികൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സംഘം ഇവിടേക്കെത്തുകയും പ്രതികളുമായി ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു.
അഞ്ചംഗ സംഘം പോലീസിന് നേരേ ആക്രമണം നടത്തിയതോടെയാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. ഇതിനിടെ, രാജസ്ഥാൻകാരനായ മണിപാൽ എന്നയാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. സംഘത്തിലെ മൂന്നു പേർക്ക് വെടിയേൽക്കുകയും ചെയ്തു. ഒരാളെ പരിക്കുകളൊന്നുമില്ലാതെ പിടികൂടി. ഇവരിൽനിന്ന് സ്വർണവും കണ്ടെടുത്തു.
കവർച്ചയ്ക്കും കൊലപാതകത്തിനും പിന്നിൽ രാജസ്ഥാനിൽനിന്നുള്ള സംഘമാണെന്നാണ് പോലീസ് പറയുന്നത്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ കവർച്ച നടത്തിയതെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണ്.
Content Highlights:mother and son killed in mayiladuthurai tamilnadu robbers fled with gold one killed later in encounter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..